ദിവസങ്ങളുടെ ഇടവേളയിൽ രണ്ട് ബഹിരാകാശ നടത്തത്തിനൊരുങ്ങി സുനിതാ വില്യംസ്; നിർണായകമായ ദൗത്യം

Mail This Article
രണ്ട് ആഴ്ചയ്ക്കുള്ളിൽ രണ്ട് ബഹിരാകാശ നടത്ത ദൗത്യങ്ങളിൽ പങ്കെടുക്കാന്‍ തയാറെടുത്തു സുനിതാ വില്യംസ്. നിക് ഹേഗിനൊപ്പമാണ് ജനുവരി 16ന് ബഹിരാകാശ നടത്തം നടത്താൻ സുനിതാ വില്യംസ് ഒരുങ്ങുന്നത്, തുടർന്ന് ജനുവരി 23 ന് മറ്റൊരു നടത്തം ബുച്ച് വിൽമോറിനൊപ്പവുമായിരിക്കും. ആദ്യ ബഹിരാകാശ നടത്തം രാവിലെ 8 മണിക്ക്((ഇന്ത്യന്‍ സമയം വൈകിട്ട് 5.30)) ആരംഭിച്ച് ആറര മണിക്കൂർ നീണ്ടുനിൽക്കുമെന്നും രണ്ടാമത്തേത് രാവിലെ 7:15 ന് ആരംഭിച്ച് ആറര മണിക്കൂർ നീണ്ടുനിൽക്കുമെന്നും നാസ അറിയിച്ചു. 2012ൽ ആയിരുന്നു അവസാനമായി സുനിത ബഹിരാകാശ നടത്തത്തിൽ പങ്കെടുത്തത്.
വെറുതെ നടക്കുകയല്ല
യുഎസ് സ്പേസ് വാക് 91 എന്നുപേരിട്ട നടത്തത്തിനിടയില്‍ ബഹിരാകാശ നിലയത്തിന്‍റെ ചില അറ്റകുറ്റപ്പണികളും ഇരുവരും ചേര്‍ന്ന് ചെയ്യും. ഓറിയന്റേഷൻ കൺട്രോളിന് നിർണായകമായ റേറ്റ് ഗൈറോ അസംബ്ലി മാറ്റി സ്ഥാപിക്കുന്നതിനും ന്യൂട്രോണ്‍ സ്റ്റാര്‍ എക്സ്റെ (NICER) ടെലസ്കോപ് സര്‍വീസ് ചെയ്യുകയുമാണ് പ്രധാന ജോലികള്‍. ഇതിന് പുറമെ ആല്‍ഫ മാഗ്നറ്റിക് സ്പെക്ട്രോമീറ്റര്‍ അപ്ഗ്രേഡ് ചെയ്യാനും ഇരുവരും ശ്രമിക്കും. കോസ്മിക് കിരണങ്ങളെക്കുറിച്ച് പഠിക്കുന്നതിൽ നിര്‍ണായക പങ്കാണ് ആല്‍ഫ മാഗ്നറ്റിക് സ്പെക്രോമീറ്ററിന് ഉള്ളത്.
ഇരുവരെയും വിഡിയോകളിൽ തിരിച്ചറിയാനായി നിക് ഹേഗ് ഒരു ചുവന്ന വരകളുള്ള സ്യൂട്ടും സുനിതe വില്യംസ് നിറരഹിതമായ സ്യൂട്ടും ധരിക്കും. ബഹിരാകാശ നടത്തം കാണണമെന്നുള്ളവർക്കായി ലൈവ് കവറേജും നാസ നൽകുന്നുണ്ട്.
6 മാസം പിന്നിടുന്ന ബഹിരാകാശ വാസം
സുനിതാ വില്യംസും ബുച്ച് വിൽമോറും 2024 ജൂൺ അഞ്ച് മുതൽ ഐഎസ്എസിലാണ് തുടരുന്നത്. സുനിതയുടെയും ബുച്ച് വിൽമോറിന്റെയും ദൗത്യം എട്ട് ദിവസത്തേക്കായിരുന്നു. എന്നാല്‍, സാങ്കേതിക തകരാർ മൂലം അവര്‍ക്ക് തിരികെ വരാനായില്ല.
അന്നു മുതല്‍ ഇരുവരും ബഹിരാകാശ നിലയത്തിൽ കഴിയുകയാണ്. ഇലോൺ മസ്‌കിന്റെ ഡ്രാഗൺ ബഹിരാകാശ പേടകം വഴി 2025 ഫെബ്രുവരിയിൽ ഭൂമിയിലേക്ക് മടങ്ങും.