ADVERTISEMENT

ബഹിരാകാശയാത്രിക സുനിത വില്യംസും സഹപ്രവർത്തകനായ ബുച്ച് വിൽമോറും കഴിഞ്ഞ വർഷം ജൂൺ മുതൽ രാജ്യാന്തര ബഹിരാകാശ നിലയത്തില്‍ കുടുങ്ങിക്കിടക്കുകയാണ്. തിരികെ എത്തുമ്പോൾ ഇരുവരും അനുഭവിക്കേണ്ടി വരിക സമാനതകളില്ലാത്ത ശാരീരിക അസ്വാസ്ഥ്യങ്ങളായിരിക്കുമെന്നാണ് നിഗമനം. ശരീരത്തിനുണ്ടാകുന്ന കഠിനമായ വെല്ലുവിളികൾ നേരിടാനുള്ള തയാറെടുപ്പിലാണ് സുനിത വില്യംസും ബുച്ചും.

സ്റ്റാര്‍ലൈനറിന്റെ മനുഷ്യരേയും വഹിച്ചുള്ള ഐഎസ്എസിലേക്കുള്ള ആദ്യ പരീക്ഷണത്തിന്റെ ഭാഗമായി ജൂണ്‍ അഞ്ചിനാണ് ഇന്ത്യന്‍ വംശജ സുനിത വില്യംസും ബുച്ച് വില്‍മോറും ഭൂമിയില്‍ നിന്നും പുറപ്പെട്ടത്. ജൂണ്‍ ഏഴിന് ഐഎസ്എസിലെത്തി ജൂണ്‍ 13ന് മടങ്ങാനായിരുന്നു പദ്ധതി. എന്നാല്‍ സ്റ്റാര്‍ലൈനര്‍ പേടകത്തിന്റെ ത്രസ്റ്ററുകള്‍ക്കുണ്ടായ തകരാറുകളും ഹീലിയം ചോര്‍ച്ചയും എല്ലാം മാറ്റി മറിച്ചു. ദീർഘനാളത്തെ ബഹിരാകാശവാസത്തിന് ശേഷം ഇരുവരും മാർച്ച് 19 ന് ഭൂമിയിലേക്ക് മടങ്ങുമെന്ന് പ്രതീക്ഷിക്കുന്നത്

ഒരു പെൻസിൽ ഉയർത്തുന്നത് പോലും കഠിനമാകും

തിരികെയുള്ള യാത്ര പോലെ പ്രധാനമാണ്, ദീര്‍ഘകാലം ബഹിരാകാശത്ത് ചിലവഴിച്ച ശേഷം മടങ്ങിയെത്തുന്ന ബഹിരാകാശ യാത്രികരുടെ ആരോഗ്യസ്ഥിതിയും. ഇതുവരെ നേരിട്ടതിൽ വച്ച് ഏറ്റവും കഠിനമായ വെല്ലുവിളിയെ നേരിടാൻ തയ്യാറെടുക്കുകയാണത്രെ സുനിത വില്യംസ്- ഭൂമിയുടെ ഗുരുത്വാകർഷണവുമായി പൊരുത്തപ്പെടുകയെന്നതാണത്. ഗുരുത്വാകർഷണം മനുഷ്യശരീരത്തെ ശിക്ഷിക്കുന്ന സന്ദർഭം. ഈ കാലയളവില്‍ ഒരു പെൻസിൽ ഉയർത്തുന്നത് പോലും കഠിന വ്യായാമം പോലെ തോന്നുമെന്നും വിദഗ്ദർ പറയുന്നു.

ഗുരുത്വാകർഷണം ശരീര ദ്രവങ്ങളെയെല്ലാം താഴേക്ക് വലിക്കാൻ തുടങ്ങും, ശരീരം ഗുരുത്വാകർഷണ ശക്തികളുമായി പൊരുത്തപ്പെടുമ്പോൾ ഈ മാറ്റം അസ്വസ്ഥതയ്ക്കും ഭാരം തോന്നുന്നതിനും കാരണമാകും. തിരികെ ഭൂമിയിലെ ജീവിതവുമായി പൊരുത്തപ്പെടുന്നത് വെല്ലുവിളി നിറഞ്ഞതായിരിക്കുമെന്ന് സമ്മതിച്ചുകൊണ്ട് സുനിത വില്യംസും ഈ ചിന്തകൾ ബുച്ച് വിൽമോറിനൊപ്പം മുൻപ് പങ്കുവച്ചിട്ടുണ്ട്.

