ബഹിരാകാശത്തേക്ക് എറിയുന്ന തെറ്റാലി:മസ്കിനു തലവേദനയാകുമോ സ്പിൻലോഞ്ച്?

Mail This Article
റോക്കറ്റ് വിക്ഷേപണ രംഗത്തെ മാറ്റിമറിക്കുന്ന സാങ്കേതികവിദ്യയാണു സ്പിൻലോഞ്ച് എന്ന സ്റ്റാർട്ടപ്പിന്റേത്. റോക്കറ്റുകളെ ജ്വലനത്തിന്റെ ഊർജത്തിൽ ബഹിരാകാശത്തേക്ക് ഉയർത്തുന്നതിനു പകരം ഭൂമിയിൽ നിന്ന് എറിയുന്ന വിദ്യയാണ് ഇവർ വികസിപ്പിച്ചത്.
സെൻട്രിഫ്യൂഗൽ മോട്ടറുകളെ അനുസ്മരിപ്പിക്കുന്ന ഓർബിറ്റൽ ആക്സിലറേറ്റർ എന്ന വമ്പൻ ഭാഗമാണ് സംവിധാനത്തിന്റെ കാതൽ. വൈദ്യുതിയിൽ പ്രവർത്തിക്കുന്ന ഇതിന് മണിക്കൂറിൽ ആയിരക്കണക്കിന് കിലോമീറ്റർ എന്ന വേഗത്തിലേക്ക് ഉള്ളിലുള്ള ചെറിയ വാഹനത്തെ തെറിപ്പിക്കാനാകും. 200 കിലോ വരെ ഭാരമുള്ള വസ്തുക്കൾ ഇത്തരത്തിൽ ബഹിരാകാശത്തെ താഴ്ന്ന ഭ്രമണപഥങ്ങളിലെത്തിക്കാൻ ഈ ഓർബിറ്റൽ ആക്സിലറേറ്ററിൽ നിന്നുള്ള എറിയലിനു സാധിക്കും.

എന്നാൽ ഓർബിറ്റൽ ആക്സിലറേറ്റർ വികസിപ്പിക്കാൻ ഇതുവരെ സ്പിൻലോഞ്ചിനു കഴിഞ്ഞിട്ടില്ല. സബ് ഓർബിറ്റൽ ആക്സിലറേറ്ററാണ് ഇവർ ഇപ്പോൾ വികസിപ്പിച്ചിരിക്കുന്നത്.
യുഎസിലെ കലിഫോർണിയയിലാണ് സിപിൻലോഞ്ച് കമ്പനിയുടെ ആസ്ഥാനം. 2014ൽ സ്റ്റാർട്ടപ്പായി തുടങ്ങിയ ഈ കമ്പനിയിൽ ഗൂഗിൾ വെഞ്ചേഴ്സ്, എയർബസ് തുടങ്ങി വൻകിട കമ്പനികൾ നിക്ഷേപിച്ചിട്ടുണ്ട്. യുഎസിലെ ന്യൂമെക്സിക്കോയിൽ ഇവർ ഒരു സ്പേസ് പോർട്ടും പണിതിട്ടുണ്ട്. കെമിക്കൽ ഇന്ധനങ്ങൾ ഒഴിവാക്കി വൈദ്യുതോർജം ബഹിരാകാശരംഗത്തും ഉപയോഗിക്കുക എന്നതാണ് ഈ കമ്പനിയുടെ ലക്ഷ്യം. നിരവധി പരീക്ഷണങ്ങളിൽ ഇവർ വിജയിച്ചിരുന്നു.
റോക്കറ്റി വിക്ഷേപണങ്ങൾ ഒരുപാടു തയാറെടുപ്പുകൾക്കു ശേഷം വളരെ ശ്രദ്ധയോടെ നടത്തുന്ന കാര്യമാണ്. ബൂസ്റ്ററുൾപ്പെടെ പലവിധ സ്റ്റേജുകളായി ഇന്ധനം റോക്കറ്റിൽ നിറയ്ക്കും. ഇതിൽ ഖര, ദ്രാവക ഇന്ധനങ്ങളുണ്ടാകും. തുടർന്ന് കൗണ്ട് ഡൗണിനു ശേഷം ഇന്ധനം ജലിക്കുന്നതിനൊപ്പം റോക്കറ്റ് മുകളിലേക്ക്. പല സ്റ്റേജുകളിൽ നടക്കുന്ന ജ്വലനത്തിന്റെ ഊർജം നേടി റോക്കറ്റ് ബഹിരാകാശം താണ്ടും.
പരമ്പരാഗത റോക്കറ്റ് സാങ്കേതികവിദ്യയിൽ നിന്നു വലിയ മാറ്റങ്ങൾക്ക് കഴിഞ്ഞ പതിറ്റാണ്ടു സാക്ഷ്യം വഹിച്ചു. കത്തിത്തീരുന്നതിനു പകരം തിരിച്ചിറക്കാവുന്ന റോക്കറ്റ് ഭാഗങ്ങൾ, കാർമൻ ലൈനിനു ഒരുപാടു മുകളിലേക്കു പോകാത നിയർ എർത്ത് ദൗത്യങ്ങൾക്കായി വിഎസ്എസ് യൂണിറ്റി, ബ്ലൂ ഒറിജിൻ ന്യൂ ഷെപ്പാഡ്, സ്പേസ് എക്സ് ഡ്രാഗൺ ക്യാപ്സ്യൂൾ തുടങ്ങിയ പേടകങ്ങൾ അങ്ങനെ സാങ്കേതികവിദ്യകൾ പലവിധം.
ഇലോൺ മസ്കിന്റെ സ്പേസ് എക്സ് ഉൾപ്പെടെ വമ്പൻ ബഹിരാകാശ വിക്ഷേപണ കമ്പനികൾക്കു പ്രതിസന്ധിയുണ്ടാക്കുമോ സ്പിൻലോഞ്ച് എന്നാണു വിദഗ്ധരുടെ ഇപ്പോഴത്തെ സംശയം.