മോസ്കോയുടെ പേരുള്ള മൂലകം:അപൂർവങ്ങളിൽ അപൂർവം, അന്യഗ്രഹകഥകളിലും സ്ഥാനം

Mail This Article
അത്യപൂർവ മൂലകമായ മോസ്‌കോവിയം കണ്ടെത്തിയിട്ട 21 വർഷങ്ങൾ തികയുകയാണ്. ഒട്ടേറെ ദുരൂഹതകളുമായി ബന്ധപ്പെട്ട് നിൽക്കുന്ന ഒരു മൂലകമാണ് ഇത്.
115 പ്രോട്ടോണുകളെ ഇതിന്റെ അണുകേന്ദ്രം വഹിക്കുന്നു.ഭൂമിയിൽ സുലഭമായവയിൽ ഏറ്റവും ഭാരമേറിയ മൂലകമായ യുറേനിയത്തേക്കാൾ 23 പ്രോട്ടോണുകൾ കൂടുതലാണ് ഈ മൂലകത്തിന്.
മോസ്‌കോവിയം ഭൂമിയിൽ സ്വാഭാവികമായി ഉണ്ടാകുന്നില്ല. പാർട്ടിക്കിൾ ആക്‌സിലറേറ്ററുകളിലാണ് ഇവ ഉടലെടുക്കുന്നത്. ഏതാനും സെക്കൻഡുകൾ മാത്രമേ ഇവ നിലനിൽക്കുകയുള്ളൂ. അതിനു ശേഷം മറ്റൊരു മൂലകമായി ഇതു മാറും.
2003ൽ റഷ്യയിലെ മോസ്‌കോ നഗരത്തിലുള്ള ഡുബ്‌നയിലെ ഫ്‌ലെറോവ് ലബോറട്ടറിയിലാണ് ഈ മൂലകം കണ്ടെത്തപ്പെട്ടത്. ആണവ ശാസ്ത്രജ്ഞനായ യൂറി ഒഗനേസ്യന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇതു കണ്ടെത്തിയത്. മോസ്‌കോ നഗരത്തിൽ കണ്ടെത്തിയതിനാലാണ് ഇതിനു മോസ്‌കോവിയം എന്നും വിളിപ്പേരു ലഭിച്ചത്.കാൽസ്യം 48, അമരിഷ്യം 243 എന്നീ അയോണുകൾ തമ്മിലിടിപ്പിച്ചാണ് ഇതു സൃഷ്ടിച്ചത്.

2016ലാണ് 115 എന്ന മൂലക സംഘ്യയുള്ള വിചിത്ര മൂലകത്തെ പീരിയോഡിക് ടേബിളിൽ ചേർത്തത്. എന്നാൽ അതിനും മുൻപ് തന്നെ ഈ മൂലകത്തെ പറ്റി നിരവധി ഗൂഢവാദ സിദ്ധാന്തങ്ങളും മറ്റും പ്രചരിച്ചിരുന്നു. അന്യഗ്രഹജീവികളുമായി ബന്ധപ്പെട്ടായിരുന്നു ഇവയിൽ അധികവും.
മോസ്‌കോവിയവും അന്യഗ്രഹജീവികളുമായി എന്താണു ബന്ധം? 2003ൽ മാത്രം കണ്ടുപിടിക്കപ്പെട്ട ഈ മൂലകത്തെപ്പറ്റി അതിനും പതിറ്റാണ്ടുകൾ മുൻപ് തന്നെ കഥകളിറങ്ങുന്നുണ്ട്. റോബർട് സ്‌കോട് ലാസർ എന്ന വ്യക്തിയാണ് ഇതിനു പ്രധാന കാരണക്കാരൻ. തനിക്കു പറക്കും തളികളും യുഎഫ്ഒകളുമായിട്ടൊക്കെ ബന്ധമുണ്ടെന്ന് പറഞ്ഞ് ലാസർ 1989ലാണു രംഗത്തുവന്നത്.
അമേരിക്ക അന്യഗ്രഹജീവികളെ പാർപ്പിക്കുന്നെന്നും പരീക്ഷണം നടത്തുന്നെന്നും കിംവദന്തികൾ പരക്കുന്ന നെവാഡയിലെ ഏരിയ 51ൽ താൻ പണിയെടുത്തിട്ടുണ്ടെന്നായിരുന്നു ലാസറിന്റെ വാദം. അവിടെവച്ച് പല പറക്കും തളികകളെയും അഴിച്ചുപരിശോധിച്ചു താൻ പഠിച്ചെന്നും അവയ്ക്ക് ഇന്ധനമായിരുന്നത് മോസ്‌കോവിയം അഥവാ 115 മൂലമാണെന്നും ലാസർ പറഞ്ഞു. ഈ മൂലകം ഭൂമിയിൽ ഉണ്ടാക്കാൻ പാടാണെങ്കിലും അന്യഗ്രഹജീവികളുടെ ജന്മനാടായ വിദൂരഗ്രഹങ്ങളിലും മറ്റും ഇതുണ്ടാക്കാൻ വളരെ എളുപ്പമാണെന്നായിരുന്നു ലാസറിന്റെ വാദം. ഈ വാദങ്ങളൊന്നും ശാസ്ത്രജ്ഞരോ മറ്റു വിദഗ്ധരോ കാര്യമായിട്ടെടുത്തിട്ടില്ല.