2032ൽ ഭൂമിക്കുനേരേ കുതിച്ചെത്തുന്ന ഛിന്നഗ്രഹം 'സിറ്റി കില്ലർ',അപകട മേഖലയിൽ മുംബൈയും!; ഒന്നും ഭയപ്പെടാനില്ലെന്ന് നാസ

Mail This Article
2024 വൈആർ4 എന്ന ഛിന്നഗ്രഹം അടുത്തിടെ ലോകമെമ്പാടും ഭീതി പടർത്തിയിരുന്നു. 67ൽ ഒരു ചാൻസേയുള്ളെങ്കിലും ,ഭൂമിക്കുനേരെ കുതിച്ചെത്തിയേക്കാമെന്നും കരുതുന്ന ഛിന്നഗ്രഹത്തിനെ 'സിറ്റി കില്ലർ' എന്ന നാമകരണം ചെയ്യുകയും ചെയ്തു. 2032 ഡിസംബർ 22ന് ഈ ഛിന്നഗ്രഹം ഭൂമിയുടെ സമീപത്തേക്ക് എത്തിയേക്കാമെന്നായിരുന്നു റിപ്പോർട്ടുകൾ.
ഈ ഛിന്നഗ്രഹം നമ്മുടെ ഗ്രഹത്തിൽ ഇടിക്കാനുള്ള സാധ്യത ഒരു ശതമാനത്തിന് മുകളിലായതിനാൽ, നാസ ഉൾപ്പെടെ ലോകമെമ്പാടുമുള്ള ബഹിരാകാശ ഏജൻസികൾ അതിന്റെ സഞ്ചാരപഥം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയായിരുന്നു. 2024 വൈആർ4നായി പ്രതീക്ഷിക്കുന്ന ആഘാത ഇടനാഴിയുടെ സിമുലേഷൻ വിഡിയോയും ഗവേഷകർ പോസ്റ്റ് ചെയ്തിരുന്നു.
കിഴക്കൻ പസഫിക് സമുദ്രം മുതൽ ദക്ഷിണേഷ്യ വരെയാണ് അപകട മേഖല വ്യാപിച്ചിരിക്കുന്നത്, ഇതിൽ മുംബൈയും ഉൾപ്പെടുന്നുണ്ടെന്നാണ് റിപ്പോർട്ടുകള്‍. പക്ഷേ ഈ റിപ്പോർട്ടുകളിലൊന്നും ഭയപ്പെടേണ്ട കാര്യമില്ലെന്ന് നാസ. ഫെബ്രുവരി 19ന് നാസ എക്സിൽ പോസ്റ്റ് ചെയ്ത റിപ്പോർട്ട് പ്രകാരം ആഘാത സാധ്യത വീണ്ടും കുറഞ്ഞതായി പ്രഖ്യാപിച്ചു.
യൂറോപ്യൻ ബഹിരാകാശ ഏജൻസിയും (ESA) സമാനമായ ഒരു അപ്‌ഡേറ്റ് പുറത്തിറക്കിയതിൽ ആഘാത സാധ്യത 73ൽ ഒന്നായി കുറയുമെന്നു അറിയിച്ചു. പരിക്രമണ പാതയിലെ വ്യത്യാസങ്ങൾ ഇത് ക്രമേണ പൂജ്യമായി മാറിയേക്കാം
500 ആറ്റം ബോംബുകളുടെ പ്രഹരശേഷി
ഏകദേശം എട്ടുവര്‍ഷത്തിനുളളില്‍ ഭൂമിയില്‍ ഇടിക്കാന്‍ ഇടയുള്ള ഈ അസ്റ്ററോയിഡിന് 500 ആറ്റം ബോംബുകളുടെ പ്രഹരശേഷിയാണ് ഉള്ളത് എന്ന് മറ്റൊരു പഠനം അവകാശപ്പെട്ടിരുന്നു. ഹിരോഷിമയില്‍ ഇട്ട ബോംബുമായി താരതമ്യം ചെയ്താണ് ഈ കണക്ക്. ഇത് വാഷിങ്ഡണ്‍ ഡിസിയോളം വരുന്ന ഒരു പ്രദേശം ഇല്ലാതാക്കാന്‍ കെല്‍പ്പുള്ളതാണെന്നാണ് വിലയിരുത്തല്‍. എട്ടു മെഗാടണ്‍ ടിന്‍ടിക്ക് സാധിക്കുന്നത്ര ഊര്‍ജമാകും ആഘാതം പുറംതള്ളുക.
ഹിരോഷിമയില്‍ ഇട്ട ബോംബ് ഏകദേശം 15 കിലോടണ്‍ അല്ലെങ്കില്‍ 0.015 മെഗാടണ്‍ മാത്രമായിരുന്നു.2024 വൈആര്‍4 ഛിന്നഗ്രഹത്തിന്റെ വരവ് കഴിഞ്ഞ ഡിസംബറിലാണ് ഗവേഷകദൃഷ്ടിയില്‍ പെട്ടത്. ഇത് അപകടകാരിയാണെന്ന് നാസയുടെയും യൂറോപ്യന്‍ സ്‌പെയ്‌സ് ഏജന്‍സിയും വിലിയിരുത്തുകയും ചെയ്തു. ഇത്തരം ഛിന്നഗ്രഹങ്ങള്‍ ഭൂമിയില്‍ ഇടിച്ചാല്‍ അവ ഉണ്ടാക്കുന്ന ആഘാതത്തെക്കുറിച്ച് പറയുന്ന അളവ് ടൊറിനോ സ്‌കെയില്‍ (Torino Scale) ആണ്. ഇതിന്‍പ്രകാരം, ഭൂമിക്കു നേരെ വരുന്നു എന്ന് തിരിച്ചറിയപ്പെട്ട ഛിന്നഗ്രഹങ്ങളില്‍ ഭൂമിയില്‍ പതിക്കാന്‍ 1 ശതമാനത്തിലേറെ സാധ്യത കല്‍പ്പിച്ചിരുന്നത് ഇതിനു മാത്രമാണ്.
വരും വര്‍ഷങ്ങളില്‍ കൂടുതല്‍ കൃത്യതയാര്‍ന്ന പ്രവചനങ്ങള്‍ ഗവേഷകര്‍ക്ക് നടത്താന്‍ സാധിക്കും. പ്ലാനറ്ററി ഡിഫൻസ് മേഖലയിലും ശ്രദ്ധേയമായ മാറ്റങ്ങൾ വരികയാണ്.