sunita-williams-sport - 1

അസ്ഥികളും ഹൃദയവും പൊരുത്തപ്പെടണം

യൂറോപ്യൻ ബഹിരാകാശ ഏജൻസി (ഇഎസ്എ) നടത്തിയ സമീപകാല പരീക്ഷണങ്ങളിൽ ഐഎസ്എസിൽ മാസങ്ങളോളം ചെലവഴിക്കുന്ന ബഹിരാകാശയാത്രികരിൽ തരുണാസ്ഥികളുടെ ദ്രവികരണത്തിന്റെ തെളിവുകൾ കണ്ടെത്തി. ചലനം കുറയുന്നത് തരുണാസ്ഥി കനം കുറയുന്നതിനും സെല്ലുലാർ ക്ലസ്റ്ററിങിനും കാരണമാകുമത്രെ.

ബഹിരാകാശത്ത് ജോലിഭാരം കുറവായതിനാല്‍ അതിനോട് പൊരുത്തപ്പെട്ട ഹൃദയത്തിന് തിരിച്ചെത്തുമ്പോള്‍ രക്തചംക്രമണത്തിനായി കൂടുതല്‍ അധ്വാനിക്കേണ്ടിവരും.മാസങ്ങളോളം ഭാരമില്ലാതെ പൊങ്ങിക്കിടന്ന ശരീരത്തിനെ ഗുരുത്വാകർഷണബലത്തിൽ എങ്ങനെ പ്രവർത്തിക്കണമെന്നതും പതിയെ പഠിപ്പിക്കേണ്ടിവരും.

ഭൂമിയിലേക്ക് മടങ്ങാൻ തയ്യാറെടുക്കുമ്പോൾ ശക്തിയും അസ്ഥികളുടെ സാന്ദ്രതയും വീണ്ടെടുക്കുക എന്ന ലക്ഷ്യത്തോടെ സുനിത വില്യംസും ബുച്ച് വിൽമോറും കർശനമായ പരിശീലനങ്ങൾക്ക് വിധേയയാകാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പേശികളുടെ ബലം വീണ്ടെടുക്കുന്നതിനും ചലനം സുഗമമാക്കുന്നതിനുമായി ഫിസിയോതെറാപ്പി, വ്യായാമങ്ങള്‍, കാർഡിയോവാസ്കുലാർ വ്യായാമങ്ങള്‍, കൃത്യമായ ഡയറ്റ് എന്നിവയും ഇതില്‍ ഉള്‍പ്പെടുന്നു.

നീണ്ട ദൗത്യം, വിവിധ അനുഭവങ്ങൾ

കമാൻ‍ഡർ സുനിത: രാജ്യാന്തര ബഹിരാകാശ നിലയത്തിലെ താമസം അപ്രതീക്ഷിതമായി നീണ്ടതോടെ അവിടുത്തെ കമാൻഡറുടെ ചുമതലയും സുനിത വില്യംസ് ഏറ്റെടുത്തു. നിലയം കമാൻഡർ ആയിരുന്ന റഷ്യൻ സഞ്ചാരി ഒലേഗ് കൊനോനെങ്കോ ഭൂമിയിലേക്കു മടങ്ങിയതോടെ സുനിത ആ ഒഴിവു നികത്തി. രാജ്യാന്തര ബഹിരാകാശ നിലയത്തിലെ (ഐഎസ്എസ്) ഗവേഷണ പ്രവർത്തനങ്ങൾ ഉൾപ്പെടെ വിവിധ ദൗത്യങ്ങളുടെ ഏകോപനച്ചുമതലയാണു സുനിതയ്ക്കുണ്ടായിരുന്നത്.

അഭിമാന നേട്ടം 

രാജ്യാന്തര ബഹിരാകാശ നിലയത്തിനു ( ഐഎസ്എസ്) പുറത്ത് 5 മണിക്കൂർ 26 മിനിറ്റ് നടന്നതോടെ ആകെ 62 മണിക്കൂർ 6 മിനിറ്റെന്ന റെക്കോർഡോടെ സുനിത വില്യംസ് അഭിമാന നേട്ടം കൈവരിക്കാനും കഴിഞ്ഞു.

English Summary:

Lifting a pencil will feel like workout': How gravity will 'punish' Sunita Williams on return from space

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com