ബഹിരാകാശനിലയത്തിന്റെ പുറത്ത് സൂക്ഷ്മാണുക്കളെ തേടാൻ സുനിത! ശ്രദ്ധേയമായ ബഹിരാകാശ നടത്തം

Mail This Article
രാജ്യാന്തര ബഹിരാകാശ നിലയത്തിനു പുറത്തിറങ്ങി ഒരു ബഹിരാകാശനടത്തം കൂടി നടക്കാനൊരുങ്ങുകയാണു സുനിത വില്യംസ്. വളരെ വ്യത്യസ്തമായ ഒരു ലക്ഷ്യം ഈ നടത്തത്തിനുണ്ട്. നിലയത്തിനു വെളിയിൽ നിന്ന് തുടച്ചെടുത്തു സാംപിളുകളുണ്ടാക്കുക എന്നതാണ് ഇത്. നിലയത്തിന്റെ ലൈഫ് സപ്പോർട്ട് വെന്റുകളിൽ നിന്നാകും ഈ സാംപിളുകൾ എടുക്കുന്നത്. നിലയത്തിൽ നിന്ന് പുറത്തുപോകുന്ന സൂക്ഷ്മാണുക്കളെപ്പറ്റി പഠിക്കുക, ഇവയെങ്ങനെ ഇത്രയും ദുഷ്കരമായ സാഹചര്യങ്ങളിൽ ജീവിക്കുന്നെന്നു മനസ്സിലാക്കുക തുടങ്ങിയവയാണു ലക്ഷ്യങ്ങൾ.
1998 നവംബർ 2നാണ് നിലയം സജ്ജമായത്.ശീതയുദ്ധകാലത്തിനുശേഷം വിവിധ ശാക്തികചേരികൾ തമ്മിലുണ്ടായ മൈത്രിയുടെ പ്രതീകമാണ് രാജ്യാന്തര ബഹിരാകാശ നിലയം. നാസയ്ക്കാണു പ്രധാനനേതൃത്വമെങ്കിലും ബഹുരാഷ്ട്ര പങ്കാളിത്തത്തോടെയാണു രാജ്യാന്തര ബഹിരാകാശ നിലയം വിഭാവനം ചെയ്തതും സ്ഥാപിച്ചതും. 1984ൽ യുഎസ് പ്രസിഡന്റായിരുന്ന റൊണാൾഡ് റീഗനാണ് പദ്ധതി ആവിഷ്കരിച്ചത്.ബഹിരാകാശത്ത് സ്ഥിരസാന്നിധ്യമൊരുക്കി ഗവേഷണത്തിനും യാത്രികരുടെ താമസത്തിനുമുള്ള സൗകര്യം സജ്ജമാക്കുകയാണ് ബഹിരാകാശ നിലയങ്ങളുടെ ധർമം.
ഓരോ 90 മിനിറ്റിലും ഭൂമിയെ വലം വയ്ക്കുന്നു
1998ൽ നിർമാണം തുടങ്ങിയ രാജ്യാന്തര ബഹിരാകാശ നിലയം 2011ൽ പൂർണാർഥത്തിൽ യാഥാർഥ്യമായി.ഇപ്പോഴും പുതിയ ദൗത്യങ്ങളും പരീക്ഷണങ്ങളും ഇവിടെ നടക്കുന്നു. 2000 നവംബർ 2 മുതൽ നിലയത്തിൽ മുഴുവൻ സമയവും മനുഷ്യ സാന്നിധ്യമുണ്ടായിരുന്നു. യൂറോപ്യൻ സ്പേസ് ഏജൻസി അംഗരാജ്യങ്ങൾ, യുഎസ്, റഷ്യ, കാനഡ, ജപ്പാൻ എന്നിവ രാജ്യാന്തര ബഹിരാകാശ നിലയത്തിന്റെ പ്രവർത്തനങ്ങളിൽ ഭാഗഭാക്കാണ്. യുഎസ് 153 പേരെയും റഷ്യ 50 പേരെയും ഇങ്ങോട്ടേക്ക് അയച്ചിട്ടുണ്ട്. 2021 വരെ 9 രാജ്യങ്ങളിൽ നിന്നായി 244 യാത്രികർ നിലയം സന്ദർശിച്ചിട്ടുണ്ടെന്നു നാസയുടെ കണക്ക് പറയുന്നു.

