ADVERTISEMENT

ചന്ദ്രനിലേക്കു മനുഷ്യരെ വീണ്ടും കൊണ്ടുപോകാനുള്ള ആർട്ടിമിസ് ദൗത്യം. പദ്ധതിയുടെ മനുഷ്യയാത്രാദൗത്യങ്ങൾ അടുത്തവർഷമില്ല. ചന്ദ്രനുചുറ്റും മനുഷ്യരെ കറക്കിക്കൊണ്ടുവരാനിരുന്ന ആർട്ടിമിസ് 2 ദൗത്യം 2026 ഏപ്രിലിലേക്കു മാറ്റി. ഇത് 2025 സെപ്റ്റംബറിൽ നടക്കേണ്ടതായിരുന്നു.ചന്ദ്രനിൽ മനുഷ്യരെ ഇറക്കാനുള്ള ആർട്ടിമിസ് 3 ദൗത്യം 2027ൽ ആകും നടക്കുക.

സാങ്കേതികപരമായ കാര്യങ്ങളും യാത്രികരുടെ സുരക്ഷ സംബന്ധിച്ച ആശങ്കകളുമാണ് ഇതിനു കാരണമായി പറയപ്പെടുന്നത്.ഗ്രീക്ക് ഇതിഹാസത്തിൽ ചന്ദ്രന്റെ ദേവതയാണ് ആർട്ടിമിസ്, അപ്പോളോ ദേവന്റെ ഇരട്ടസഹോദരി. ഇതുകൊണ്ടു തന്നെയാണു ചരിത്രം വീണ്ടും രചിക്കുന്ന ദൗത്യത്തിന് ആർട്ടിമിസ് എന്ന് നാസ പേരിട്ടത്.

moon-artemis-1 - 1

നാസയെ ഇന്നത്തെ നാസയാക്കി വളർത്തിയ അപ്പോളോ ദൗത്യത്തിന്റെ പാരമ്പര്യം പേറുന്ന സഹോദരി. മൂന്നു ദൗത്യങ്ങളാണ് ആർട്ടിമിസ് പരമ്പരയിൽ. ആദ്യത്തേത് പൂർത്തീകരിച്ചു.അപ്പോളോ ദൗത്യങ്ങൾ അമേരിക്കയുടെ സാങ്കേതിക കരുത്തിന്റെ പ്രദർശനമായിരുന്നെങ്കിൽ ആർട്ടിമിസ് ഇതിനപ്പുറം സൗരയൂഥത്തെ പ്രായോഗികമായും ഗവേഷണപരമായും ഉപയോഗിക്കാനുള്ള ശ്രമങ്ങളുടെ നാന്ദികുറിക്കലാണ്.

ചന്ദ്രനിൽ സ്ഥിരമായ മനുഷ്യസാന്നിധ്യം ഉറപ്പിക്കാനും ചൊവ്വ ഉൾപ്പെടെ മറ്റിടങ്ങളിലേക്കുള്ള ദൗത്യങ്ങൾക്ക് ഇടത്താവളമാകാനും അങ്ങനെ ഭൂമിക്കു വെളിയിലേക്കുള്ള മനുഷ്യരുടെ എല്ലാപ്രവർത്തനങ്ങളുടെയും അച്ചുതണ്ടാകാനുമാണു ദൗത്യം ലക്ഷ്യമിടുന്നത്.

ഇന്ത്യൻ ബഹിരാകാശ ദൗത്യമായ ‘ചന്ദ്രയാൻ– 2’ ലക്ഷ്യംവച്ച, ജലസാന്നിധ്യം ഉൾപ്പെടെ പല അനുകൂല ഘടകങ്ങളുമുള്ള ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലാണ് ആർട്ടിമിസ് മനുഷ്യനെ എത്തിക്കുക. ഇപ്പോഴത്തെ രാജ്യാന്തര ബഹിരാകാശ നിലയത്തിന്റെ രീതിയിൽ ഗേറ്റ്​വേ എന്ന ഒരു ചാന്ദ്രനിലയം ആർടിമിസ് ദൗത്യങ്ങളുടെ ഭാഗമായി ചന്ദ്രന്റെ ഭ്രമണപഥത്തിൽ സൃഷ്ടിക്കപ്പെടുമെന്നതാണ് പുതിയ നീക്കത്തിന്റെ ഏറ്റവും വലിയ പ്രത്യേകത.

