ആകാശഗംഗയുടെ കേന്ദ്രത്തിൽ തീജ്വാലകൾ!, അറിഞ്ഞതൊന്നും ഒന്നുമല്ല, അമ്പരന്ന് ശാസ്ത്രലോകം!

Mail This Article
ക്ഷീരപഥത്തിന്റെ കേന്ദ്രഭാഗത്തു സ്ഥിതി ചെയ്യുന്ന സജിറ്റേറിയസ് എ സ്റ്റാർ തമോഗർത്തത്തിൽ നിന്ന് തീജ്വാലകൾ പ്രവഹിക്കുന്നതായി പുതിയ പഠനം. ജയിംസ് വെബ് ടെലിസ്കോപ് ഉപയോഗിച്ച് നടത്തിയ നിരീക്ഷണത്തിലാണ് ഇതു കണ്ടെത്തിയത്.ഭൂമിയിൽ നിന്ന് 26000 പ്രകാശവർഷങ്ങൾ അകലെ സ്ഥിതി ചെയ്യുന്നതാണ് ഈ തമോഗർത്തം. ഗവേഷണം അസ്ട്രോഫിസിക്കൽ ജേണൽ ലെറ്റേഴ്സ് എന്ന ശാസ്ത്രജേണലിൽ പ്രസിദ്ധീകരിച്ചു.
സജിറ്റേറിയസ് എ സ്റ്റാറിൽ കഴിഞ്ഞ കുറച്ചുകാലമായി ഇത്തരം അസ്ഥിരതകളുണ്ടെന്നും ഇതിന്റെ പഠനം കൗതുകമാകുന്നത് ഇതുമൂലമാണെന്നും ഗവേഷകർ പറഞ്ഞു.1931ൽ പ്രശസ്ത ശാസ്ത്രജ്ഞനായ കാൾ ജാൻസ്കി, ക്ഷീരപഥത്തിന്റെ കേന്ദ്രസ്ഥാനത്തു നിന്നും ഒരു സിഗ്നൽ വരുന്നതായി മനസ്സിലാക്കി.സംഭവം എന്താണെന്നോ കേന്ദ്രസ്ഥാനത്ത് ഏതു വസ്തുവാണുള്ളതെന്നോ ജാൻസ്കിക്കു മനസ്സിലായില്ല.

1982ൽ ശാസ്ത്രജ്ഞൻ റോബർട് ബ്രൗൺ ഈ മേഖലയെ സജിറ്റേറിയസ് എ എന്നു പേരിട്ടു വിളിക്കാൻ തുടങ്ങി.ഇരുന്നൂറോളം നക്ഷത്രങ്ങൾ ഈ വസ്തുവിനെ വലംവയ്ക്കുന്നുണ്ടെന്നും ബ്രൗൺ കണ്ടെത്തി.43 ലക്ഷം സൂര്യൻമാരുടെ പിണ്ഡവും ഈ മേഖലയിലുണ്ടെന്നു കണ്ടെത്തിയതോടെ സജിറ്റേറിയസ് എ ശാസ്ത്രജ്ഞൻമാർക്കിടയിലൊരു ചർച്ചാവിഷയമായി മാറി.
ജൂലൈ 2018ൽ അജ്ഞാത മേഖലയായ സജിറ്റേറിയസ് എ ഒരു ബ്ലാക്ക്ഹോൾ തന്നെയാണെന്നു തെളിഞ്ഞു.ഇതു മാത്രമല്ല, ലോകത്തുള്ള പല ഗാലക്സികളുടെയും നടുക്ക് ഭയങ്കര ഗുരുത്വബലമുള്ള ബ്ലാക്ക് ഹോളുകളാണെന്നും പിന്നീടു തെളിഞ്ഞു.ബ്ലാക്ക് ഹോളുകൾ പ്രപഞ്ചത്തിലെ ഏറ്റവും നിഗൂഢമായ സംഭവമാണ്.
നക്ഷത്രങ്ങൾ കുറേക്കാലം കഴിഞ്ഞ് ഉള്ളിലുള്ള ഇന്ധനമെല്ലാം കത്തിത്തീരുമ്പോഴാണ് ബ്ലാക്ക് ഹോളുകളായി മാറുന്നത്ത്. ഭയങ്കര പിണ്ഡം (mass) ഉള്ളവയാണ് ഇവ. പിണ്ഡം വളരെ കൂടിയവയെ സൂപ്പർ മാസീവ് ബ്ലാക്ക് ഹോളെന്നും സാധാരണ പിണ്ഡമുള്ളവയെ സ്റ്റെല്ലാർ ബ്ലാക്ക്ഹോളെന്നുമാണ് വിളിക്കുന്നത്.സജിറ്റേറിയസ് എ സൂപ്പർമാസീവ് ബ്ലാക്ക്ഹോളാണ്. സിഗ്നസ് എക്സ് 1,എം87,സെന്റാറസ് എ തുടങ്ങിയവയും നമുക്ക് അറിയാവുന്ന ബ്ലാക്ക്ഹോളുകളാണ്.
നമ്മൾ സമയമെന്നു പറയുന്നത് പ്രപഞ്ചത്തിലെ ഒരു അളവാണെന്നറിയാമല്ലോ, ബ്ലാക്ക് ഹോളിലേക്ക് അടുക്കുന്തോറും സമയം നീങ്ങുന്ന തോത് വളരെ കൂടുതലായിരിക്കും.ബ്ലാക്ക് ഹോളിനടുത്തേക്ക് എത്തുന്ന വസ്തുക്കൾ അതിനുള്ളിലേക്കു പിടിച്ചെടുക്കപ്പെടും.ചില ബ്ലാക്ക്ഹോളുകൾ ചുറ്റുമുള്ള വസ്തുക്കളെ വളരെ അക്രമണാത്മകമായ രീതിയിൽ വിഴുങ്ങാറുണ്ട്.