പൂർണ ഗ്രഹണം, ചന്ദ്രൻ രക്തച്ചുവപ്പാകുന്ന ആ അപൂർവ കാഴ്ചയ്ക്ക് സാക്ഷ്യം വഹിക്കാം!

Mail This Article
2022ന് ശേഷം ദൃശ്യമാകുന്ന ആദ്യത്തെ പൂർണ ചന്ദ്രഗ്രഹണം വടക്കേ അമേരിക്കയിലെയും തെക്കേ അമേരിക്കയിലെയും ആകാശ നിരീക്ഷകർക്ക് ഇന്ന്(14ന്) നേരിട്ട് സാക്ഷ്യം വഹിക്കാം. ഒപ്പം ലോകമെമ്പാടും തത്സമയം വെബ്കാസ്റ്റിങിലൂടെയും സമൂഹമാധ്യമങ്ങളിലും ലൈവായി കാണുകയും ചെയ്യാം.
ഏഷ്യയുടെ പല ഭാഗങ്ങളിലും ഇന്ത്യയിലും ഉള്ളവർക്ക് ഈ ദൃശ്യങ്ങൾ കാണാൻ കഴിയില്ലെന്നാണ് നിഗമനം. പൂർണ്ണ ചന്ദ്രഗ്രഹണം നേരിട്ട് കാണാൻ കഴിയാത്തവർക്കായി, നിരവധി നിരീക്ഷണാലയങ്ങളും ജ്യോതിശാസ്ത്ര സംഘടനകളും തത്സമയ സ്ട്രീം വാഗ്ദാനം ചെയ്യുന്നുണ്ട്.
2025 സെപ്റ്റംബർ 7-8 തീയതികളിൽ നടക്കാനിരിക്കുന്ന ഈ വർഷത്തെ രണ്ടാമത്തെ ചന്ദ്രഗ്രഹണം ഇന്ത്യയിലെ ജനങ്ങൾക്കും ദൃശ്യമാകും.
ചന്ദ്രഗ്രഹണം സംഭവിക്കുന്നത് ഭൂമി സൂര്യനും ചന്ദ്രനും ഇടയിൽ വരുമ്പോഴാണ്. ഭൂമിയുടെ നിഴൽ ചന്ദ്രനിൽ പതിക്കുകയും ചന്ദ്രൻ മങ്ങിയോ ചുവപ്പ് നിറത്തിലോ കാണപ്പെടുകയും ചെയ്യുന്നു. ഭൂമിയുടെ അന്തരീക്ഷം സൂര്യന്റെ പ്രകാശത്തെ വ്യതിചലിപ്പിക്കുകയും (scattering) ചുവപ്പ് നിറത്തിലുള്ള പ്രകാശം മാത്രം ചന്ദ്രനിൽ എത്തുകയും ചെയ്യുന്നു. ഇതാണ് ചന്ദ്രനെ ചുവപ്പ് നിറത്തിൽ കാണാനുള്ള കാരണം.
പൂർണതയിൽ ഒരു മണിക്കൂറോളം ഓറഞ്ച് അല്ലെങ്കിൽ ചുവപ്പ് നിറത്തിൽ ചന്ദ്രന്‍ കാണപ്പെടാം. സൂര്യപ്രകാശം ഭൂമിയുടെ അന്തരീക്ഷത്തിലൂടെ കടന്നുപോകുമ്പോൾ, നീല, വയലറ്റ് തുടങ്ങിയ ചെറിയ തരംഗദൈർഘ്യമുള്ള നിറങ്ങൾ ചിതറിക്കിടക്കുന്നു, അതേസമയം ചുവപ്പ്, ഓറഞ്ച് തുടങ്ങിയ കൂടുതൽ തരംഗദൈർഘ്യമുള്ള നിറങ്ങൾ കടന്നുപോകുന്നു, ഇത് ചന്ദ്രനെ ചുവപ്പ് കലർന്ന തിളക്കത്തോടെ പ്രകാശിപ്പിക്കുന്നു.
സാംസ്കാരിക-പൗരാണിക പ്രാധാന്യത്തിനൊപ്പം ഖഗോള വസ്തുക്കളുടെ ചലനത്തെക്കുറിച്ചും ഭൂമിയുടെ അന്തരീക്ഷത്തിന്റെ സ്വഭാവത്തെക്കുറിച്ചും മനസ്സിലാക്കാൻ ബ്ലഡ് മൂൺ പോലെയുള്ള ആകാശ വിസ്മയങ്ങൾ സഹായിക്കുന്നു.