ചന്ദ്രനിലെ സൂര്യോദയം, ചരിത്രം കുറിച്ച് ബ്ലൂ ഗോസ്റ്റ്! സ്പേസ്ക്രാഫ്റ്റ് ചന്ദ്രനിലിറക്കി സ്വകാര്യ കമ്പനി, വിശദമായി അറിയാം

Mail This Article
ചന്ദ്രനിൽ സൂര്യോദയത്തിന്റെ മനോഹരമായ ഒരു ചിത്രം പകർത്തി ഫയർഫ്ലൈ എയ്‌റോസ്‌പേസിന്റെ ബ്ലൂ ഗോസ്റ്റ് ലാൻഡർ. നാസയുടെ സാങ്കേതികവിദ്യയുടെയും സാമ്പത്തിക സഹായത്തിന്റെയും പിന്‍ബലത്തോടെയാണെങ്കിലും ചന്ദ്രനില്‍, തകരാതെ, 'മനോഹരമായി' ഒരു ബഹിരാകാശപേടകം ഇറക്കി കാണിച്ചിരിക്കുകയാണ് ഫയര്‍ഫ്‌ളൈ ഏറോസ്‌പേസ് എന്ന അമേരിക്കന്‍ കമ്പനി.

ബ്ലൂ ഗോസ്റ്റ് എന്നു പേരിട്ട പേടകമാണ്, ചന്ദ്രനില്‍ ഒരു സ്‌റ്റേബിള്‍ ലാന്‍ഡിങ് നടത്തി മാര്‍ച്ച് 2ന് ചരിത്രം കുറിച്ചത്. ഈ നേട്ടത്തിനു ശ്രമിക്കുമ്പോള്‍ സ്‌പേസ് ക്രാഫ്റ്റ് തകരുകയോ, മറിയുകയോ ചെയ്തില്ല എന്നിടത്താണ് ഫയര്‍ഫ്‌ളൈ ഏറോസ്‌പേസിന്റെ നേട്ടമെന്ന് വിദഗ്ധര്‍.
നേട്ടം കൈവരിച്ചത് ഇന്ത്യ അടക്കം 5 രാജ്യങ്ങള്‍
ഈ നേട്ടം ഇതിനോടകം കൈവരിച്ചത് റഷ്യ, അമേരിക്ക, ചൈന, ഇന്ത്യ, ജപ്പാന്‍ എന്നീ രാജ്യങ്ങളാണ്. സ്വകാര്യ കമ്പനികള്‍ ബഹിരാകാശ മേഖലയിലും കണ്ണുവച്ച് നേട്ടം കൊയ്യുന്നത് പുതിയൊരു തുടക്കംകുറിക്കുന്നു. ഫയര്‍ഫ്‌ളൈ ഏറോസ്‌പേസും സംയുക്തമായി നടത്തിയ ഫയര്‍ ഫ്‌ളൈ ദൗത്യത്തെക്കുറിച്ച് നാസ പുറത്തിറക്കിയ 47 മിനുറ്റ് ദൈര്‍ഘ്യമുള്ള വിഡിയോ കാണാം.
ആദ്യം ഒരു സെല്‍ഫി!
ആത്മവിശ്വാസത്തോടെ ചന്ദ്രനിലിറങ്ങി വെറും 30 മിനിറ്റിനുള്ളില്‍ ബ്ലൂ ഗോസ്റ്റ് ചന്ദ്രോപരിതലത്തെക്കുറിച്ച് പകര്‍ത്തിയ ചിത്രങ്ങളും അയക്കാന്‍ ആരംഭിച്ചു. ആദ്യം പകര്‍ത്തിയത് ഒരു 'സെല്‍ഫി'യാണ്. ഇതില്‍ സൂര്യദീപ്തിയും ഉള്‍പ്പെട്ടതിനാല്‍ അത് ഉദ്ദേശിച്ചത്ര നന്നായില്ലെന്നാണ് വിലയിരുത്തല്‍. രണ്ടാമത്തെ ചിത്രത്തിലുള്ളത് അങ്ങകലെ ബഹിരാകാശത്തിന്റെ ഇരുളിമയില്‍ ഒരു ചെറിയ നീല 'പുള്ളി' ആയി സ്ഥിതിചെയ്യുന്ന ഭൂമിയായിരുന്നു.
