ADVERTISEMENT

ഒരുപാടു കുട്ടികളുടെ സ്വപ്ന ജോലികളിലൊന്നാണ് ബഹിരാകാശ സഞ്ചാരികളുടേത്. ഒരു ഭാരവുമില്ലാതെ പറന്നു നടക്കാനും അധികമാരും കാണാത്ത മനോഹര കാഴ്ച്ചകള്‍ കാണാനുമെല്ലാം ആഗ്രഹിക്കാത്തവര്‍ ആരുണ്ട്? ബഹിരാകാശ യാത്രികരുടെ ജീവിതം ഈ സ്വപ്‌നങ്ങള്‍ പോലെ അത്ര മനോഹരമല്ലെന്നാണ് ആറു മാസം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ കഴിഞ്ഞ കാതറിന്‍ കോള്‍മാന്‍ പറയുന്നത്. ഇതിന്റെ കാര്യ കാരണങ്ങള്‍ അവര്‍ വിശദീകരിക്കുന്നുമുണ്ട്. 

കാഡി എന്നറിയപ്പെടുന്ന കാതറിന്‍ കോള്‍മാന്‍ 2010ലാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ കഴിഞ്ഞത്. കെമിസ്റ്റായ അവര്‍ നാസയുടെ ബഹിരാകാശയാത്രികയായാണ് ഐഎസ്എസിലേക്കെത്തുന്നത്. ബഹിരാകാശ ജീവിതത്തെക്കുറിച്ച് പിന്നീട് അവര്‍ എഴുതി പ്രസിദ്ധീകരിച്ച ഷെയറിങ് സ്‌പേസ് എന്ന പുസ്തകത്തിലാണ് സ്‌പേസ് വാക്ക് ആയാലും ബഹിരാകാശത്തെ മറ്റു ജോലികളായാലും എത്രത്തോളം വെല്ലുവിളികള്‍ നിറഞ്ഞതാണെന്നു വിശദീകരിക്കുന്നത്. 

ചിത്രത്തിന് കടപ്പാട് :നാസ
ചിത്രത്തിന് കടപ്പാട് :നാസ

സ്‌പേസ് വോക്കിന്റെ സമയത്തും ബഹിരാകാശ നിലയത്തില്‍ നിന്നും പുറത്തിറങ്ങുമ്പോഴും ബഹിരാകാശ യാത്രികര്‍ പൂര്‍ണമായും സ്‌പേസ് സ്യൂട്ടിനേയാണ് ജീവന്‍ നിലനിര്‍ത്തുന്നതിനായി ആശ്രയിക്കുക. എല്ലാ ബഹിരാകാശ യാത്രികര്‍ക്കും ഉപയോഗിക്കാനാവുക ഒരേ തരം സ്‌പേസ് സ്യൂട്ടാണെന്ന് കാഡി പറയുന്നു. 2003ല്‍ ചെറിയ വലിപ്പത്തിലുള്ള സ്‌പേസ് സ്യൂട്ട് ഒഴിവാക്കാന്‍ നാസ തീരുമാനിച്ചതോടെ കാര്യങ്ങള്‍ കൂടുതല്‍ ബുദ്ധിമുട്ടിലായി. 

'അഞ്ച് അടി നാലിഞ്ചാണ് എന്റെ ഉയരം. ഒരുപാട് ചെറുതുമല്ല കൂടുതല്‍ ഉയരവുമില്ല. പുരുഷ ബഹിരാകാശ യാത്രികരുമായി താരതമ്യപ്പെടുത്തുമ്പോള്‍ എന്റെ കൈകള്‍ ചെറുതാണ്. പുരുഷന്മാരെ ഉള്‍ക്കൊള്ളാന്‍ പാകത്തിനുള്ളതായിരുന്നു ആ ബഹിരാകാശ സ്യൂട്ട്' കാഡി പറയുന്നു. 

crew-6-in-iss
ഐഎസ്എസിലെ ക്രൂ: കടപ്പാട് നാസ

ബഹിരാകാശ സ്യൂട്ട് ധരിക്കുകയെന്നതും ഏറെ സമയം ആവശ്യമായ പ്രക്രിയയാണ്. ഒപ്പം മറ്റുള്ളവരുടെ സഹായവും ആവശ്യമാണ്. ആദ്യം മുതിര്‍ന്നവരുടെ ഡയപ്പര്‍ ധരിക്കണം. പിന്നെ വിയര്‍പ്പ് വലിച്ചെടുക്കുന്ന അടിവസ്ത്രങ്ങളും ധരിക്കണം. അതിനു മുകളിലാണ് എല്‍സിവിജി(ലിക്യുഡ് കൂളിങ് ആന്റ് വെന്റിലേഷന്‍ ഗാര്‍മെന്റ്) ധരിക്കണം. പ്രത്യേകം ട്യൂബുകളിലൂടെ വെള്ളം എല്‍സിവിജിയില്‍ കടത്തിവിട്ടുകൊണ്ടിരിക്കും. 300 പൗണ്ട് ഭാരമുള്ള ബഹിരാകാശ സ്യൂട്ടില്‍ വളരെയെളുപ്പം നിങ്ങളുടെ ശരീരം ചൂടുപിടിക്കും. ചൂട് വലിയ തോതില്‍ കൂടാതിരിക്കാന്‍ സഹായിക്കുകയാണ് എല്‍സിവിജിയുടെ ധര്‍മ്മം. 

കൈകളിലും കാല്‍മുട്ടുകളിലും ഇടുപ്പിലും കാലുകള്‍ക്കിടയിലുമെല്ലാം വലിയ തോതില്‍ ചുറ്റിക്കെട്ടലുകളും ധരിക്കേണ്ടതുണ്ട്. ഇതിനും മുകളിലായാണ് ബഹിരാകാശ സ്യൂട്ട് ധരിക്കേണ്ടത്. ബഹിരാകാശ സ്യൂട്ട് ധരിച്ച ശേഷം മൂക്ക് ചൊറിഞ്ഞാല്‍ പോലും ഒരു മാര്‍ഗവുമില്ല. ബഹിരാകാശ നടത്തം മണിക്കൂറുകള്‍ നീണ്ടു പോവാറുണ്ടെന്നും കാഡി ഓര്‍മിപ്പിക്കുന്നു. അതേസമയം വളരെയേറെ പ്രാധാന്യമുള്ള ദൗത്യത്തിലാണെന്ന ബോധമുണ്ടായിരുന്നതിനാല്‍ ഇത്തരം ബുദ്ധിമുട്ടുകളെയൊന്നും കണക്കിലെടുത്തിരുന്നില്ലെന്നു കൂടി അവര്‍ പറയുന്നുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com