‘ഫുൾ ടാങ്കിൽ' ഒരു ചാന്ദ്രയാത്ര, ഒരു മണിക്കൂറില് ലോകത്തെവിടെയും എത്താം; മസ്കിന്റെ സ്റ്റാര്ഷിപ് വിശേഷങ്ങൾ

Mail This Article
ലോകത്തെ ഏറ്റവും കരുത്തുറ്റ റോക്കറ്റായ സ്പേസ് എക്സ് സ്റ്റാർഷിപ്പിന് ഏഴാം പരീക്ഷണപ്പറക്കലിൽ റോക്കറ്റ് കത്തിനശിച്ചതിനെത്തുടർന്ന് റോക്കറ്റ് താൽക്കാലികമായി യുഎസ് ഗ്രൗണ്ട് ചെയ്തു.വിക്ഷേപണത്തറയിൽ നിന്നുയർന്നതിനു തൊട്ടുപിന്നാലെ റോക്കറ്റ് പൊട്ടിത്തെറിച്ചു കത്തിനശിക്കുകയായിരുന്നു. തുടർന്ന് ഫെഡറൽ ഏവിയേഷൻ ഏജൻസി വിഷയത്തിൽ ഇടപെട്ടു. വിക്ഷേപണ കേന്ദ്രത്തിൽ ഏജൻസി അന്വേഷണം തുടങ്ങി.
റോക്കറ്റ് നശിച്ചതുമൂലമുണ്ടായ അവശിഷ്ടങ്ങൾ 2 ദ്വീപുകളെ ബാധിച്ചെന്നും എയർലൈൻ ഗതാഗതം സ്തംഭിച്ചെന്നും ഏജൻസി അറിയിച്ചു.അടുത്ത പരീക്ഷണ വിക്ഷേപണം അടുത്തമാസത്തിനകം ഉണ്ടാകുമെന്നായിരുന്നു മസ്ക് നേരത്തെ പറഞ്ഞത്. 240 ടൺ മീഥെയ്ൻ ഇന്ധനവും 860 ടൺ ദ്രവീകൃത ഓക്സിജനുമാണു റോക്കറ്റിന്റെ വമ്പൻ സംഭരണികളിൽ സൂക്ഷിക്കുന്നത്.

കഴിഞ്ഞ വർഷം ജൂണിൽ നടന്ന നാലാം പരീക്ഷണപ്പറക്കലിലാണ് സ്റ്റാർഷിപ് ആദ്യമായി വിജയിച്ചത്. അന്ന് മണിക്കൂറിൽ 26,000 കിലോമീറ്റർ എന്ന ശബ്ദാതിവേഗം റോക്കറ്റ് നേടി. അതിനു മുൻപുള്ള 3 പരീക്ഷണങ്ങളും ഉദ്ദേശിച്ച ഫലം നൽകിയിരുന്നില്ല. പിന്നീട് നടന്ന 2 പരീക്ഷണങ്ങളും വിജയമായി. അഞ്ചാമത്തെ പരീക്ഷണപ്പറക്കലിൽ റോക്കറ്റിൽ നിന്ന് അടർന്ന ബൂസ്റ്റർ ഭാഗം യന്ത്രക്കയ്യാൽ സ്പേസ് എക്സ് പിടിച്ചെടുത്തത് ലോകശ്രദ്ധ നേടിയിരുന്നു.
വർത്തമാന കാല റോക്കറ്റുകളുടെ മഹാരാജാവ് എന്നു വിശേഷിപ്പിക്കാവുന്നതാണു സ്പേസ്എക്സിന്റെ സ്റ്റാർഷിപ് . വർഷങ്ങളായി സ്പേസ് എക്സ് ഈ റോക്കറ്റ് വികസിപ്പിച്ചുകൊണ്ടിരിക്കുന്നു. ബിഎഫ്ആർ അഥവാ ബിഗ് ഫാൽക്കൺ റോക്കറ്റ് എന്നായിരുന്നു ഇതിന് ആദ്യം നൽകിയ പേര്. പിന്നീട് ഇത് സ്റ്റാർഷിപ് എന്നാക്കി മാറ്റി.
ശീതയുദ്ധകാലത്ത് അമേരിക്കൻ ദൗത്യങ്ങളുടെ കുന്തമുനയായിരുന്നു സാറ്റേൺ ഫൈവ് എന്ന റോക്കറ്റ്. 118 ടൺ ഭാരം വഹിക്കാൻ കഴിവുള്ള ഈ റോക്കറ്റ് ചരിത്രദൗത്യങ്ങളായ അപ്പോളോ, സ്കൈലാബ് തുടങ്ങിയവയെ ലക്ഷ്യസ്ഥാനത്തെത്തിച്ചു. മൂന്നു സ്റ്റേജുകളായി ലഭിക്കുന്ന ഊർജത്തിൽ ബഹിരാകാശത്തെത്തിച്ച റോക്കറ്റിനു പക്ഷേ വിക്ഷേപണച്ചെലവു വലിയ പ്രശ്നമായിരുന്നു. 1973നു ശേഷം സാറ്റേൺ ഫൈവ് നാസ ഉപയോഗിച്ചിട്ടില്ല.
സാറ്റേൺ ഫൈവിന്റെ അതേ ശ്രേണിയിലുള്ളതാണ് ബിഎഫ്ആർ. 150 ടൺ വഹിക്കാനുള്ള ശേഷി ഇതിനെ ഇതുവരെയുള്ള റോക്കറ്റുകളിൽ ഏറ്റവും കരുത്തുറ്റതാക്കുന്നു. ഭൂമിയും മറ്റു ഗ്രഹങ്ങളും തമ്മിൽ ഗതാഗതബന്ധം സാധ്യമാക്കുന്ന ഇന്റർപ്ലാനറ്ററി ട്രാൻസ്‌പോർട്ട് സിസ്റ്റംസ് (Interplanetory Transport Systems ഐടിഎസ്) എന്ന സ്പേസ് എക്സിന്റെ വലിയ പദ്ധതിയിൽ നിർണായക സ്ഥാനമുള്ള റോക്കറ്റാണ് സ്പേസ് ഷിപ്.
സ്പേസ് എക്സിന്റെ സ്വപ്നലക്ഷ്യങ്ങളിൽ ഒന്നായ ചൊവ്വാക്കോളനിയുടെ സ്ഥാപനത്തിലും ഈ റോക്കറ്റ് സഹായകമാകും.ബഹിരാകാശത്ത് കറങ്ങിനടക്കുന്ന സ്പേസ് ഡെബ്രി എന്നറിയപ്പെടുന്ന ബഹിരാകാശ മാലിന്യം വൃത്തിയാക്കേണ്ടത് ഭാവിയുടെ ആവശ്യമാണ്. ഇതിനുള്ള സംവിധാനങ്ങൾ വഹിക്കാനും സ്റ്റാർഷിപ് റെഡി.‘ഫുൾ ടാങ്ക്’ ഇന്ധനം നിറച്ചാൽ ചന്ദ്രനിലേക്കു പോകാനും തിരിച്ചെത്താനും സ്റ്റാർഷിപ്പിനു കഴിയും. രാജ്യാന്തര ബഹിരാകാശ സ്റ്റേഷനിലേക്കുള്ള ലഗേജും ഭാവിയിൽ സ്റ്റാർഷിപ് വഹിച്ചേക്കും.എല്ലാറ്റിനും ഇണങ്ങിയ സമ്പൂർണ റോക്കറ്റ്. അതാകും സ്റ്റാർഷിപ്.