ബ്ലൂ ഗോസ്റ്റ് അയച്ച ആദ്യ ചിത്രങ്ങളിലൊന്ന് നാസ പ്രസിദ്ധീകരിച്ചിരിക്കുന്നത് കാണാം:
ബ്ലൂ ഗോസ്റ്റ് നാസയുടെ കൊമേഴ്‌സ്യൽ ലൂനാര്‍ പേലോഡ് സര്‍വിസസ് (സിഎല്‍പിഎസ്) സംരംഭത്തിന്റെ ഭാഗമാണ്. സ്വകാര്യ മേഖലയുടെ കൂടെ പങ്കാളിത്തത്തോടെ ചന്ദ്രനെ വാണിജ്യപരമായി ഉപയോഗിക്കാനുള്ള ശ്രമമാണ് സിഎല്‍പിഎസ് നടത്തുന്നത്. കമ്പനികള്‍ തമ്മില്‍ ഇക്കാര്യത്തിലൊരു സൗഹാര്‍ദ്ദ മത്സരം ആരംഭിക്കട്ടെ എന്നാണ് നാസയുടെ നിലപാട്.
ശാസ്ത്ര-സാങ്കേതികവിദ്യാപരമായ 10 പരീക്ഷണങ്ങള്‍ നടത്താനാണ് ബ്ലൂ ഗോസ്റ്റ് ചന്ദ്രനിലെത്തിയിരിക്കുന്നത്. ഇതിനായി 101 ദശലക്ഷം ഡോളറാണ് നാസ നല്‍കിയിരിക്കുന്നത്. അതിനു പുറമെ ഉപകരണങ്ങള്‍ക്കായി 44 ദശലക്ഷം ഡോളറും നല്‍കി. സംഭവിക്കാവുന്ന അപകടങ്ങളെ മറികടന്ന്, നേരത്തെ നിശ്ചയിച്ച ഏകദേശം നൂറു മീറ്റര്‍ ചുറ്റളവിനുള്ളില്‍ ബ്ലൂ ഗോസ്റ്റ് ഇറക്കാനായിരുന്നു ശ്രമിച്ചതെന്ന് കമ്പനിയുടെ പ്രതിനിധി റേ അലന്‍വര്‍ത് പറഞ്ഞു. ഈ നേട്ടമാണ് കമ്പനി ഇപ്പോള്‍ കൈവരിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
ചന്ദ്രനിലെ മണ്ണ് ശേഖരിക്കാനുള്ള ഒരു വാക്വവും, ഉപരിതലം തുരന്ന് 10 അടി താഴ്ചയിലെ താപനില എന്താണ് എന്ന് അറിയാനുള്ള ഉപകരണങ്ങളും ലാന്‍ഡറിലുണ്ട്. ചന്ദ്രനിലെ പൊടിപടലങ്ങള്‍ ഒഴിവാക്കാനുള്ള ഉപകരണവും ഉണ്ട്. നാസയുടെ അപ്പോളോ ദൗത്യത്തിലെ ബഹിരാകാശ യാത്രികര്‍ നേരിട്ട പ്രധാനപ്പെട്ട പ്രശ്‌നങ്ങളിലൊന്ന് ഈ പൊടിപടലമായിരുന്നു.
പല പരുക്കന്‍ വസ്തുക്കളും അവരുടെ സ്‌പേസ് സൂട്ടുകളിലേക്കും, ഉപകരണങ്ങളിലേക്കും പറ്റിപ്പിടിക്കുകയും അവ നീക്കംചെയ്യാന്‍ അധ്വാനം വേണ്ടിവരികയും ചെയ്തു എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ചന്ദ്രനിലേക്കുള്ള പറക്കലിനിടയില്‍ ബ്ലൂ ഗോസ്റ്റ് ഭൂമിയുടെ വിശദമായ ചിത്രങ്ങളും പിടിച്ചെടുത്ത് അയച്ചിരുന്നു. പിന്നീട്, ചന്ദ്രോപരിതലത്തിലെ വിളളലുകളെക്കുറിച്ചുള്ള ഹൈ-റസലൂഷന്‍ ഫോട്ടോകളും അയച്ചിട്ടുണ്ട് എന്ന് അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ടു ചെയ്യുന്നു.
