ചൊവ്വയിലെ പാമ്പുപോലുള്ള ഘടനയിൽ പഠനത്തിന് റോവർ; ആ വെള്ളം എങ്ങനെ അപ്രത്യക്ഷമായി?
Mail This Article
ഭൂമി കഴിഞ്ഞാൽ മനുഷ്യർക്ക് ഏറ്റവും ശ്രദ്ധയുള്ള ഗ്രഹമാണ് ചൊവ്വ. ഭൂമിയുടെ അയൽപക്കത്തുള്ള ഈ ചുവന്നഗ്രഹത്തിൽ ഒരുകാലത്ത് ജലശ്രോതസ്സുകളുണ്ടായിരുന്നെന്ന ശക്തമായ അഭ്യൂഹം നിലനിൽക്കുന്നുണ്ട്. ഇപ്പോഴിതാ ഈ വിഷയത്തിൽ ഗഹനമായ പഠനത്തിനു തയാറെടുക്കുകയാണ് ക്യൂരിയോസിറ്റി. ചൊവ്വയിൽ പാമ്പിന്റെ ആകൃതിയിൽ കാണപ്പെടുന്ന ഗെഡിസ് വാലിസ് എന്ന ഘടനയിലൂടെ പഠനത്തിനു തയാറെടുക്കുകയാണ് റോവർ.
വെള്ളമൊഴുകിയിരുന്ന ഒരു പ്രാചീന കാലഘട്ടത്തിൽ നിന്ന് ഇന്നത്തെ വരണ്ട നിലയിലേക്ക് ചൊവ്വ എങ്ങനെ എത്തി എന്നുള്ള ഉത്തരമാണ് ക്യൂരിയോസിറ്റി തേടുന്നത്. വെള്ളമൊഴുകിയ ഒരു നദിയെ വഹിച്ച നിലയിലുള്ളതാണ് ഗെഡിസ് വാലിസ് ഘടന. കാറ്റ് കൊണ്ടുണ്ടായതാകാം ഇതെന്ന് വാദമുണ്ടായിരുന്നു. എന്നാൽ കാറ്റുകൊണ്ടു മാത്രം ഇത്തരമൊരു ഘടനയുണ്ടാകില്ലെന്നാണു വിലയിരുത്തൽ. ഒരു നദിയുടെ ഒഴുക്കോ മണ്ണിടിച്ചിലോ ആയിരിക്കാം ഇതിനു വഴിവച്ചത്.
രഹസ്യങ്ങൾ തിരയുന്ന പെഴ്സിവീയറൻസ്
2011 നവംബർ 26നു യുഎസിലെ ഫ്ലോറിഡയിലുള്ള കേപ് കാനവറാലിൽ നിന്നു വിക്ഷേപിക്കപ്പെട്ട റോവർ ദൗത്യമായ ക്യൂരിയോസിറ്റി 2012 ഓഗസ്റ്റ് ആറിനാണ് ചൊവ്വയിലെ ഗേൽ ക്രേറ്റർ മേഖലയിൽ ഇറങ്ങിയത്. 3 മീറ്റർ നീളവും 900 കിലോ ഭാരവുമുള്ള ക്യൂരിയോസിറ്റി, ചൊവ്വയിൽ ഇതുവരെ ഇറങ്ങിയിടുള്ളതിൽ ഏറ്റവും ഭാരമേറിയ റോവറാണ്. ആദിമകാലത്ത് ചൊവ്വയിൽ ജീവൻ നിലനിന്നിരിക്കാമെന്ന സാധ്യത മുന്നോട്ടു വയ്ക്കപ്പെട്ടത് ഈ റോവർ ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ്.പെഴ്സിവീയറൻസ് എന്ന മറ്റൊരു നാസാറോവറും ചൊവ്വയുടെ ജെസീറോ ക്രേറ്റർ മേഖലയിൽ രഹസ്യങ്ങൾ തിരയുന്നുണ്ട്.
തന്റെ റോബട്ടിക് കൈയുടെ അറ്റത്തുള്ള മാഴ്സ് ഹാൻഡ് ലെൻസ് ഇമേജർ ഉപയോഗിച്ചാണ് ക്യൂരിയോസിറ്റി ചിത്രം പകർത്തുന്നത്. ചൊവ്വയിൽ റോവർ എത്തിയിട്ട് ഇതിനോടകം 4257 ദിനങ്ങൾ പിന്നിട്ടു.കലിഫോർണയിയിലെ പസദേനയിലുള്ള നാസയുടെ ജെറ്റ് പ്രൊപ്പൽഷൻ ലബോറട്ടറിയാണ് ക്യൂരിയോസിറ്റി ദൗത്യത്തിനു നേതൃത്വം നൽകുന്നത്.
പ്രത്യേക തരം കാർബൺ സംയുക്തങ്ങൾ
കഴിഞ്ഞ കുറച്ചു വർഷങ്ങളിൽ ശ്രദ്ധേയമായ കണ്ടെത്തലുകൾ ക്യൂരിയോസിറ്റി നടത്തിയിരുന്നു. ചൊവ്വയിൽ കണ്ടെത്തിയ ചില സാംപിളുകളിൽ പ്രത്യേക തരം കാർബൺ സംയുക്തങ്ങൾ റോവർ കണ്ടെത്തി. ഭൂമിയിൽ ജീവനുമായി ബന്ധപ്പെട്ടുള്ളതാണ് ഈ സംയുക്തങ്ങൾ. ചൊവ്വയിൽ ജീവനുണ്ടെന്നുള്ളതിന്റെ സ്ഥിരീകരണമായി ഈ കണ്ടെത്തലിനെ കാണാൻ കഴിയില്ലെങ്കിലും ഇവ ജിജ്ഞാസയുണർത്തി.
ക്യൂരിയോസിറ്റി റോവർ അയച്ച ഒരു ചിത്രം ഇടയ്ക്ക് വൈറലായി. തുറന്ന പുസ്തകത്തിന്റെ ആകൃതിയിൽ കാണപ്പെട്ട ഒരു പാറായായിരുന്നു ആ ചിത്രത്തിലുണ്ടായിരുന്നത്. ടെറ ഫൈർമി എന്നാണ് ശാസ്ത്രജ്ഞർ ഈ പാറയ്ക്കു പേര് നൽകിയിരിക്കുന്നത്. 2.5 സെന്റിമീറ്റർ വീതിയുള്ള ഒരു ചെറിയ പാറയാണ് ഇത്.