ഭൂമിയിൽനിന്ന് 400 കിലോമീറ്റർ അകലെ മണിക്കൂറിൽ 28,000 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കുന്ന രാജ്യാന്തര ബഹിരാകാശ നിലയം ഓരോ 90 മിനിറ്റിലും ഭൂമിയെ വലം വയ്ക്കുന്നു. 2024 വരെയുള്ള നിലയത്തിന്റെ പ്രവർത്തന പരിപാടികൾ ചാർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 2028 വരെ ഇതു പ്രവർത്തന യോഗ്യമായി തുടരുമെന്നും പ്രതീക്ഷിക്കുന്നു. എന്നാൽ അതിനുശേഷം?
2031ൽ രാജ്യാന്തര ബഹിരാകാശ നിലയം ഡീകമ്മിഷൻ ചെയ്യപ്പെടുമെന്നാണു പറയുന്നത്. ഇതോടെ നാസയുടെ ഈ മേഖലയിലെ അപ്രമാദിത്വത്തിനു തിരശ്ശീല വീഴുമെന്നും ചില കരുതുന്നു. ചൈനയുടെയും റഷ്യയുടെയും നിലയങ്ങൾ ഈ കാലയളവാകുമ്പോഴേക്കും പൂർണ സജ്ജമാകുന്നതു യുഎസിനു വലിയ വെല്ലുവിളി സൃഷ്ടിക്കും.
ചന്ദ്രന്റെ ഭ്രമണപഥത്തിൽ ഒരു ബഹിരാകാശനിലയം
രാജ്യാന്തര നിലയത്തിന്റെ അന്ത്യത്തോടെ ബഹിരാകാശ നിലയങ്ങളുടെ മേഖലയിൽ വലിയ മാറ്റങ്ങൾ വരുമെന്നു പ്രതീക്ഷിക്കുന്നവരുമുണ്ട്. ചന്ദ്രനിലേക്കു മനുഷ്യരെ വീണ്ടുമെത്തിക്കുന്ന യുഎസിന്റെ ആർട്ടിമിസ് ദൗത്യം നടക്കാനിരിക്കുന്നതിനാൽ നാസയുടെ ശ്രദ്ധ മുഴുവൻ അതിലാണ്. അതിന്റെ ഭാഗമായി ചന്ദ്രന്റെ ഭ്രമണപഥത്തിൽ ഒരു ബഹിരാകാശനിലയം (ലൂണർ ഗേറ്റ്‌വേ) സ്ഥാപിക്കാൻ നാസ പദ്ധതിയിടുന്നുണ്ട്. അതിനാൽ രാജ്യാന്തര ബഹിരാകാശ നിലയം ഉൾപ്പെടുന്ന താഴ്ന്ന ഭൗമഭ്രമണപഥ സ്പേസ് സ്റ്റേഷൻ മേഖലയിലേക്കു സ്വകാര്യകമ്പനികളെ ക്ഷണിക്കാനാണ് ഏജൻസിക്കു താൽപര്യം.
രാജ്യാന്തര നിലയവുമായുള്ള സഹകരണം 2024ൽ റഷ്യ അവസാനിപ്പിക്കുമെന്ന അഭ്യൂഹം ശക്തമാണ്. സ്വന്തം നിലയിൽ ബഹിരാകാശ നിലയം നിർമിക്കുകയെന്ന ലക്ഷ്യത്തിലേക്കാണു റഷ്യ പോകുന്നത്. യുക്രെയ്ൻ യുദ്ധവുമായി ബന്ധപ്പെട്ട് യുഎസ്, നാറ്റോ കക്ഷികളായ യൂറോപ്യൻ രാജ്യങ്ങൾ എന്നിവരുമായി ഉടലെടുത്ത പ്രശ്നങ്ങളാണ് സ്വന്തം നിലയം എന്ന ലക്ഷ്യത്തിലേക്കു വീണ്ടും റഷ്യയെ നയിക്കുന്നത്.
ഇന്ത്യയുടെ ഭാരതീയ അന്തരീക്ഷ് സ്റ്റേഷനും അപ്പോഴേക്കും യാഥാർഥ്യമാകുമെന്നാണു കരുതപ്പെടുന്നത്.ചൈനയുടെ സ്വപ്നപദ്ധതിയായ ടിയൻഗോങ് ബഹിരാകാശ നിലയത്തിന്റെ നിർമാണം അതിവേഗം പുരോഗമിക്കുകയുമാണ്.രാജ്യാന്തര ബഹിരാകാശ നിലയത്തിൽ ചൈനയെ സഹകരിപ്പിക്കാൻ യുഎസ് അനുവദിച്ചിരുന്നില്ല.