Photo: NASA
Photo: NASA

തുടർന്നുള്ള ദൗത്യങ്ങളിൽ റോക്കറ്റിനൊപ്പം വരുന്ന ഓറിയോൺ പേടകം (ദൗത്യത്തിൽ യാത്രികരെ വഹിക്കുന്ന ഭാഗം) വേർപെട്ട് ഗേറ്റ്​വേയിൽ എത്തിച്ചേരും. തുടർന്ന് ഇവിടെനിന്നു പ്രത്യേക ലൂണാർ മൊഡ്യൂൾ പേടകങ്ങളിൽ ചന്ദ്രോപരിതലത്തിലേക്ക് യാത്രികർക്കു വേണ്ടപ്പോൾ ഇറങ്ങുകയും തിരിച്ചുകയറുകയും ചെയ്യാം. ചുരുക്കത്തിൽ, ചന്ദ്രനിലേക്കുള്ള ഒരു കവാടമോ തുറമുഖമോ ആയി ആർട്ടിമിസിന്റെ ഗേറ്റ്​വേ പ്രവർത്തിക്കും. മറ്റു ഗ്രഹങ്ങളിലേക്കുള്ള ദൗത്യങ്ങളിലും ഇതിന്റെ സേവനം നിർണായകമാകും.

അപ്പോളോ ദൗത്യങ്ങളെ ചന്ദ്രനിലെത്തിച്ചത് നാസയുടെ ഐതിഹാസിക റോക്കറ്റായ സാറ്റേൺ അഞ്ച് ആണ്. 50 വർഷത്തോളം ഈ മേഖലയിൽ അനുഭവപ്പെട്ട മരവിപ്പ് സാറ്റേൺ അഞ്ചിന്റെ പ്രസക്തി ഇല്ലാതാക്കി. തുടർന്ന് ആർട്ടിമിസ് ദൗത്യത്തിന്റെ ആശയം വന്നപ്പോൾ ബ്ലൂ ഒറിജിൻ, സ്പേസ് എക്സ് തുടങ്ങി പല മുൻനിര സ്വകാര്യ കമ്പനികളുടെ റോക്കറ്റുകളും നാസ പരിഗണിച്ചെങ്കിലും ഒടുവിൽ സാറ്റേൺ അഞ്ചിനൊരു പിൻഗാമിയെ സ്വയം നിർമിക്കാൻ തീരുമാനിക്കുകയായിരുന്നു.

അങ്ങനെയാണ് സ്പേസ് ലോഞ്ച് സിസ്റ്റം (എസ്എൽഎസ്) എന്ന ഭീമൻ റോക്കറ്റ് പിറന്നത്. ലോകത്തിലെ ഏറ്റവും കരുത്തുറ്റ റോക്കറ്റ്. ഇന്ത്യൻ റോക്കറ്റായ പിഎസ്എൽവിയുടെ മൂന്നിരട്ടി ഉയരമുള്ള എസ്എൽഎസിന് യാത്രികരുടെ പേടകമായ ഓറിയൺ, മൂൺ ലാൻഡറുകൾ, മറ്റുപകരണങ്ങൾ തുടങ്ങി വലിയ ഒരു പേലോഡ് വഹിക്കാൻ കഴിയും. അതീവശ്രദ്ധ കൊടുത്ത് നിർമിച്ചിരിക്കുന്ന ഈ വാഹനത്തിനു തകരാർ സംഭവിക്കാൻ സാധ്യത വളരെ കുറവാണ്.

