ADVERTISEMENT

ലോകമെമ്പാടും കോടിക്കണക്കിനു പക്ഷികളെ കൊന്നൊടുക്കിയ പക്ഷിപ്പനി (bird flu)  വൈറസ് അമേരിക്കയിലെ എട്ടു സംസ്ഥാനങ്ങളിലെ പശുക്കളിൽ രോഗമുണ്ടാക്കിയതായുള്ള വാർത്ത അടുത്തിടെ പുറത്തു വന്നിരുന്നുവല്ലോ? ഏവിയൻ ഇൻഫ്ളുവൻസ വൈറസാണ് പക്ഷിപ്പനിയുണ്ടാക്കുന്നത്. മനുഷ്യനുള്ള ഭീഷണി നിലവിൽ വളരെ കുറവാണെങ്കിലും കാര്യങ്ങൾ ഉത്കണ്ഠയോടെ സസൂക്ഷ്മം നിരീക്ഷിക്കുകയാണ് ശാസ്ത്രലോകം. ഇതുവരെ ഒരാളിൽ മാത്രമാണ് പശുക്കളോടൊപ്പം പക്ഷിപ്പനി സ്ഥിരീകരിച്ചിട്ടുള്ളത്. പശുക്കളിൽ ആദ്യമായാണ് ഇത്രയും വ്യാപകമായി ബേർഡ് ഫ്ളൂ രോഗബാധയുണ്ടാകുന്നത്. ഫാമുകളിൽ പശുക്കളുമായി മനുഷ്യർ നിരന്തരം സമ്പർക്കം പുലർത്തുന്നതിനാൽ പശുക്കളിലെ രോഗബാധ മനുഷ്യരിലേക്കെത്താൻ അവസരങ്ങൾ ഏറെയുണ്ടെന്നതാണ് ഗവേഷകരെ ആശങ്കപ്പെടുത്തുന്നത്. 

മൊത്തത്തിൽ മനുഷ്യനുള്ള ഭീഷണി ഇതുവരെ കുറവാണെങ്കിലും വൈറസ് നമ്മെ അത്ഭുതപ്പെടുത്തുന്ന സ്വഭാവമുള്ളതായതിനാൽ അവ അടുത്തതെന്തു ചെയ്യുമെന്ന ആശങ്ക ആരോഗ്യ ഉദ്യോഗസ്ഥർ പങ്കുവെയ്ക്കുന്നുമുണ്ട്

നിലവിൽ രോഗമുണ്ടാക്കിയ വൈറസ് സ്ട്രെയിനിനെതിരെ കാൻഡിഡേറ്റ് വാക്സീനുകളും ആൻ്റിവൈറൽ മരുന്നുകളും എങ്ങനെ പ്രതികരിക്കുന്നു എന്നു പരിശോധിക്കുന്നതിനൊപ്പം മനുഷ്യനിലെ രോഗബാധ അതിവേഗം തിരിച്ചറിയാനുള്ള രോഗനിർണ്ണയ കിറ്റുകൾ പുതുക്കാനും ഡോക്ടർമാർ ശ്രദ്ധ വയ്ക്കുന്നു. പക്ഷികളിൽ നിന്നാണോ അതോ മറ്റേതെങ്കിലും സ്രോതസ്സിൽ നിന്നാണോ പശുക്കൾക്ക് രോഗബാധയേറ്റതെന്ന കാര്യവും അവർ പരിശോധിക്കുന്നുണ്ട്. മനുഷ്യനിൽ  രോഗബാധയുടെ സാധ്യതയേറ്റുന്ന ഏതു മാറ്റങ്ങളും സസൂക്ഷ്മം നിരീക്ഷിക്കുകയാണ് ആരോഗ്യ വിദഗ്ദർ ഇപ്പോൾ ചെയ്യുന്നത്.

വൈറസ് എവിടെയായിരുന്നു? ഇപ്പോൾ സംഭവിക്കുന്നതെന്ത്?

