തലയിൽ പതിക്കാവുന്ന റോക്കറ്റ് അവശിഷ്ടങ്ങൾ, വഴിതിരിച്ചുവിട്ട വിമാനങ്ങൾ; സ്റ്റാർഷിപ് പരാജയത്തിൽ അന്വേഷണം

Mail This Article
സ്പേസ് എക്‌സിന്റെ ഏഴാമത്തെ സ്റ്റാർഷിപ് പരീക്ഷണം വിക്ഷേപിച്ചു മിനിറ്റുകള്‍ക്കുള്ളിലാണ് തകർന്നുവീണത്. ആകാശത്തുനിന്നും തീമഴ പോലെ പെയ്തിറങ്ങിയ റോക്കറ്റിന്റെ അവശിഷ്ടങ്ങൾ പതിക്കാതിരിക്കാനായി മെക്‌സിക്കോ ഉൾക്കടലിനു മുകളിലൂടെ പറക്കുന്ന വിമാനങ്ങൾ വഴിമാറിയാണു സഞ്ചരിച്ചത്. സ്പേസ് എക്സ് സ്റ്റാർഷിപ്പിന്റെ വിക്ഷേപണങ്ങൾ താൽക്കാലികമായി നിര്‍ത്താനായി നിർദ്ദേശം നൽകിയിരിക്കുകയാണ് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ.
വാണിജ്യ ബഹിരാകാശ വിക്ഷേപണ വാഹനങ്ങളുടെ വർദ്ധിച്ചു വരുന്ന ലോഞ്ചുകളും അവയുടെ സുരക്ഷിതത്വത്തെക്കുറിച്ചും ചോദ്യങ്ങൾ ഉയർത്തുകയാണ് ഈ സംഭവങ്ങൾ. അതേസമയം സ്ഫോടനം സൃഷ്ടിച്ച കാഴ്ചയെ മസ്ക് വളരെ ലളിതമായാണ് എടുത്തത്. ‘വിജയം അനിശ്ചിതത്വത്തിൽ, വിനോദം ഉറപ്പ്’ എന്നായിരുന്നു 3 ബില്യണോളം(ഏകദേശം) ഡോളർ മുടക്കിയ പരീക്ഷണത്തെക്കുറിച്ചു പറഞ്ഞത്.

കാരണം നന്നായി മനസ്സിലാക്കാൻ സ്പേസ് എക്സിലെ വിദഗ്ദ സംഘം ഫ്ലൈറ്റ് ടെസ്റ്റിൽ നിന്നുള്ള ഡാറ്റ അവലോകനം ചെയ്യുന്നത് തുടരും. ഇതുപോലുള്ള ഒരു പരീക്ഷണത്തിൽ, വിജയം നമ്മൾ എത്രമാത്രം പഠിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നതായി സ്പേസ് എക്സ് എക്സിൽ വിശദീകരിച്ചു. മാർച്ചിൽത്തന്നെ അടുത്ത പരീക്ഷണവും അരങ്ങേറും.
അമേരിക്കയിൽ നിന്ന് 145 വിക്ഷേപണങ്ങളാണ് കഴിഞ്ഞ വർഷം ഭ്രമണപഥത്തിലെത്തിയത്, അഞ്ച് വർഷം മുമ്പ് ഇത് ഏകദേശം ഇരുപതിനടുത്ത് ആയിരുന്നു.രാജ്യാന്തര വിക്ഷേപണങ്ങൾ ട്രാക്ക് ചെയ്യുന്ന ജ്യോതിശാസ്ത്രജ്ഞനായ ജോനാഥൻ മക്‌ഡൊവൽ ശേഖരിച്ച ഡാറ്റ പ്രകാരം, ആ വിക്ഷേപണങ്ങളിൽ 133 എണ്ണവും സ്പേസ് എക്സിന്റേതായിരുന്നു.