പന്ത്രണ്ടാം ദിവസവും തിരച്ചിൽ; ഡൈവർമാർക്കായി ഫ്ലോടിങ് പോൺടൂൺ, ജലപ്രവാഹം ബാധിച്ച രക്ഷാപ്രവർത്തനം
Mail This Article
ഗംഗാവലി നദിയുടെ ദ്രുതഗതിയിലുള്ള ഒഴുക്കിന്റെ വേഗമുൾപ്പടെയുള്ള കാരണങ്ങളാൽ അർജുന്റെ ട്രക്കിനടുത്തേക്ക് രക്ഷാപ്രവർത്തകർക്ക് എത്തിച്ചേരാൻ കഴിഞ്ഞിട്ടില്ല, അതിനാൽ തിരച്ചില്‍ പന്ത്രണ്ടാം ദിവസവും തുടരുന്നു. ഡ്രോണുകളും മറ്റ് റഡാർ സംവിധാനങ്ങളുപയോഗിച്ച് ട്രക്കിന്റെ സ്ഥാനം നിർണയിച്ചെങ്കിലും നദിയുടെ ദ്രുത പ്രവാഹം നദീതടത്തിലേക്ക് പ്രവേശിക്കുന്നതിൽ മുങ്ങല്‍ വിദഗ്ദർക്ക് അത്യന്തം ബുദ്ധിമുട്ടുണ്ടാക്കുന്നു.
ഫലപ്രദമായി പ്രവർത്തിക്കാനുള്ള ദൃശ്യപരതയെ ബാധിക്കുന്നത് മാത്രമല്ല, രക്ഷാപ്രവർത്തകർക്ക് അപകടസാധ്യതയുണ്ടാക്കുന്ന കുത്തൊഴുക്കാണ് നദിയിലുള്ളത്. നേവിയാണ് തിരച്ചിൽ നടത്തുന്നത് എന്നതിനാൽ നദിയുടെ പ്രവാഹവേഗം നോട്സ്(മണിക്കൂറിൽ നോട്ടിക്കൽ മൈൽ അടിസ്ഥാനമാക്കി) വേഗത്തിലാണ് അറിയിക്കുന്നത്.
ഷീരൂർ ഉൾപ്പടെയുള്ള ഉത്തര കന്നാഡയിൽ ഓറഞ്ച് അലർട്ടുകളാണ് കഴിഞ്ഞ കുറച്ചുദിവസങ്ങളായി പ്രഖ്യാപിച്ചിരുന്നത്. ശക്തമായ മഴ ഇടവിട്ടു പെയ്യുന്ന സാഹചര്യത്തിൽ പുഴയുടെ വേഗം 7 നോട്ട്(Knot) വേഗത്തിലാണെന്നാണ് അധികൃതർ പറയുന്നത്. സാധാരണയായി ഒരു നദിയിലോ അരുവിയിലോ ഉള്ള ജലത്തിൻ്റെ യഥാർത്ഥ ഒഴുക്ക് നിരക്ക് അളക്കാൻ, സെക്കൻഡിൽ ക്യുബിക് മീറ്റർ (m³/s) അല്ലെങ്കിൽ സെക്കൻഡിൽ ക്യൂബിക് അടി (cfs) എന്നിങ്ങനെയുള്ള യൂണിറ്റുകളാണ് ഉപയോഗിക്കുന്നത്.
നാവികസേനയാണ് രക്ഷാപ്രവർത്തനത്തിൽ ഏര്‍പ്പെട്ടിരിക്കുന്നത് എന്നതിനാൽ നോട്ടിക്കൽ യൂണിറ്റുകൾ സ്റ്റാന്‍ഡേർഡ് സംവിധാനമാക്കി കാര്യക്ഷമത ഉറപ്പുവരുത്തുന്നു.
ഒരു സാധാരണ യൂണിറ്റ് മെഷർമെന്റ് ഉപയോഗിക്കുമ്പോൾ വ്യത്യസ്ത നാവിക യൂണിറ്റുകളും മറ്റ് ഏജൻസികളും തമ്മിലുള്ള വിവരങ്ങൾ പങ്കിടുന്നത് എളുപ്പമാകും. നോട്ടിക്കൽ മൈൽ പറയുന്നത് ദൂരമെന്നതാണ്. അതേസമയം നോട്ടിൽ എന്നത് മണിക്കൂറിൽ ഇത്രയും നോട്ടിക്കൽ മൈൽ എന്നതും ഉദ്ദേശിക്കുന്നു. ഒരു നോട്ട് എന്നത് 1.852 കിലോമീറ്ററിന് തുല്യമായ വേഗമാണ്.
ഇത്രയും ഒഴുക്കുള്ളപ്പോൾ ഡിങ്കി പോലെയുള്ളവയിൽ നിന്നുള്ള ഡൈവിങിന്റെ പരിമിതി മറികടക്കാന്‍ അർജുനെ കണ്ടെത്താൻ തിരച്ചിലിനായി കൂടുതൽ സംവിധാനങ്ങൾ ഷിരൂരിൽ എത്തിക്കുന്നു. മുങ്ങൽ വിദഗ്ധർക്ക് ഡൈവ് ചെയ്യാൻ സഹായകരമാകുന്ന തരത്തിലുള്ള ഫ്ലോട്ടിങ് പോന്റൂണുകൾ (floating pontoon) ഗോവയിൽ നിന്ന് ഷിരൂരിൽ എത്തിക്കുമെന്ന് അധികൃതർ പറഞ്ഞിട്ടുണ്ട്. മുങ്ങൽ വിദഗ്ധർക്ക് അവരുടെ ഉപകരണങ്ങൾ തയ്യാറാക്കാനും നദീതടത്തിലേക്ക് ഇറങ്ങാനും പോന്റൂണുകള്‍ ഒരു സ്ഥിരമായ അടിത്തറ നൽകുന്നു.