സുനിത വില്യംസ് 'കുടുങ്ങിയിട്ട്' 8 മാസം,നാസയ്ക്കും എന്താണ് തിരികെ എത്തിക്കാനാകാത്തത്; വിശദമായി അറിയാം

Mail This Article
ന്യൂമെക്സികോയിലെ വൈറ്റ് സാൻഡ് സ്പേസ് ഹാർബറിൽ സെപ്റ്റംബർ 6ന് ബോയിങിന്റെ സ്റ്റാർലൈനർ തിരികെയെത്തിയത് ലോകമൊട്ടാകെയുള്ളവരിൽ ആശങ്ക അവശേഷിപ്പിച്ചാണ്. സ്‌പേസ് എക്‌സിന്റെ ക്രൂ ഡ്രാഗണിനെപ്പോലെ ബഹിരാകാശയാത്രികരെ ഐഎസ്എസിലേക്കും പുറത്തേക്കും കൊണ്ടുപോകാൻ കഴിവുള്ള രണ്ടാമത്തെ യുഎസ് ബഹിരാകാശ പേടകമായി സ്റ്റാർലൈനറിനെ മാറ്റുകയായിരുന്നു നാസയുടെ ലക്ഷ്യം.
സ്റ്റാര്‍ലൈനറിന്റെ മനുഷ്യരേയും വഹിച്ചുള്ള ഐഎസ്എസിലേക്കുള്ള ആദ്യ പരീക്ഷണത്തിന്റെ ഭാഗമായി ജൂണ്‍ അഞ്ചിനാണ് ഇന്ത്യന്‍ വംശജ സുനിത വില്യംസും ബുച്ച് വില്‍മോറും ഭൂമിയില്‍ നിന്നും പുറപ്പെട്ടത്. ജൂണ്‍ ഏഴിന് ഐഎസ്എസിലെത്തി ജൂണ്‍ 13ന് മടങ്ങാനായിരുന്നു പദ്ധതി. എന്നാല്‍ സ്റ്റാര്‍ലൈനര്‍ പേടകത്തിന്റെ ത്രസ്റ്ററുകള്‍ക്കുണ്ടായ തകരാറുകളും ഹീലിയം ചോര്‍ച്ചയും എല്ലാം മാറ്റി മറിച്ചു.

സ്റ്റാര്‍ലൈനര്‍ പേടകത്തില്‍ ദിശ നിയന്ത്രിക്കുന്നതിനുള്ള 28 ത്രസ്റ്ററുകളില്‍ അഞ്ചെണ്ണം ഐഎസ്എസിലേക്കുള്ള ഡോക്കിങ്(ഘടിപ്പിക്കാനുള്ള) ശ്രമത്തിനിടെ പ്രവര്‍ത്തനരഹിതമായി. ഇതോടെ ഏതാനും ദിവസങ്ങള്‍ എന്നു കരുതിയിരുന്ന പരീക്ഷണ ദൗത്യം അനിശ്ചിതമായി നീളുകയായിരുന്നു.

നീണ്ട ദൗത്യം, വിവിധ അനുഭവങ്ങൾ
കമാൻഡർ സുനിത: രാജ്യാന്തര ബഹിരാകാശ നിലയത്തിലെ താമസം അപ്രതീക്ഷിതമായി നീണ്ടതോടെ അവിടത്തെ കമാൻഡറുടെ ചുമതലയും സുനിത വില്യംസ് ഏറ്റെടുത്ത്. നിലയം കമാൻഡർ ആയിരുന്ന റഷ്യൻ സഞ്ചാരി ഒലേഗ് കൊനോനെങ്കോ ഭൂമിയിലേക്കു മടങ്ങിയതോടെ സുനിത ആ ഒഴിവു നികത്തി. രാജ്യാന്തര ബഹിരാകാശ നിലയത്തിലെ (ഐഎസ്എസ്) ഗവേഷണ പ്രവർത്തനങ്ങൾ ഉൾപ്പെടെ വിവിധ ദൗത്യങ്ങളുടെ ഏകോപനച്ചുമതലയാണു സുനിതയ്ക്കുണ്ടായിരുന്നത്.