ഏറ്റവും വിശേഷപ്പെട്ടത് റോക്കറ്റിന്റെ മുകളിലുള്ള പേയ്ലോഡ് ബേയാണ്. ബഹിരാകാശത്തേക്കുള്ള 'പാക്കേജ്' (മനുഷ്യർ, ഉപഗ്രഹങ്ങൾ, യാത്രികരുടെ ലഗേജ് ഒക്കെ) വഹിക്കുന്നത് ഇവിടെയാണ്. എട്ടുനില കെട്ടിടത്തിന്റെ പൊക്കമുണ്ട് ഈ സ്ഥലത്തിന്. 40 കാബിനുകൾ അടങ്ങുന്ന ബേ പരമാവധി 120 യാത്രികരെ വഹിക്കും. 240 ടൺ മീഥെയ്നും 860 ടൺ ദ്രവീകൃത ഓക്സിജനുമാണ് സ്റ്റാർഷിപ്പിന്റെ വമ്പൻ ഇന്ധനടാങ്കുകളിൽ സൂക്ഷിക്കാനാകുന്നത്.
ഭൂരിഭാഗം വിക്ഷേപണ വാഹനങ്ങളും ഒറ്റത്തവണത്തെ ഉപയോഗത്തിനുള്ളതാണെങ്കിൽ സ്റ്റാർഷിപ്പിന്റെ ഓരോ ഭാഗവും, ഭൂമിയിൽ നിന്നുള്ള ആദ്യത്രസ്റ്റ് കൊടുക്കുന്ന ബൂസ്റ്റർ റോക്കറ്റുകളാകട്ടെ, ചൊവ്വയിലേക്കു കടക്കുന്ന സ്പെയ്സ്ക്രാഫ്റ്റാകട്ടെ, പലതവണ ഉപയോഗിക്കാൻ കഴിയും. ആദ്യഘട്ട നിർമാണച്ചെലവു കൂടുതലാണെങ്കിലും വിക്ഷേപണങ്ങൾ വർധിക്കുന്നതോടെ സ്റ്റാർഷിപ് വലിയ ലാഭത്തിലേക്കു നയിക്കുമെന്നാണു സ്പെയ്സ് എക്സ് പ്രതീക്ഷിക്കുന്നത്.
ചന്ദ്ര, ചൊവ്വ യാത്ര പോലുള്ള സ്വപ്നപദ്ധതിക്കു പുറമേ ഭൂമിയിലെ യാത്രയ്ക്കും സ്റ്റാർഷിപ് ഉപയോഗിക്കാം. ലോകത്തെവിടെയും ഒരു മണിക്കൂറിനുള്ളിൽ സഞ്ചരിച്ചെത്താമെന്നു പറയുന്നത് സാക്ഷാൽ ഇലോൺ മസ്ക് തന്നെയാണ്.
ഇൻട്രാ എർത്ത് ട്രാവൽ എന്നാണ് ഇതിനു നൽകിയിരിക്കുന്ന പേര്. എപ്പോഴും എവിടെയും എത്രയും പെട്ടെന്ന് എത്താൻ കഴിയുക എന്നൊരു സൗകര്യമാകാം സമീപഭാവിയിൽ സ്റ്റാർഷിപ് റോക്കറ്റ് യാഥാർഥ്യമാക്കുന്നത്. കേരളത്തിൽ നിന്നു ന്യൂയോർക്കിലോ ദുബായിലോ ഒക്കെ പോയി ജോലി ചെയ്തു തിരികെ വന്ന് വീട്ടിൽ നിന്ന് അത്താഴം കഴിക്കുന്ന ഒരു കാലമാകാം അന്നു വരിക.