ഇതിനെല്ലാം പുറമെ, ബ്ലൂ ഗോസ്റ്റിലുള്ള റിസീവര്‍ ഉപയോഗിച്ച് അമേരിക്കന്‍ ജിപിഎസ് സംവിധാനത്തില്‍ നിന്നും, യുറോപ്യന്‍ ഗലിലിയോ കോണ്‍സ്റ്റലേഷന്‍സില്‍ നിന്നുമുള്ള സിഗ്നലുകളും സ്വീകരിച്ചു എന്നതും പുതിയ നേട്ടങ്ങളുടെ കൂട്ടത്തിലാണ് പെടുത്തിയിരിക്കുന്നത്. ഭാവിയിലെ ചാന്ദ്ര ദൗത്യങ്ങള്‍ക്ക് ഇത് വലിയ ഗുണംചെയ്‌തേക്കാം.
ഇതൊക്കെ ഒരു തുടക്കം മാത്രം
ഹൂസ്റ്റണ്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇന്റിയൂയിറ്റിവ് മെഷീന്‍സ് തങ്ങളുടെ ലാന്‍ഡര്‍ മാര്‍ച്ച് 6ന് ചന്ദ്രനിലിറക്കാനുള്ള പരിശ്രമത്തിലാണിപ്പോള്‍. ഇത് ചന്ദ്രന്റെ സൗത് പോളിലായിരിക്കും. കഴിഞ്ഞ വര്‍ഷം കമ്പനി ഇത്തരത്തിലൊരു ശ്രമം നടത്തിയിരുന്നു എങ്കിലും അത് തട്ടിമറിഞ്ഞു പോകുകയായിരുന്നു.
ജാപനീസ് കമ്പനിയായ ഐസ്‌പേസ് (ispace) മൂന്നു മാസത്തിനുളളില്‍ ചന്ദ്രനില്‍ പേടകം ഇറക്കാനുള്ള ശ്രമത്തിലാണ്. ബ്ലൂ ഗോസ്റ്റിനൊപ്പം ഒരു റോക്കറ്റിലാണ് ഐസ്‌പേസിന്റെ ലാന്‍ഡറും ജനുവരി 15ന് ബഹിരാകാശത്ത് എത്തിയിരിക്കുന്നത്. എന്നാല്‍, തങ്ങള്‍ കുറച്ചുകൂടെ മെല്ലെ, വളഞ്ഞ വഴിയില്‍ ലാന്‍ഡ് ചെയ്യാനുള്ള ശ്രമമാണ് നടത്തുന്നതെന്നാണ് ഐസ്‌പേസ് പറയുന്നത്.
കമ്പനിയുടെ ആദ്യ ദൗത്യം 2023 തകര്‍ന്നിരുന്നു. കഴിഞ്ഞ പല പതിറ്റാണ്ടുകളായി ഇങ്ങനെ ചന്ദ്രനില്‍ തകര്‍ന്ന നിരവധി ലാന്‍ഡിങ് പരിശ്രമങ്ങള്‍ സൃഷ്ടിച്ച അവശിഷ്ടങ്ങള്‍ക്കൊപ്പം അതും ഉണ്ട്. (കണക്കുകൂട്ടാന്‍ എളുപ്പമല്ലെങ്കിലും ഇത്തരം 50 തകര്‍ന്ന പരീക്ഷണങ്ങള്‍ വരെ നടന്നിരിക്കാമെന്നാണ് ചില കണക്കുകള്‍ സൂചിപ്പിക്കുന്നത്. യാഥാസ്ഥിതികമായ കണക്കുകള്‍ പ്രകാരം ഏകദേശം 30-40 പേടകങ്ങള്‍ ചന്ദ്രനില്‍ തകര്‍ന്നിരിക്കാം.)
ഇനിയുള്ള കാലം പ്രതിവര്‍ഷം രണ്ടു സ്വകാര്യ ദൗത്യങ്ങളെങ്കിലും ചന്ദ്രനില്‍ ലാന്‍ഡ് ചെയ്യാന്‍ സാധിക്കണമെന്ന് നാസയുടെ മുഖ്യ ശാസ്ത്രജ്ഞന്‍ നിക്കി ഫോക്‌സ് ഊന്നിപ്പറഞ്ഞു. ചില ദൗത്യങ്ങള്‍ ഇനിയും തകരുമെന്നും അദ്ദേഹം സമ്മതിച്ചു. ഇത്തരം ദൗത്യങ്ങളില്‍ നിന്നു ലഭിക്കുന്ന ഡേറ്റ ബഹിരാകാശത്തെക്കുറിച്ചും, ചന്ദ്രനെക്കുറിച്ചുമുള്ള ഗുണംചെയ്യുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.