ബഹിരാകാശത്ത് കുടുങ്ങിയോ, എപ്പോൾ തിരികെ എത്തും?; സുനിത വില്യംസ് എല്ലാം പറയും
Mail This Article
സുനിത വില്യംസും ബാരി വിൽമോറും ജൂൺ 6 ന് ഭ്രമണപഥത്തിലെ ബഹിരാകാശനിലയത്തിൽ എത്തിയതിനുശേഷം നിരവധി സംഭവവികാസങ്ങളാണ് ഉണ്ടായത്. ബോയിങ് സ്റ്റാർലൈനർ പേടകത്തിനുണ്ടായ തകരാറുകളിൽ മടങ്ങിവരവ് വൈകിയതോടെ ബഹിരാകാശ യാത്രികരുടെ സുരക്ഷയെക്കുറിച്ചു ലോകമെങ്ങും ആശങ്ക പരന്നു. എന്നാൽ ഇരുവരും രാജ്യാന്തര ബഹിരാകാശ നിലയത്തിലെ ഗവേഷണത്തിലും പേടകത്തിലെ അറ്റകുറ്റപ്പണികളിലും സജീവമായി പങ്കെടുക്കുയാണെന്നു അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ പറഞ്ഞു. ജൂലൈ 10 ന് രാത്രി 8.30 ന് ബഹിരാകാശ നിലയത്തിൽ നിന്ന് തത്സമയം അനുഭവങ്ങൾ വാർത്താ സമ്മേളനത്തിൽ പങ്കുവയ്ക്കും.
പത്ത് ദിവസം മാത്രം നീണ്ടുനിൽക്കേണ്ടിയിരുന്ന യാത്ര ബോയിങ് സ്റ്റാർലൈനറിലെ സാങ്കേതിക തകരാറുകൾ കാരണം സുനിത വില്യംസും സഹയാത്രികൻ ബുച്ച് വിൽമോറും ഇതിനകം ഒരു മാസത്തിലേറെ ബഹിരാകാശ നിലയത്തിൽ ചെലവഴിച്ചു. ഈ അനുഭവങ്ങളുൾപ്പടെ തൽസമയം പങ്കുവച്ചേക്കാം.
സുനിത വില്യംസിന്റെയും ബാരി വിൽമോറിന്റെയും മടക്കയാത്ര അനിശ്ചിതത്വത്തിലായതും അവർ സ്പേസ് സ്റ്റേഷനിൽ കുടുങ്ങിയതും നാസയ്ക്കും ബോയിങിനുമെതിരെ വിമർശനത്തിനിടയാക്കിയിരുന്നതിനെത്തുടർന്നാണ് ആശങ്കയകറ്റാൻ ദൗത്യത്തെക്കുറിച്ചുള്ള ചർച്ച കേൾക്കാൻ മാധ്യമങ്ങളെ നാസ ക്ഷണിച്ചു.
നാസ+ , നാസ ടെലിവിഷൻ, നാസ ആപ് , യൂട്യൂബ് , നാസ വെബ്‌സൈറ്റ് എന്നിവയിൽ ഈ ഇവന്റ് സ്ട്രീം ചെയ്യും. യഥാക്രമം മെയ് 6, ജൂൺ 1 തീയതികളിൽ പരാജയപ്പെട്ട രണ്ട് വിക്ഷേപണങ്ങൾക്ക് ശേഷമാണ് ജൂൺ 5 ന് ഫ്ലോറിഡയിലെ കേപ് കനാവറൽ സ്‌പേസ് ഫോഴ്‌സ് സ്റ്റേഷനിൽ നിന്ന് അറ്റ്ലസ് വി റോക്കറ്റിലേറി സ്റ്റാർലൈനർ ബഹിരാകാശത്തേക്ക് കുതിച്ചത്.