സ്വപ്നപേടകവുമായി ചൈന! മെങ്സുവിലൂടെ 2030ൽ യാത്രികരെ ചന്ദ്രനിലെത്തിക്കാൻ പദ്ധതി
.jpg?w=1120&h=583)
Mail This Article
ആറു വർഷങ്ങൾക്കുശേഷം തങ്ങളുടെ യാത്രികരെ ചന്ദ്രനിലിറക്കാനുള്ള തീരുമാനത്തിലാണ് ചൈന. 2030ൽ ചന്ദ്രനിലേക്ക് ആളുകളെയെത്തിക്കുന്ന ചൈനീസ് ദൗത്യത്തിന്‌റെ ഭ്രമണപഥ പേടകം മെങ്‌സൂ എന്ന പേരിലാകും അറിയപ്പെടുകയെന്നും ചൈനീസ് ബഹിരാകാശ ഏജൻസി നിശ്ചയിച്ചു. ഇതിൽ നിന്നു യാത്രകരുമായി ചന്ദ്രൻ തൊടുന്ന ലാൻഡറിന്‌റെ പേര് ലാന്യുയി എന്നാണ്. ചന്ദ്രനെ പുണരുക എന്നാണ് ലാന്യുയിയുടെ അർഥം. ചൈനയിൽ ടാങ് രാജവംശകാലത്തുണ്ടായിരുന്ന കവിയായ ലിബായിയുടെ കാവ്യങ്ങളിലുള്ള വാക്കാണ് ഇത്.
മെങ്‌സൂ എന്ന വാക്കിനർഥം സ്വപ്‌ന വാഹനം എന്നാണ്. മൂന്ന് യാത്രികരെ ചന്ദ്രനിലെത്തിക്കാൻ കഴിവുള്ളതാണ് മെങ്‌സൂ ദൗത്യം. 2020 മുതൽ ദൗത്യത്തിന്‌റെ പ്രാഥമിക ഘട്ട പരീക്ഷണങ്ങൾ ചൈന നടത്തുന്നുണ്ട്. ആദ്യ പരീക്ഷണപ്പറക്കൽ 2027ൽ നടക്കും. ചൈന ഏയ്‌റോസ്‌പേസ് സയൻസ് ആൻഡ് ടെക്‌നോളജി കോർപറേഷനാണ് പേടകവും ലാൻഡറും തയാർ ചെയ്യുന്നത്. ഇവർ തന്നെ വികസിപ്പിക്കുന്ന ലോങ് മാർച്ച് 10 റോക്കറ്റിലാകും ദൗത്യത്തെ വഹിക്കുക.
ലോങ് മാർച്ച് 10 റോക്കറ്റ്, മെങ്‌സു ബഹിരാകാശ പേടകം, ചാന്ദ്ര ലാൻഡർ , ലൂണാർ ലാൻഡിങ് സ്യൂട്ടുകൾ എന്നിവയുൾപ്പെടെയുള്ളവയുടെ പ്രോഗ്രാമുകൾ പൂർത്തിയായതായി, ചൈന മാൻഡ് സ്‌പേസ് എന്‍ജിനിയറിങ് ഓഫീസ് ഡെപ്യൂട്ടി ഡയറക്ടർ ലിൻ സിക്വിയാങ് പറഞ്ഞു. പ്രോട്ടോടൈപ്പ് നിർമ്മാണവും പരിശോധനകളും നടക്കുകയാണെന്നും അദ്ദേഹം വിശദീകരിച്ചു.
രണ്ട് ലോങ് മാർച് 10 റോക്കറ്റുകൾ വിക്ഷേപിക്കാനാണ് ചൈനീസ് ചാന്ദ്രപദ്ധതി ലക്ഷ്യമിടുന്നത്. ഒന്നിൽ മെങ്‌സു പേടകവും മറ്റൊന്നിൽ ലാന്യുയിയുമുണ്ടാകും. ബഹിരാകാശത്തെത്തിയ ശേഷം ഇവ തമ്മിൽ ഡോക് ചെയ്യും. മെങ്‌സുവിലുള്ള 3 യാത്രികരിൽ രണ്ട് പേർ ഇതിനു ശേഷം ലാന്യയുിയിലേക്ക് കയറും. ഒരാൾ മെങ്‌സുവിൽ തന്നെ നിലകൊള്ളും. തുടർന്ന് ലാന്യുയി വേർപെട്ട് ചന്ദ്രനിലേക്കു പുറപ്പെടും. അവിടെ ലാൻഡിങ് നടത്തും.
തുടർന്ന് ചന്ദ്രോപരിതലത്തിലെ പര്യവേക്ഷണ-നിരീക്ഷണങ്ങൾ യാത്രികർ നടത്തും. ഇതിനു ശേഷം ലാൻഡർ യാത്രികരെയും കൊണ്ട് ഉയർന്നുപൊങ്ങി ഭ്രമണപഥത്തിലെത്തി മെങ്‌സുവുമായി വീണ്ടും ഡോക് ചെയ്യും. ഇതിനു ശേഷം ഇതു തിരിച്ചു ഭൂമിയിലേക്കു പുറപ്പെടും. ഏറെക്കുറെ അപ്പോളോ ദൗത്യത്തിലെ കമാൻഡ് മൊഡ്യൂൾ -ഈഗിൾ മൊഡ്യൂൾ സംവിധാനത്തിനു തുല്യമാണ് മെങ്‌സുവിന്‌റെ ഘടനയും.
പുതിയ ലോഞ്ച് ഇൻഫ്രാസ്ട്രക്ചറും ചൈന ഒരുക്കുകയാണ്. ഹൈനാൻ ദ്വീപിലെ വെൻചാങ്ങിൽ ചൈനയുടെ നിലവിലുള്ള തീരദേശ ബഹിരാകാശ പോർട്ടിന് സമീപമാണ് ഇത് നിർമ്മിക്കുന്നത്.