ഭൂമിയുടെ ഉൾക്കാമ്പിലുണ്ട് ഒരു വിചിത്രവാതകം! സ്ഥിതി ചെയ്യുന്നത് ഇരുമ്പ് ഉൾക്കാമ്പിൽ!

Mail This Article
പ്രപഞ്ചത്തിന്‌റെ ഉദ്ഭവത്തിനു വഴിവച്ച ബിഗ് ബാങ് സ്‌ഫോടനത്തിനു ശേഷം ഉടലെടുത്ത അതിപ്രാചീനവും അപൂർവവുമായ ഹീലിയം വാതകം ഭൂമിയുടെ ഉൾക്കാമ്പിൽ എങ്ങനെ സ്ഥിതി ചെയ്യുന്നെന്നതു സംബന്ധിച്ച് പുതിയ പഠനം.ഹീലിയം 3 എന്നറിയപ്പെടുന്ന ഈ വാതകത്തിന്റെ കോശകേന്ദ്രത്തിൽ 2 പ്രോട്ടോണുകളും ഒരു ന്യൂട്രോണുമാണുള്ളത്. വളരെ അപൂർവമാണ് ഹീലിയം 3.
ഭൂമിയുടെ ഉൾക്കാമ്പിൽ ഈ വാതകം ഉണ്ടെന്നുള്ളത് നേരത്തെ സംശയിക്കപ്പെടുന്ന കാര്യമാണ്. എന്നാൽ എങ്ങനെയാണ് ഇത് അവിടെ സ്ഥിതി ചെയ്യുന്നതെന്ന കാര്യത്തിലാണ് ആശയക്കുഴപ്പം. ഭൂമിയുടെ ഉൾക്കാമ്പിന്റെ ഖരഭാഗം ഇരുമ്പിനാൽ നിർമിതമാണ്. എന്നാൽ ഇരുമ്പിൽ ഹീലിയം എങ്ങനെ സ്ഥിതി ചെയ്യും?
ഭൂമിയുടെ ഉൾക്കാമ്പിലുള്ള കടുത്ത താപനിലയും സമ്മർദ്ദവും കാരണം ഇരുമ്പും ഹീലിയം ത്രീയും തമ്മിൽ കലരുമെന്നും അങ്ങനെയാണ് വാതകം അവിടെ സ്ഥിതി ചെയ്യുന്നതെന്നുമാണു ടോക്കിയോ സർവകലാശാലയിലെ കായ് ഹിറോസിയുടെ നേതൃത്വത്തിലുള്ള ശാസ്ത്രജ്ഞർ ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. ഫിസിക്കൽ റിവ്യു ലെറ്റേഴ്സ് എന്ന ജേണലിൽ പഠനം പ്രസിദ്ധീകരിച്ചു.
സോളർ നെബുല എന്ന വമ്പൻ മേഘം
ഹീലിയം 3 1380 കോടി വർഷം മുൻപാണു ബിഗ് ബാങ് സ്‌ഫോടനകാലയളവിൽ ഉടലെടുത്തത്. തുടർന്ന് ഇത് സോളർ നെബുലയുടെ ഭാഗമായി. അതിബൃഹത്തായതും കറങ്ങിക്കൊണ്ടിരിക്കുന്നതുമായ പൊടിപടലങ്ങളുടെയും വാതകങ്ങളുടെയും വമ്പൻ മേഘമാണു സോളർ നെബുല. സൗരയൂഥത്തിന്‌റെ സൃഷ്ടി ഈ നെബുലയിൽ നിന്നാണെന്നു കണക്കാക്കപ്പെടുന്നു.
ഭൂമിയിലെ ആകെ ഹീലിയത്തിന്‌റെ 0.0001 ശതമാനം മാത്രമാണു ഹീലിയം 3 ഉള്ളത്. ഹൈട്രജന്‌റെ ആണവശേഷിയുള്ള ഐസോടോപ്പായ ട്രിഷ്യത്തിന്‌റെ ജീർണതയും ഹീലിയം 3യുടെ ഉത്പാദനത്തിനു കാരണമാകുന്നുണ്ട്. എന്നാൽ പ്രധാനമായും സൗരയൂഥത്തിൽ ഈ വാതകം വരാൻ കാര്യം ബിഗ് ബാങ് സ്‌ഫോടനം തന്നെയാണ്.
ചന്ദ്രൻ സൃഷ്ടിക്കപ്പെട്ട ഇടി
വർഷം തോറും 2 കിലോഗ്രാമോളം ഹീലിയം ത്രീ വാതകം ഭൂമിക്കുള്ളിൽ നിന്നു പുറന്തള്ളപ്പെടുന്നുണ്ടെന്നത് അറിവുള്ള കാര്യമാണ്. ഇതുവളരെ ചെറിയ അളവാണ്. ഒരു കാലത്ത് ഹീലിയം ത്രീ ഭൂമിയിൽ സുലഭമായുണ്ടായിരുന്നെന്ന് ശാസ്ത്രജ്ഞർ പറയുന്നു. ഭൂമിയിലേക്ക് വലിയ പിണ്ഡമുള്ള ഒരു വസ്തു 400 കോടി വർഷം മുൻപ് വന്നിടിച്ചതാണ് ഈ വാതകം വലിയ തോതിൽ ഭൂമിയിൽ നിന്നു നഷ്ടപ്പെടാൻ കാരണമായതെന്നും ശാസ്ത്രജ്ഞർ വിശ്വസിക്കുന്നുണ്ട്. ഈ ഇടിയിലാകാം ചന്ദ്രൻ സൃഷ്ടിക്കപ്പെട്ടതെന്നും വാദമുണ്ട്.
ഏതായാലും ചന്ദ്രോപരിതലത്തിലെ മണ്ണിൽ ഹീലിയം 3യുടെ അളവ് ഗണ്യമായുണ്ട്.10 ലക്ഷം ടൺ ഹീലിയം 3 ഇവിടെയുണ്ടാകാമെന്നാണു കണക്കാക്കപ്പെടുന്നത്. ഭാവിയിൽ ചന്ദ്രനിലെ മനുഷ്യർക്ക് പ്രയോജനകരമായ അമൂല്യവസ്തുവായി ഇതു പരിഗണിക്കപ്പെടുന്നു. ഹീലിയം 3 ഭൂമിയിൽ ഭാവിയിൽ സ്ഥാപിക്കപ്പെടുന്ന ഫ്യൂഷൻ റിയാക്ടറുകളിൽ ഇന്ധനമായി ഉപയോഗിച്ചാൽ ഇതുമൂലം വലിയ അളവിൽ ഊർജോത്പാദനം സാധ്യമാണെന്നും അഭ്യൂഹങ്ങളുണ്ട്. ചന്ദ്രനിൽ ഭാവിയിലേക്കു പല രാജ്യങ്ങളും പദ്ധതിയിട്ടിരിക്കുന്ന ഖനന (മൂൺ മൈനിങ്) പദ്ധതികളിൽ ഹീലിയം ത്രീക്ക് നിർണായക സ്ഥാനമുണ്ട്.