1996-ൽ ചൈനയിലാണ് പക്ഷികളിൽ H5N1  എന്ന ഇൻഫ്ളുവൻസ വൈറസ് സ്ട്രെയിൻ ആദ്യമായി കണ്ടെത്തിയത്. ലോകമെമ്പാടും കോടിക്കണക്കിനു വളർത്തു പക്ഷികളെയും കാട്ടു പക്ഷികളെയും  നിർദയം കൊന്നൊടുക്കി വൈറസ് ലോകമെങ്ങും സഞ്ചരിച്ചു.വലപ്പോഴും സീലുകൾ, കരടികൾ തുടങ്ങിയ സസ്തനികളിൽ അവ രോഗമുണ്ടാക്കി. പക്ഷികളെ ബാധിക്കുന്ന ഈ വൈറസുകൾക്ക് മേൽപ്പറഞ്ഞ സസ്തനികൾ കേവലം ‘ആക്സിഡന്റൽ ‘ ആതിഥേയരായിരുന്നു.കഴിഞ്ഞ മാർച്ച് 25  മുതലാണ് എട്ടു സംസ്ഥാനങ്ങളിലായി 18 പശുക്കൂട്ടങ്ങളിൽ നിന്ന് H5N1 കണ്ടെത്തിയത്. H5N1 വൈറസിനോട് സാമ്യമുള്ള ഫ്ളൂ വൈറസുകളെ ഒറ്റപ്പെട്ട സന്ദർഭങ്ങളിൽ പശുക്കളിൽ മുൻപ് കണ്ടെത്തിയിട്ടുണ്ടെങ്കിൽ ഇത്രയും വ്യാപകമായി രോഗം കാണപ്പെടുന്നത് ആദ്യമായാണ്. കൂടുതൽ സസ്തനികളിൽ പ്രവേശിക്കാനും രോഗബാധയുണ്ടാക്കാനുമുള്ള അവസരം ലഭിക്കുന്ന പക്ഷിപ്പനി വൈറസ് മനുഷ്യന് അപകടകരമായേക്കാവുന്ന ഒരു പുതിയ സ്ട്രെയിനായി പരിണമിക്കാനുള്ള സാധ്യതയാണ് ഗവേഷകരെ ആശങ്കപ്പെടുത്തുന്നത്.

Staff wearing protective clothing cull chickens in a Sham Shui Po market after the deadly H5N1 bird flu virus was found in samples collected from the market's poultry stalls in Hong Kong, on June 7, 2008. The government has ordered an immediate ban on all poultry imports from China.     AFP PHOTO/Andrew Ross (Photo by ANDREW ROSS / AFP)
Staff wearing protective clothing cull chickens in a Sham Shui Po market after the deadly H5N1 bird flu virus was found in samples collected from the market's poultry stalls in Hong Kong, on June 7, 2008. The government has ordered an immediate ban on all poultry imports from China. AFP PHOTO/Andrew Ross (Photo by ANDREW ROSS / AFP)

ടെക്സാസ് സംസ്ഥാനത്ത് പശുക്കളെ പരിപാലിക്കുന്ന  ഒരാൾക്ക് പക്ഷിപ്പനി ബാധയുണ്ടായെങ്കിലും അയാൾ രോഗവിമുക്തനായി വരുന്നുവെന്നാണ് യു.എസ് സെൻറേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷ ( CDC) പറയുന്നത്. രോഗബാധയേറ്റകൾക്കുണ്ടായിരുന്ന ലക്ഷണം കണ്ണിൽ നീർവീക്കം മാത്രമായിരുന്നു.മൂക്കിൽ വൈറസിന്റെ അളവ് വളരെ കുറവായിരുന്നുവെന്നു മാത്രമല്ല ശ്വാസകോശ രോഗബാധ ഉണ്ടായിരുന്നുമില്ല. രോഗബാധയേറ്റ ഡെയറി ഫാം പണിക്കാരനെ ബാധിച്ചത് ടെക്സാസിലെ പശുക്കളെ ബാധിച്ച വൈറസ് സ്ട്രെയിനിനോട് തികച്ചു സാമ്യമുള്ള വൈറസ് ആയിരുന്നെങ്കിലും ഒരു ചെറിയ വ്യത്യാസം ശ്രദ്ധിക്കപ്പെട്ടിരുന്നു. സസ്തനികളിലേക്ക് പകരാൻ സഹായിക്കുന്ന ഒരു ജനിതക വ്യതിയാനം (mutation) അതിനുണ്ടായിരുന്നു. മനുഷ്യരിൽ മാത്രമല്ല കുറുക്കൻമാരിലും പൂച്ചകളിലും ഇതിനു മുൻപും ഈ മാറ്റം കണ്ടിട്ടുണ്ടത്രേ!

 

വൈറസ് പശുക്കൾക്കിടയിൽ വ്യാപിക്കുന്നുണ്ടോ? ഉണ്ടെങ്കിൽ പ്രശ്നമെന്ത്?

പശുക്കൾക്ക് എങ്ങനെ രോഗബാധയുണ്ടായി എന്നതാണ് ഗവേഷകർ ഉത്തരം കണ്ടെത്താൻ ശ്രമിക്കുന്ന മുഖ്യവിഷയം. മറ്റു ഫാമുകളിലേക്കും മനുഷ്യരിലേക്കും രോഗം വ്യാപിക്കുന്നത് തടയണമെങ്കിൽ ഇതിനുള്ള ഉത്തരം കിട്ടണം. പശുക്കളിൽ നിന്ന് പശുക്കളിലേക്ക് രോഗം പകരുന്നുണ്ടെങ്കിൽ സസ്തനികളിൽ രോഗ പകർച്ചയുണ്ടാക്കാൻ വൈറസ് കഴിവ് നേടിയെന്ന് കരുതാം. നിരവധി ഫാമുകളിൽ രോഗം കണ്ടെത്തിയതിനാൽ രോഗം പശുക്കൾക്കിടയിൽ വ്യാപിക്കുന്നുവെന്നത് വ്യക്തമാണ്. 

