പ്രപഞ്ച വികാസത്തിന്റെ വേഗത കണ്ടെത്തി; അദ്ഭുതമായി ജെയിംസ് വെബ് ടെലസ്‌കോപ്

Mail This Article
മനുഷ്യന്‍ ഇന്നുവരെ നിര്‍മിച്ചതില്‍ വച്ച് ഏറ്റവും വലിയ ബഹിരാകാശ ദൂരദര്‍ശിനിയായ ജെയിംസ് വെബ് ടെലസ്‌കോപ് നമ്മെ അദ്ഭുതപ്പെടുത്തുന്നത് തുടരുകയാണ്. പ്രപഞ്ച വികാസത്തിന്റെ വേഗത സംബന്ധിച്ചാണ് അമ്പരപ്പിക്കുന്ന വിവരങ്ങള്‍ ജെയിംസ് വെബ് ടെലസ്‌കോപ് പുതുതായി നല്‍കിയിരിക്കുന്നത്. കാലം ചെല്ലും തോറും പ്രപഞ്ചം വികസിക്കുന്നുവെന്നത് ശാസ്ത്രത്തിന് പുതിയ അറിവല്ല. എന്നാല്‍ പ്രപഞ്ച വികാസത്തിന്റെ വേഗത പലകാലത്ത് പലതായിരുന്നുവെന്നതിന്റെ കൂടുതല്‍ തെളിവുകളാണ് ജെയിംസ് വെബ് ടെലസ്‌കോപ് പുതുതായി നല്‍കുന്നത്.
പ്രപഞ്ച വികാസത്തിന്റെ വേഗതയില്‍ പലപ്പോഴും വ്യത്യാസം ഉണ്ടായിരുന്നെന്നതിന്റെ ആദ്യ സൂചന 2019ല്‍ ഹബിള്‍ ബഹിരാകാശ ടെലസ്‌കോപ് നല്‍കിയിരുന്നു. ഹബിള്‍ ദൂരദര്‍ശിനിയേക്കാള്‍ 100 മടങ്ങ് തെളിമയോടെ പ്രപഞ്ചത്തെ നിരീക്ഷിക്കാന്‍ ജെയിംസ് വെബ് ടെലസ്‌കോപിന് സാധിക്കും. ഇതിലെ ക്യാമറകള്‍ ഇന്‍ഫ്രാറെഡ് പ്രകാശത്തിനു വേണ്ടി സജ്ജീകരിച്ചിരിക്കുന്നതു തന്നെ വിദൂര പ്രപഞ്ചത്തില്‍ നിന്നുള്ള വസ്തുക്കളെ വ്യക്തതയോടെ പകര്‍ത്തുന്നതിനു വേണ്ടിയാണ്. വിദൂര പ്രപഞ്ചത്തില്‍ നിന്നു വരുന്ന പ്രപഞ്ച വികാസം മൂലം റെഡ് ഷിഫ്റ്റ് സംഭവിച്ച പ്രകാശത്തെ ഉപയോഗിച്ച് വ്യക്തതയുള്ള ചിത്രങ്ങളെടുക്കാനും ജെയിംസ് വെബ് ടെലസ്‌കോപിന് സാധിക്കും.

പ്രപഞ്ച വികാസത്തിന്റെ വേഗതയില്‍ വ്യത്യാസമുണ്ടെന്ന് ഹബിള്‍ സൂചന നല്‍കിയെങ്കിലും 2023ലേയും 2024ലേയും ജെയിംസ് വെബ് ടെലസ്‌കോപ് നല്‍കിയ കൃത്യതയാര്‍ന്ന വിവരങ്ങളാണ് ഇക്കാര്യം ഉറപ്പിച്ചത്. ജെയിംസ് വെബ് ടെലസ്‌കോപ് കഴിഞ്ഞ രണ്ടു വര്‍ഷം കൊണ്ട് ശേഖരിച്ച വിവരങ്ങള്‍ തന്നെ ഇക്കാര്യത്തില്‍ വ്യക്തത നല്‍കുന്നുണ്ട്. 'ആദ്യം ടെലസ്‌കോപിന് സംഭവിച്ച പിഴവെന്നു കരുതിയെങ്കിലും അത് കൂടുതല്‍ വിവരങ്ങള്‍ പുറത്തു വരുമ്പോള്‍ അത് പിഴവായിരുന്നില്ലെന്ന് തെളിയുകയാണ്. ഇനിയും നമുക്ക് ഏറെ മുന്നോട്ടു പോകാനുണ്ട്' എന്നാണ് പഠനത്തിനു നേതൃത്വം നല്‍കിയ നൊബേല്‍ സമ്മാന ജേതാവും ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയിലെ ഭൗതികശാസ്ത്ര പ്രൊഫസറുമായ ആദം റീസ് പറയുന്നത്.
ഹബിള്‍ കോണ്‍സ്റ്റന്റ് അഥവാ പ്രപഞ്ച വികാസ തോത് രണ്ട് രീതിയില്‍ ഹബിള്‍ ടെലസ്‌കോപിലെ വിവരങ്ങളുപയോഗിച്ച് കണക്കുകൂട്ടിയിരുന്നു. ആദ്യത്തേത് സാധ്യമായതില്‍ വച്ച് ഏറ്റവും ആദ്യത്തെ പ്രകാശം അടിസ്ഥാനമാക്കിയായിരുന്നു. ബിഗ് ബാങിനു ശേഷം വെറും 3.80 ലക്ഷം വര്‍ഷങ്ങള്‍ക്കു ശേഷമുള്ള പ്രകാശത്തെ അടിസ്ഥാനമാക്കി കണക്കുകൂട്ടിയപ്പോള്‍ സെക്കന്‍ഡില്‍ 67 കിലോമീറ്റര്‍ വേഗതയില്‍ പ്രപഞ്ചം വികസിക്കുന്നുവെന്നാണ് കണ്ടെത്തിയത്.
സ്പന്ദിക്കുന്ന നക്ഷത്രമായ സെഫീഡ് വേരിയബിളിനെ അടിസ്ഥാനപ്പെടുത്തി അടുത്തകാലത്തെ പ്രപഞ്ച വികാസ തോത് കണ്ടെത്താനും ശ്രമിച്ചു. സെഫീഡ് വേരിയബിള്‍ നക്ഷത്രങ്ങളുടെ തിളക്കം കൂടുംതോറും അത് പതിയെ മാത്രമേ സ്പന്ദിക്കുകയുള്ളൂ. പതിയെ മരണത്തിലേക്കു നീങ്ങിക്കൊണ്ടിരിക്കുന്ന നക്ഷത്രങ്ങളാണിവ. ഇവയുടെ തിളക്കവും സ്പന്ദന നിരക്കും അടിസ്ഥാനപ്പെടുത്തി സെക്കന്‍ഡില്‍ 73 കിലോമീറ്ററാണ് ശാസ്ത്രജ്ഞര്‍ കണക്കുകൂട്ടിയ പ്രപഞ്ച വികാസ തോത്.

