ഈജിപ്തിലെ പിരമിഡ് നിർമിച്ചതെങ്ങനെ?ലക്ഷക്കണക്കിന് കല്ലുകൾ മുകളിലെത്തിച്ച നിഗൂഢവിദ്യ; സമൂഹമാധ്യമങ്ങളിൽ ചൂടേറിയ ചർച്ച

Mail This Article
പിരമിഡുകൾ എന്തുകൊണ്ടാണ് നീഗൂഢമാകുന്നതെന്നറിയാമോ? എന്ന ചോദ്യവുമായി ഒരാൾ സമൂഹ മാധ്യമങ്ങളിൽ ഒരു ചോദ്യം പോസ്റ്റ് ചെയ്തു. 70ടൺവരെ ഭാരമുള്ള ലക്ഷക്കണക്കിന് കല്ലുകൾ എങ്ങനെ ഇത്തരത്തിൽ കൃത്യമായി അടുക്കിയെന്നും ആകാശക്കാഴ്ചകളിൽപ്പോലും കൃത്യതയുള്ളവയാണെന്നുമായിരുന്നു ആ ചോദ്യത്തിന്റെ ചുരുക്കം. ക്രെയ്ൻ പോലുള്ള സാങ്കേതിക വിദ്യയുള്ളപ്പോൾപോലും മാസങ്ങളും വർഷങ്ങളും നിർമാണത്തിനെടുക്കുന്ന ഇക്കാലത്ത് അതൊരു നിർമാണ അദ്ഭുതമാണത്രെ.
എന്തായാലും ഇത്തരം നിർമിതികൾ ചുരുങ്ങിയ കാലത്തിനുള്ളിൽ നിർമിച്ചതെങ്ങനെയെന്ന പേരിൽ വലിയ തർക്കം പുറപ്പെട്ടു.നിരവധി അഭിപ്രായങ്ങൾ, വാദം സ്ഥാപിക്കാൻ യുട്യൂബ് ലിങ്കുകൾ.അപ്പോൾ എങ്ങനെ ആയിരിക്കാം നിർമിക്കപ്പെട്ടിരിക്കുക, ഭൂരിഭാഗം ആളുകളും സമന്വയത്തിലെത്തിയ ചില വിലയിരുത്തലുകൾ പരിശോധിക്കാം.

ആദിമകാലത്ത് മനുഷ്യസംസ്കാരം വളർന്ന ഒരു മേഖലയാണ് ഈജിപ്ത്.നൈൽ നദിയാണ് ജീവനാഡിയായ ഈജിപ്തിൽ മെംഫിസ്,അബിഡോസ്,അലക്‌സാൻഡ്രിയ, തീബ്‌സ് തുടങ്ങിയ പ്രാചീന വൻ നഗരങ്ങൾ പണ്ടേ ഉയർന്നു.ആദിമകാല ഈജിപ്ഷ്യൻ നിർമാണകലയുടെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായ പിരമിഡുകൾ ഇഷ്ടികകളുംചുണ്ണാമ്പുകല്ലുകളുമൊക്കെ ഉപയോഗിച്ചാണ് ഉണ്ടാക്കിയത്. പിരമിഡുകൾ ഫറവോമാരുടെ മൃതിയറകളാണ്.

ഫറവോമാരെ സ്വർഗത്തിലേക്ക് എത്തിക്കാൻ ഇവ സഹായിക്കുമെന്ന് പ്രാചീന ഈജിപ്ഷ്യൻ ജനത വിശ്വസിച്ചു.പിരമിഡുകളുമായി ബന്ധപ്പെട്ട് പല ദുരൂഹതാസിദ്ധാന്തങ്ങളും വിചിത്രപഠനങ്ങളുമൊക്കെപുറത്തിറങ്ങിയിട്ടുണ്ട്.
ഹൈഡ്രോളിക് ലിഫ്റ്റ് സാങ്കേതികവിദ്യ
4500 വർഷം പഴക്കമുള്ള ഡ്ജോസറിന്റെ പിരമിഡിൽ ഹൈഡ്രോളിക് ലിഫ്റ്റ് സാങ്കേതികവിദ്യ ഉപയോഗിച്ചെന്നാണ് ഒരു പഠനത്തിൽ പറയുന്നത്.പിരമിഡുകളിൽ ഏറ്റവും പ്രശസ്തമെന്ന് വിളിക്കാവുന്നത് ഗിസയിലേതാണ്. 2600 ബിസിയിൽ ഖുഫു എന്ന ഫറവോ നിർമിച്ച ഈ പിരമിഡ് ഈജിപ്ഷ്യൻ ചക്രവാളത്തിൽ തലയുയർത്തി നിൽക്കുന്നു.
എന്നാൽ ഡ്ജോസർ എന്ന ഫറവോയുടെ പേരിലുള്ള സ്റ്റെപ് പിരമിഡാണ് ഈജിപ്തിലെ ആദ്യത്തെ പിരമിഡ്. സഖാറ പീഠഭൂമിയിൽനിൽക്കുന്ന ഈ പിരമിഡിനു ചുറ്റും അനേകം ചരിത്രനിർമിതികളുണ്ട്. ഇവയെല്ലാം പരിഗണിച്ച ശേഷമാണ് ഒരു വമ്പൻ ഹൈഡ്രോളിക് ലിഫ്റ്റ് ഇവിടെ ഉപയോഗിച്ചിരുന്നെന്ന് പഠനത്തിന്റെ രചയിതാക്കൾ പറഞ്ഞത്.

