'പുറത്തിറങ്ങിയാൽ അന്യഗ്രഹജീവികൾ പിടിച്ചുകൊണ്ടു പോകും'; ഇങ്ങനെയും പേടി ഉള്ളവരുണ്ട്!

Mail This Article
നമുക്കെല്ലാവർക്കും കാണും എന്തെങ്കിലുമൊരു പേടി. പാമ്പിനെയോ പഴുതാരയെയോ തേളിനെയോ ഇടിമിന്നലിനെയോ പല്ലിയെയോ ഒക്കെ പേടിയുള്ളവർ ധാരാളമുണ്ട്. എന്നാൽ ഭൂമിക്കു പുറത്തുള്ള സംഗതികളെ അതായത് ബഹിരാകാശത്തെയും ബഹിരാകാശ വസ്തുക്കളെയും പേടിക്കുന്നവരുണ്ടോ? ഉണ്ടെന്നതാണു സത്യം.
ആസ്ട്രോഫോബിയ എന്ന പേടി

അന്യഗ്രഹജീവികളുമായി ബന്ധപ്പെട്ടുള്ള ഭയമാണ് ആസ്ട്രോഫോബിയ ഉള്ളവരിൽ ഭൂരിഭാഗത്തിലും കാണപ്പെടുന്നത്. എന്നാൽ അന്യഗ്രഹജീവികളെ മാത്രമല്ല, ഉൽക്കകൾ, ഛിന്നഗ്രഹങ്ങൾ വിദൂരഗ്രഹങ്ങൾ എന്നിവയെയെല്ലാം പേടിക്കുന്നവരും ഇക്കൂട്ടത്തിലുണ്ട്. സാധാരണ ഫോബിയയുള്ളവരിൽ കാണപ്പെടുന്ന അകാരണഭയവും മറ്റു ശാരീരിക ലക്ഷണങ്ങളും അമിത ഉത്കണ്ഠയുമെല്ലാം ഈ ഫോബിയയിലും കാണാം. മറ്റു ഫോബിയകളെ പോലെ അധികം ചർച്ചചെയ്യപ്പെടാത്ത ഒന്നാണ് ആസ്ട്രോഫോബിയ.
ബ്രിട്ടിഷ് വനിതയായ സാഷ ക്രിസ്റ്റി ആസ്ട്രോഫോബിയയുടെ നല്ലൊരു ഉദാഹരണമാണ്. പേടി മൂത്ത് സാഷ വീടിനു പുറത്തിറങ്ങാറേയില്ല. സാഷയുടെ പേടിയിതാണ്...പുറത്തിറങ്ങിയാൽ തന്നെ അന്യഗ്രഹജീവികൾ പിടിച്ചുകൊണ്ടു പോകും.
ബ്രിട്ടനിലെ ലിവർപൂൾ സ്വദേശിയാണ് അൻപത്തിയൊന്നുകാരിയായ സാഷ. തനിക്ക് ഇതുവരെയുള്ള ജീവിതത്തിൽ പലതവണ അന്യഗ്രഹജീവികളെ നേരിട്ടുകണ്ട അനുഭവങ്ങളുണ്ടായിട്ടുണ്ടെന്നും ഒരുദിവസം തന്നെ അന്യഗ്രഹജീവികൾ പിടിച്ചുകൊണ്ടുപോകുമെന്ന് പേടിക്കുന്നതായും സാഷ പറഞ്ഞിട്ടുണ്ട്. എപ്പോഴും തനിക്കുമുന്നിൽ ഒരു അന്യഗ്രഹപേടകം പ്രത്യക്ഷപ്പെടുമെന്നാണത്രേ സാഷയുടെ ഭീതി. അഞ്ചു മക്കളുടെ മാതാവാണു സാഷ.
അന്യഗ്രഹജീവികളെ നേരിട്ടുകണ്ടിട്ടുണ്ടെന്ന് സാഷ
സാഷ വീടിനു വെളിയിലേക്കിറങ്ങുമ്പോൾ ആകാശത്തേക്കു കഴിവതും നോക്കാറില്ല. ആകാശത്തേക്കു നോക്കിയാൽ തനിക്കു പേടിയായിത്തുടങ്ങുമെന്നാണു സാഷ പറയുന്നത്. ഒൻപതു തവണ താൻ അന്യഗ്രഹജീവികളെ നേരിട്ടുകണ്ടിട്ടുണ്ടെന്ന് സാഷ പറയുന്നു.
സാഷയെപ്പോലുള്ളവർ ധാരാളമുണ്ട്. പ്രപഞ്ചം ആർക്കും ഒരു പിടിയും കൊടുക്കാതെ അനന്തതയിലേക്കു വ്യാപിച്ചുകിടക്കുന്ന കാര്യമാണ്. പ്രപഞ്ചത്തിനെക്കുറിച്ചുള്ള ഈ അറിവില്ലായ്മ ചിലരിൽ ഭീതി സൃഷ്ടിക്കും. സൂര്യ, ചന്ദ്ര ഗ്രഹണങ്ങൾ, ഉൽക്കമഴ പോലുള്ള പ്രതിഭാസങ്ങൾ തുടങ്ങിയവയൊക്കെ ഈ ഫോബിയ ഉള്ളവരെ പേടിപ്പിക്കുന്ന കാര്യങ്ങളാണ്.