ഈ പ്രപഞ്ച വികാസതോതിലുള്ള വ്യത്യാസത്തിന്റെ കാരണമായി ഗവേഷകര്‍ക്കിടയില്‍ അഭിപ്രായ ഐക്യമുണ്ടായിരുന്നില്ല. ഇതിനിടെ ഹബിള്‍ ടെലസ്‌കോപിന് പിഴവു സംഭവിച്ചതാകാമെന്ന വാദവും ഉയര്‍ന്നു. സെഫീള്‍ഡ് നക്ഷത്രത്തില്‍ നിന്നുള്ള അകലം കണക്കുകൂട്ടുന്നതില്‍ ഹബിളിന് രണ്ടു ശതമാനമാണ് കൃത്യതയെങ്കില്‍ ജെയിംസ് വെബിന് 8-9ശതമാനമാണ്. ഇങ്ങനെ കൂടിയ കൃത്യതയുള്ള ജെയിംസ് വെബ് ടെലസ്‌കോപ് കണക്കുകൂട്ടിയ സെഫീള്‍ഡ് നക്ഷത്രത്തെ അടിസ്ഥാനമാക്കിയുള്ള പ്രപഞ്ച വികാസ തോത് സെക്കന്‍ഡില്‍ 72.6 കിലോമീറ്ററാണ്. ഇതോടെയാണ് ഹബിള്‍ ശരിയായിരുന്നുവെന്ന് ഉറപ്പിക്കാന്‍ വേണ്ട കൂടുതല്‍ തെളിവുകള്‍ ശാസ്ത്രത്തിനു ലഭിച്ചത്.
ജെയിംസ് വെബ് ടെലസ്‌കോപിലെ വിവരങ്ങളെ അടിസ്ഥാനപ്പെടുത്തി ഹബിള്‍ കോണ്‍സ്റ്റന്റ് കണക്കുകൂട്ടിയ സംഘത്തിലെ അംഗമായ ഹോപ്കിന്‍സ് സര്‍വകലാശാലയിലെ പ്രപഞ്ച ശാസ്ത്രജ്ഞന്‍ മാര്‍ക് കമിയോന്‍കോവ്‌സ്‌കി പറയുന്നതുപോലെ 'നമുക്ക് പ്രപഞ്ചത്തെക്കുറിച്ചുള്ള ധാരണയില്‍ എന്തൊക്കെയോ തെറ്റുകളുണ്ട്'. ജെയിംസ് വെബ് ടെലസ്‌കോപും ഹബിള്‍ ടെലസ്‌കോപും നല്‍കിയ വിവരങ്ങള്‍ പ്രപഞ്ച വികാസത്തിന്റെ തോത് പല കാലങ്ങളില്‍ പലതായിരുന്നുവെന്നതിന്റെ തെളിവുകളാണ്. വിദൂര പ്രപഞ്ചത്തിലേക്കു കണ്ണും നട്ടിരിക്കുന്ന ജെയിംസ് വെബ് ദൂരദര്‍ശിനി നല്‍കുന്ന വിവരങ്ങളിലുള്ള പഠനങ്ങള്‍ പ്രപഞ്ചത്തെക്കുറിച്ചുള്ള ധാരണകളില്‍ കൂടുതല്‍ വ്യക്തത നല്‍കാന്‍ ശാസ്ത്രത്തെ സഹായിച്ചേക്കും.