കിലോമീറ്ററുകളോളം നീളത്തിൽ വജ്രപ്പാളി, പക്ഷേ ബുധനുള്ളിലാണ്!
Mail This Article
സൗരയൂഥത്തിലെ ഏറ്റവും ചെറിയ ഗ്രഹവും സൂര്യന് അടുത്തുനിൽക്കുന്നതുമായ മെർക്കുറിയുടെ ഉപരിതലത്തിനുള്ളിൽ ഒരു വജ്രപ്പാളി സ്ഥിതി ചെയ്യുന്നുണ്ടെന്ന് പുതിയ പഠനം. കിലോമീറ്ററുകളോളം നീളത്തിലാണത്രെ ഈ പാളി സ്ഥിതി ചെയ്യുന്നത്. മെർക്കുറി സംബന്ധിച്ചുള്ള ബഹിരാകാശ വിവരങ്ങളുടെ പശ്ചാത്തലത്തിൽ നടത്തിയ പഠനത്തിലാണ് പുതിയ വിവരങ്ങൾ വെളിവാക്കപ്പെട്ടത്.
സൂര്യനടുത്ത് സ്ഥിതി ചെയ്യുന്നതിനാൽ പ്രകാശത്തെ നന്നായി പ്രതിഫലിപ്പിക്കുന്ന ഗ്രഹമാണ് മെർക്കുറി അഥവാ ബുധൻ. എന്നാൽ ഈ പ്രതിഫലിക്കുന്ന പ്രകാശത്തിന്റെ അളവ് കുറവാണെന്ന് ശാസ്ത്രജ്ഞർ പറയുന്നു. ഗ്രഹത്തിന്റെ ഉപരിതലത്തിൽ ഗ്രാഫൈറ്റ് രൂപത്തിൽ കാർബൺ നിലനിൽക്കുന്നതാണ് ഇതിനു കാരണം. മെർക്കുറി ഗ്രഹമായി രൂപീകരിക്കപ്പെട്ട സമയത്ത് തന്നെ കാർബൺ ഉണ്ടായിരുന്നെന്നാണ് ഗവേഷകർ പറയുന്നത്.
രണ്ട് രീതിയിൽ മെർക്കുറിയിൽ കാർബണുണ്ടായിരിക്കാമെന്നാണ് ഗവേഷകർ പറയുന്നത്. ആദിമകാലത്ത് മെർക്കുറിയിൽ ഉണ്ടായിരുന്ന മാഗ്മ സമുദ്രത്തിൽ നിന്നുണ്ടായിരിക്കാമെന്നുള്ളതാണ് ഒരു സാധ്യത. അല്ലെങ്കിൽ മെർക്കുറിയുടെ ഉൾക്കാമ്പ് രൂപീകരിക്കപ്പെട്ട സമയത്ത് ഉണ്ടായതാകാം.
മെർക്കുറിയുടെ ഉൾക്കാമ്പ് രൂപീകരിക്കപ്പെട്ടതിന്റെ പരിണതഫലമായാണ് വജ്രങ്ങൾ ഉണ്ടായതെന്ന വാദത്തിനാണ് ഗവേഷകർ കൂടുതൽ പ്രാധാന്യം നൽകുന്നത്. മെർക്കുറിയുടെ കാന്തികമണ്ഡലത്തെയും ഈ പാളി സ്വാധീനിക്കുന്നുണ്ടെന്നാണ് ഗവേഷകരുടെ വിലയിരുത്തൽ. എന്നാൽ ഈ പാളിയുടെ വീതി എത്രയെന്നോ ഇതിലെ വജ്രങ്ങളുടെ വലുപ്പം എത്രയെന്നോ തുടങ്ങിയ കാര്യങ്ങളിൽ വ്യക്തതയില്ലെന്ന് ഗവേഷകർ പറയുന്നു.