Image Credit: Canva
Image Credit: Canva

ഒപ്പം കാട്ടു പക്ഷികൾ വഴിയല്ല ഫാമിൽ നിന്ന് ഫാമിലേക്കെത്തുന്നത് എന്നതും മനസിലാക്കാം. പശുക്കൾക്കിടയിൽ വൈറസ് പകരുന്ന വിധം കൃത്യമായി കണ്ടെത്തേണ്ടതും പ്രധാനമാണ്. വായുവിൽ കൂടിയാണോ മിൽക്കിങ്ങ് മെഷീനുകൾ വഴിയാണോ രോഗം പകരുന്നതെന്ന് കണ്ടെത്തണം. വ്യാപനത്തിൻ്റെ വേഗം അറിയണമെങ്കിൽ ഇക്കാര്യങ്ങൾ അറിയണം.കൂടാതെ ലോകമാകെ സാന്നിധ്യമുള്ള വൈറസ് ഇപ്പോൾ മാത്രം അതും അമേരിക്കയിലെ പശുക്കളിൽ മാത്രമെത്തി എന്നീ ചോദ്യങ്ങൾക്കും ഉത്തരം കണ്ടെത്തണം.

lab - 1

ഗവേഷകകരുടെ ആശങ്കകളെന്തെല്ലാം

പക്ഷിപ്പനി മനുഷ്യരിലേക്ക് വ്യാപകമായി പടരാനുള്ള സാധ്യത തീരെ കുറവു തന്നെയാണ്. എങ്കിലും H5N1 സാംപിളുകൾ ആഗോളതലത്തിൽ വളരെ സൂക്ഷ്മമായി പരിശോധിക്കപ്പെടുന്നുണ്ട്. സസ്തനികളിലേക്ക് എളുപ്പത്തിൽ പകരാൻ സഹായിക്കുന്ന ജനിതക വ്യതിയാനങ്ങൾ വൈറസിനുണ്ടാകുന്നുണ്ടോ എന്നതാണ് മുഖ്യ ആശങ്ക.മൂക്കിലെയും വായിലെയും കോശങ്ങളിൽ എളുപ്പം കയറിപ്പറ്റാൻ സാധിക്കാത്തതിനാൽ നിലവിൽ വൈറസിന് മനുഷ്യനിലെ വ്യാപനം ഒരു ബാലികേറാമലയാണ്. 

 ഈ പ്രതിബന്ധം മറികടക്കാൻ സഹായിക്കുന്ന ഒരു ജനിതകമാറ്റം അഥവാ മ്യൂട്ടേഷൻ സംഭവിച്ചാൽ അവർ ഈ കോശങ്ങളിൽ കടന്നു കൂടാനുള്ള കഴിവു സമ്പാദിച്ചേക്കുമെന്ന ഉൽകണ്ഠ ഗവേഷകർക്കുണ്ട്

പോളിമെറേയ്സ് ( polymerase) എന്ന എൻസൈം നിർമ്മിക്കാനുള്ള സന്ദേശം നൽകുന്ന വൈറസിൻ്റെ ജനിതകപദാർത്ഥത്തിലെ പ്രത്യേക ഭാഗമാണ് ഗവേഷകർ ശ്രദ്ധ പതിപ്പിക്കുന്ന പ്രധാന സ്ഥലം. ഈ എൻസൈമിൻ്റെ ഭാഗമാണ് സസ്തനികളിലേക്ക് കടന്നു കൂടാനുള്ള വൈറസിൻ്റെ  ഹോട്ട് സ്പോട്ട്. ആന്റി വൈറൽ മരുന്നുകളെ നിഷ്പ്രഭമാക്കാനുള്ള ശക്തി നൽകിയേക്കാവുന്ന വൈറസുകളുടെ ജനിതകമാറ്റങ്ങളും ശാസ്ത്രത്തിന്റെ സജീവ നിരീക്ഷണത്തിലാണ്.

പിൻകുറിപ്പ്

ഏതു മൃഗത്തിനു വന്നാലും പക്ഷിപ്പനി ബാധ പന്നികൾക്കു വരരുതെന്ന പ്രാർത്ഥനയാണ് വൈറോളജിസ്റ്റുകൾക്കുള്ളത്.നിരവധി ഇൻഫ്ളുവൻസ എ വൈറസുകളെ പാർപ്പിക്കുന്നവരാണ് പന്നികൾ. പക്ഷിപ്പനി വൈറസ് കൂടി കൂട്ടിനെത്തി എല്ലാവരും കൊടുക്കൽ വാങ്ങലുകൾ നടത്തി ഒടുവിൽ മനുഷ്യരിലേക്ക് പകരാൻ കഴിവുള്ള ഒരു വൈറസ് സ്ട്രെയിൻ ഉണ്ടാകുമോ എന്ന ഭയം പന്നികളുടെ കാര്യത്തിൽ ഗവേഷകർക്കുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com