ഇലോൺ മസ്കിനൊരു ബഹിരാകാശ ചെക്ക്!വമ്പൻ റോക്കറ്റുമായി ജെഫ് ബെസോസ്

Mail This Article
ജെഫ് ബെസോസിന്റെ ബഹിരാകാശ കമ്പനിയായ ബ്ലൂ ഒറിജിൻ തങ്ങളുടെ വമ്പൻ റോക്കറ്റായ ‘ന്യൂ ഗ്ലെൻ’ പരീക്ഷിച്ചു.ഭൂമിക്കുചുറ്റും ആദ്യമായി ഭ്രമണം ചെയ്ത യുഎസ് ബഹിരാകാശ സഞ്ചാരി ജോൺ ഗ്ലെന്നിന്റെ പേരിലുള്ള റോക്കറ്റാണ് ഇത്.98 മീറ്റർ നീളമുള്ളതാണ് ഈ റോക്കറ്റ്. ബഹിരാകാശ രംഗം ഇനി നിർണായക മത്സരങ്ങൾക്കുള്ള വേദിയാകുമെന്ന സൂചനയാണ് ശതകോടീശ്വരന്മാരുടെയുൾപ്പടെയുള്ള ഇത്തരം വിജയങ്ങള്‍.
ആദ്യ ബഹിരാകാശ യാത്ര ന്യൂ ഷെപാഡ് പേടകത്തിൽ
25 വർഷങ്ങൾക്കു മുൻപാണു ബെസോസ് ബ്ലൂ ഒറിജിൻ സ്ഥാപിച്ചത്. എങ്കിലും ബഹിരാകാശ യാത്രകൾ തുടങ്ങിയത് 2021ൽ. ബഹിരാകാശ രംഗത്തെ പ്രമുഖ സ്വകാര്യ കമ്പനിയും ബെസോസിനെക്കാളും സമ്പത്തിൽ ഒരുപടി മുന്നിൽ നിൽക്കുന്നയാളുമായ ഇലോൺ മസ്കിന്റെ സ്പേസ് എക്സിനൊരു ചെക്കാണ് ഇത്. ബഹിരാകാശത്തെ മത്സരത്തിൽ തങ്ങളും ഒട്ടും പിന്നോട്ടില്ലെന്ന സന്ദേശം ഈ വിക്ഷേപണം നൽകുന്നു.
ബ്ലൂ ഒറിജിന്റെ ആദ്യ ബഹിരാകാശ യാത്ര ന്യൂ ഷെപാഡ് പേടകത്തിലായിരുന്നു. ആദ്യത്തെ യാത്രയിൽ ബെസോസിനൊപ്പം സഹോദരൻ മാർക്, പതിനെട്ടു വയസ്സുകാരനായ ഒലിവർ ഡീമൻ, 82 വയസ്സുകാരിയായ വാലി ഫങ്ക് എന്നിവരും ഉണ്ടായിരുന്നു.

ബഹിരാകാശത്തെത്തിയ ആദ്യ അമേരിക്കക്കാരനായ അലൻ ഷെപാഡിന്റെ സ്മരണാർഥമാണു പേടകത്തിനു പേരു നൽകിയത്. റൺവേയിൽ ഓടേണ്ട ആവശ്യമില്ലാത്ത വെർട്ടിക്കൽ ടേക്ക് ഓഫ്, വെർട്ടിക്കൽ ലാൻഡിങ് സാങ്കേതികവിദ്യകളിലാണു ന്യൂഷെപാഡ് പേടകം പ്രവർത്തിച്ചത്. ഒരു ക്രൂ ക്യാപ്‌സ്യൂളും ബൂസ്റ്റർ റോക്കറ്റുമടങ്ങിയതാണ് ന്യൂ ഷെപാഡ്.
യാത്ര ഇങ്ങനെയായിരുന്നു
ക്രൂ മൊഡ്യൂളിലാണു യാത്രക്കാർ ഇരിക്കുക. പരമാവധി 6 പേർക്ക് ഇരിക്കാം. എല്ലാ യാത്രക്കാർക്കും നിരീക്ഷണത്തിനായി വലിയ ജാലകങ്ങൾ സീറ്റിനഭിമുഖമായുണ്ട്. ബഹിരാകാശത്തെ കാഴ്ചകൾ ഇതിലൂടെ കാണാം, ആസ്വദിക്കാം, പഠനങ്ങൾ നടത്താം. 2021ൽ ഷെപ്പാഡിന്റെ മകളായ 74 വയസ്സുകാരി ലോറയും ഈ പേടകത്തിൽ യാത്ര ചെയ്തത് ശ്രദ്ധേയമായി.വെസ്റ്റ് ടെക്‌സസിലെ സ്‌പേസ്‌പോർട്ടിൽ നിന്നായിരുന്നു ന്യൂഷെപാഡിന്റെ യാത്രകൾ.