പൂജ്യത്തിൽനിന്നു തുടങ്ങിയ ആർട്ടിമിസ്

Photo: Twitter/NASA HQ PHOTO
Photo: Twitter/NASA HQ PHOTO

2005ലാണ് ആർട്ടിമിസിന്റെ ആദിമരൂപങ്ങൾ വിവിധ പദ്ധതികളായി നാസ മുന്നോട്ടു വച്ചത്. കോൺസ്റ്റലേഷൻ പ്രോഗ്രാം എന്ന പേരിൽ അറിയപ്പെട്ട ഈ പദ്ധതികൾ ചന്ദ്രനും ചൊവ്വയും ലക്ഷ്യം വച്ചുള്ളതായിരുന്നു. ഇതിന്റെ ഭാഗമായി ഏരീസ് എന്ന പ്രശസ്തമായ റോക്കറ്റ് ശ്രേണിക്കു തുടക്കം കുറിച്ചു. അപ്പോളോ ദൗത്യവും അതിന്റെ സാങ്കേതികസംവിധാനങ്ങളുമൊക്കെ മ്യൂസിയം വസ്തുക്കളായി മാറിയതിനാൽ പൂജ്യത്തിൽനിന്നു തുടങ്ങുന്നതു പോലെയായിരുന്നു.

ആർട്ടിമിസ് ദൗത്യത്തിൽ ചന്ദ്രനിലേക്കു പോകുന്ന പുരുഷ യാത്രികൻ ഒരു ഇന്ത്യൻ വംശജനാകാനും സാധ്യതയുണ്ട്.യുഎസ് വ്യോമസേനാ കേണൽ രാജാചാരിയാണ് ഇത്. ആർട്ടിമിസ്, ചൊവ്വ ദൗത്യങ്ങൾക്കു വേണ്ടിയുള്ള പ്രത്യേക പരിശീലനത്തിനായി നാസ തിരഞ്ഞെടുത്തവരിൽ രാജാ ചാരിയും ഉൾപ്പെട്ടിട്ടുണ്ട്.ചാരിയുടെ പിതാവ് ഇന്ത്യക്കാരനും മാതാവ് അമേരിക്കക്കാരിയുമാണ്.

പ്രശസ്തമായ മാസച്യുസിറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്നു ഏയ്റോസ്പേസ് എൻജിനീയറിങ്ങിൽ ബിരുദാനന്തര ബിരുദം നേടിയിട്ടുള്ള രാജ യുഎസ് വ്യോമസേനയുടെ 461ാം സ്ക്വാഡ്രന്റെ കമാൻഡറായിരുന്നു. ഡിഫൻസ് മെറിറ്റോറിയസ് സർവീസ് മെഡൽ, ഏരിയൽ അച്ചീവ്മെന്റ് മെഡൽ തുടങ്ങി അമേരിക്കൻ പ്രതിരോധമേഖലയുടെ മുൻനിര അംഗീകാരങ്ങൾ ചാരിയെ തേടിയെത്തിയിട്ടുണ്ട്.

എതിർത്ത് മസ്ക്

സ്‌പേസ് എക്‌സ് സിഇഒ ഇലോൺ മസ്‌ക് നാസയുടെ ആർട്ടിമിസ് പ്രോഗ്രാമിനെ  എതിർക്കുന്ന ആളാണ്. ചന്ദ്രനിലേക്കല്ല ഇനി ചൊവ്വയായിരിക്കണം ലക്ഷ്യമിടേണ്ടതെന്നാണ് അമേരിക്കൻ ഭരണസംവിധാനത്തിൽ നിർണായകമായ അധികാര കേന്ദ്രമായ മസ്ക് പറയുന്നത്.

English Summary:

Artemis moon mission delayed! Human landings pushed to 2027 due to technical issues. Learn about the Artemis program, SLS rocket, and the potential for an Indian-American astronaut on the mission.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com