ആകെ ക്ഷീണിച്ചെന്ന് വാർത്തകൾ: ബഹിരാകാശനിലയത്തിൽ ക്ഷീണിച്ചിരിക്കുന്ന രീതിയിലുള്ള സുനിതയുടെ ചിത്രങ്ങൾ പ്രചരിച്ചതോടെ ആരോഗ്യകാര്യങ്ങളിൽ ആശങ്കയുയർന്നു. പക്ഷേ പിസ്സ, റോസ്റ്റ് ചിക്കൻ, ചെമ്മീൻ കോക്‌ടെയിലുകൾ എന്നിവയുൾപ്പടെ പല വിഭവങ്ങളും കഴിക്കുന്നുണ്ടെന്നും ആരോഗ്യത്തില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നുമാണ് സ്റ്റാര്‍ലൈന്‍ മിഷനുമായി ബന്ധപ്പെട്ട ഒരു വിദഗ്ദന്‍ പറഞ്ഞു.
ഇടവേളകളിൽ അൽപ്പം കൃഷിയും: പ്ലാന്റ് ഹാബിറ്റാറ്റ്-07 എന്ന മൈക്രോ ഗ്രാവിറ്റിയിലെ കൃഷികളിലെ പരീക്ഷണത്തിന്റെ ചുമതലയും സുനിത വില്യംസ് ഏറ്റെടുത്തു.
ബഹിരാകാശം അടിപൊളി: സ്കൂൾ വിദ്യാർഥികളുമായി ബഹിരാകാശത്ത് നിന്നും നടത്തിയ ഒരു സംവാദത്തിൽ .ബഹിരാകാശത്ത് താമസിക്കുന്നത് അടിപൊളി അനുഭവമാണെന്നാണ് സുനിത വില്യംസ് പറയുന്നത്.

ബഹിരാകാശത്ത് ഒരു നടത്തം: സുനിത വില്യംസ് രാജ്യാന്തര ബഹിരാകാശ നിലയത്തിനു പുറത്തെ അറ്റകുറ്റപ്പണികൾക്കായുള്ള ബഹിരാകാശ നടത്തത്തിനായി പുറത്തിറങ്ങി. സുനിതയുടെ എട്ടാമത്തെ ‘സ്പേസ‌്‌വോക്’ ആണിത്. നിലയത്തിലെ സഹപ്രവർത്തകൻ നിക്ക് ഹേഗിനൊപ്പമായിരുന്നു നടത്തം.
ഇരുവർക്കും ഭൂമിയിലേക്കു മടങ്ങാനായി ഫെബ്രുവരിയിൽ പേടകം അയയ്ക്കാമെന്നാണ് ‘നാസ’യുടെ ഉറപ്പ്. മാർച്ച് മാസമായിരിക്കും ഇരുവരുടെയും മടങ്ങിവരവ്. അതേസമയം ഇലോൺ മസ്കിനോട് സുനിത വില്യംസിന്റെയും ബുച്ച് വിൽമോറിന്റെയും മടക്കയാത്രയ്ക്കായി പ്രസിഡന്റ് ഡോണൾഡ് ട്രംപ് സഹായം തേടിയതായാണ് ഏറ്റവും പുതിയ റിപ്പോർട്ട്.
ശരിക്കും കുടുങ്ങിയില്ലേ?
അതെ, ഇതാണ് നാസയുടെ ഉൾപ്പെടെ വിശദീകരണം. ദൗത്യം അൽപ്പം നീണ്ടുപോയതു മാത്രം. സുനിത വില്യംസും ബുച്ച് വിൽമോറും സാങ്കേതികമായി കുടുങ്ങിയിട്ടില്ല, ഇരുവരും അവിടെ ഒറ്റയ്ക്കല്ല. അഞ്ചോളം ബഹിരാകാശ വാഹനങ്ങൾ നിലയത്തിൽ ഡോക് ചെയ്തിട്ടുണ്ട്.സ്‌പേസ് എക്‌സ് ഡ്രാഗൺ എൻഡവർ (ക്രൂ-8 മിഷൻ), നോർത്ത്‌റോപ്പ് ഗ്രുമ്മൻ റീസപ്ലൈ കപ്പൽ, സോയൂസ് എംഎസ്-25 ക്രൂ ഷിപ്പ്, പ്രോഗ്രസ് 88, 89 റീസപ്ലൈ എന്നിവയാണ് അവ. മാത്രമല്ല ഏതെങ്കിലും മോശം സാഹചര്യമുണ്ടായാൽ തിരികെ എത്താനായി ക്രൂ ക്യാപ്സൂളുകളും ഉണ്ട്.