ജീവശാസ്ത്രത്തിലും ഒരു ചാറ്റ്ജിപിടി! നിർദേശം നൽകിയാൽ പ്രോട്ടീനുകളെ നിർമിക്കും
Mail This Article
ചാറ്റ്ജിപിടി ഇന്നത്തെ ലോകത്തിനു സുപരിചിതമാണ്. ചാറ്റ് ജനറേറ്റീവ് പ്രീ ട്രെയ്ൻഡ് ട്രാൻസ്ഫോമർ എന്നതിന്റെ ചുരുക്കരൂപമാണ് ചാറ്റ്ജിപിടി. ഭാവി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനങ്ങളുടെ ശേഷി വെളിവാക്കുന്ന തരത്തിൽ ശക്തമായ ഒരു ടൂളാണ് ചാറ്റ്ജിപിടി.ഏതു വിഷയത്തെപ്പറ്റിയും വിവരങ്ങൾ നൽകാൻ പര്യാപ്തമായ രീതിയിലാണ് ചാറ്റ്ജിപിടി വികസിപ്പിക്കപ്പെട്ടിരിക്കുന്നത്.
ഇമെയിൽ എഴുതാനും കഥകളും ഉപന്യാസങ്ങളും സോഫ്റ്റ്‌വെയർ കോഡിങ്ങും സംഗീതവുമൊക്കെ എഴുതാൻ ചാറ്റ്ജിപിടിക്ക് പ്രാപ്തിയുണ്ട്. നിലവിൽ തികച്ചും സൗജന്യവുമാണ് ഈ സേവനം.ചാറ്റ്ജിപിടി പോലുള്ള സംരംഭങ്ങളിൽ പ്രോംപ്റ്റുകൾ നൽകിയാൽ ‘ഇൻസ്റ്റന്റ് ന്യൂഡിൽസ്’ എന്നൊക്കെ പറയുന്ന പോലെ തയാർ ചെയ്ത എഴുത്തുകൾ കിട്ടും.
എന്തെങ്കിലും ഒരു കാര്യം ചോദിച്ചാൽ മണിമണിയായി ഉത്തരമെഴുതിത്തരുന്ന ഈ എഐ അധിഷ്ഠിത സംവിധാനം ലോകമെമ്പാടും ധാരാളം പേരുടെ ഇഷ്ടസങ്കേതമായി മാറിയിട്ടുണ്ട്. പഠനാവശ്യങ്ങൾക്കും ചാറ്റ്ജിപിടി വൻതോതിൽ ഉപയോഗിക്കപ്പെടുന്നുണ്ട്.
ഇതാ ചാറ്റ്ജിപിടി പോലൊരു സംവിധാനം ജീവശാസ്ത്രമേഖലയിലേക്കും കടന്നുവരികയാണ്. ഇഎസ്എം 3 എന്നൊരു ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനം പ്രകൃതിയിൽ സ്ഥിതി ചെയ്യുന്ന സമാനപ്രോട്ടീനുകളിൽ നിന്നു വ്യത്യസ്തമായ ഒരു പ്രോട്ടീനെ സൃഷ്ടിച്ചത്രേ. ഫ്ലൂറസന്റ് ഗണത്തിൽ വരുന്നതാണ് ഈ പ്രോട്ടീൻ. ഇവല്യൂഷനറി സ്കെയിൽ എന്ന കമ്പനിയാണ് പ്രോട്ടീനു പിന്നിൽ. മെറ്റ കമ്പനിയുടെ ഗവേഷകരാണ് ഇവല്യൂഷണറി സ്കെയിലിനു പിന്നിൽ.
കൂടുതൽ ഫലപ്രദമായ മരുന്നുകൾ കണ്ടെത്താനും പ്ലാസ്റ്റിക്കിനെയും മറ്റും വിഘടിപ്പിക്കാനുമുള്ള തന്മാത്രകൾ കണ്ടെത്താനും ഈ സംവിധാനം പ്രയോജനപ്രദമായിരിക്കുമെന്ന് ഗവേഷകർ പറയുന്നു. താമസിയാതെ ഗവേഷകർക്കായി ഇതിന്റെ വൻകിട മോഡൽ അവതരിപ്പിക്കുമെന്ന് ഗവേഷകർ പറഞ്ഞു. ഓപ്പൺ എഐയുടെ ചാറ്റ്ജിപിടി–4 സംവിധാനം പോലെ ഒരു ലാർജ് ലാംഗ്വേജ് മോഡലാണ് ഇഎസ്എം3. ഏറ്റവും വലിയ വെർഷനിൽ 278 കോടി പ്രോട്ടീനുകൾ ഉൾപ്പെടുത്തുമെന്ന് ഈ സംവിധാനത്തിന്റെ നിർമാതാക്കൾ പറഞ്ഞു.