കല്ലുകളും മറ്റു നിർമാണവസ്തുക്കളും പിരമിഡിനു മുകളിലേക്ക് എത്തിക്കാൻ ഇവ സഹായിച്ചിരുന്നത്രേ. ലിഫ്റ്റ്മാത്രമല്ല വലിയ ഒരു ഡാമും വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റുമൊക്കെ ഇവിടെയുണ്ടായിരുന്നെന്നും ഗവേഷകർ പറയുന്നു.എന്നാൽ പ്രശസ്ത ഈജിപ്ഷ്യൻ പുരാവസ്തു ഗവേഷകനും ഈജിപ്തിലെ മുൻമന്ത്രിയും പണ്ഡിതനുമായി ഡോ. സാഹിഹവാസ് ഉൾപ്പെടെയുള്ളവർ ഈ വാദങ്ങളെ തള്ളിയിട്ടുണ്ട്. ഇതു വെറും അസംബന്ധമാണെന്ന് ഒരു വലിയ ഗവേഷകസമൂഹം അഭിപ്രായപ്പെടുന്നു.
സിമ്പിൾ, അന്യഗ്രഹ ജീവികള്‍തന്നെ, വാദം ഇങ്ങനെയും
പിരമിഡുകളെയും അന്യഗ്രഹജീവികളെയും ബന്ധിപ്പിച്ചും ഒട്ടേറെ നിഗൂഢതാ സിദ്ധാന്തങ്ങളുണ്ട്. അന്നത്തെ കാലത്ത് ഇത്തരം നിർമിതികൾ പൂർത്തീകരിക്കാൻ മനുഷ്യവംശത്തിനു സാധ്യമല്ലായിരുന്നെന്നും അന്യഗ്രഹജീവികളാണ് പിരമിഡുകൾ നിർമിച്ചതെന്നും ഈ സിദ്ധാന്തക്കാർ പറയുന്നു. സ്റ്റാർഗേറ്റ് എന്ന ഹോളിവുഡ് ചലച്ചിത്രവും സീരീസുകളുമൊക്കെ ഇത്തരമൊരുപ്രമേയം പശ്ചാതതലമുള്ളതാണ്. ഈജിപ്ഷ്യൻഐതിഹ്യത്തിലെ പ്രമുഖ ദേവനായ റായുടെ ബഹിരാകാശ പേടകങ്ങൾ ഇറങ്ങാനുള്ള സ്റ്റേഷനുകളാണ്പിരമിഡുകളെന്നാണ് ആ ചലച്ചിത്രം പറഞ്ഞുവച്ചത്.
ഈജിപ്തല്ലാതെ ഭൂമിയിൽ പലയിടത്തും ( തെക്കേ അമേരിക്കയിലും മെക്സിക്കോയിലും ചൈനയിലുമൊക്കെ )പിരമിഡുകളുള്ളതും ദുരൂഹതാസിദ്ധാന്തക്കാർ ചൂണ്ടിക്കാട്ടുന്നു. ലോകവ്യാപകമായി ആദിമകാലഘട്ടത്തിൽ നടന്ന ഒരു ഏലിയൻ ഇടപെടലിന്റെ ബാക്കിയാകാം പിരമിഡുകളെന്നാണ് ഇവർ പറയുന്നത്.