എല്ലുകളെ ദുർബലമാക്കുന്ന സീറോ ഗ്രാവിറ്റിയിൽ ഒരു വര്‍ഷത്തോളം;ഈ കഷ്ടപ്പാടെല്ലാം സഹിക്കുമ്പോൾ സുനിത വില്യംസിന് എന്ത് കിട്ടും?

Mail This Article
രാജ്യാന്തര ബഹിരാകാശ നിലയത്തിൽ (ഐഎസ്എസ്) കുടുങ്ങിയ ഇന്ത്യൻ വംശജ സുനിത വില്യംസ്, ബുച്ച് വില്‍മോര്‍ എന്നിവർ ഫ്രീഡം ഡ്രാഗൺ ക്യാപ്സ്യൂളിൽ തിരികെയെത്തിയിരിക്കുന്നു. വലിയ നേട്ടങ്ങളും പ്രശസ്തിയും തേടിയെത്തുമെങ്കിലും ശാരീരിക മാനസിക ആരോഗ്യത്തെ ബാധിക്കുന്ന സീറോ ഗ്രാവിറ്റി ലോകത്ത് കഴിയുന്ന ശ്രമകരമായ ഈ ജോലിക്ക് ലഭിക്കുന്ന പ്രതിഫലം എത്രയായിരിക്കുമെന്ന് അറിയുകയെന്നത് കൗതുകമായിരിക്കും.
'ഓവർടൈം ഇല്ല'
നാസയിലെ മുൻ ബഹിരാകാശയാത്രികൻ കാഡി കോൾമാന്റെ അഭിപ്രായത്തിൽ, ബഹിരാകാശയാത്രികർക്ക് ഓവർടൈം വേതനമൊന്നും ലഭിക്കില്ല, ഇത്തരം വൈകലൊക്കെ ദൗത്യങ്ങളുടെ ഭാഗമായതിനാൽ പതിവ് ശമ്പളം ലഭിക്കുന്നു. ഗതാഗതം, താമസം, ഭക്ഷണം എന്നിവ നാസ വഹിക്കുന്നു, കൂടാതെ ഒരു ചെറിയ ദൈനംദിന അലവൻസുമുണ്ട്.
നിയമപരമായി പണം നൽകാൻ ബാധ്യസ്ഥരാകുന്ന യാദൃശ്ചികമായി സംഭവിക്കുന്ന ചില കാര്യങ്ങൾക്കായി ചിലപ്പോൾ പ്രതിദിനം ഒരു ചെറിയ തുക ലഭിച്ചേക്കാം.അത് ഒരു ദിവസം ഏകദേശം 4 ഡോളര് ആയിരുന്നുവെന്ന് കാഡി കോൾമാൻ പറയുന്നു
2010-11 ലെ 159 ദിവസത്തെ ദൗത്യത്തിനിടെ, കോൾമാന് ഏകദേശം 636 ഡോളർ ( 55,000 രൂപയിൽ കൂടുതൽ) അധിക ശമ്പളം ലഭിച്ചു. ഇതേ കണക്കുകൂട്ടൽ അനുസരിച്ച്, 287 ദിവസത്തിലധികം ബഹിരാകാശത്ത് ചെലവഴിച്ച സുനിത വില്യംസിനും ബുച്ച് വിൽമോറിനും കുറഞ്ഞത് 1,148 ഡോളർ (ഏകദേശം ₹ 1 ലക്ഷം) അധിക പ്രതിഫലം ലഭിക്കാൻ മാത്രമാണ് സാധ്യതയുള്ളത്(നാസ തീരുമാനപ്രകാരം മാറ്റങ്ങൾ ഉണ്ടാകാം).
ഗ്രേഡിന്റെ അടിസ്ഥാനത്തിൽ ശമ്പളം പരിശോധിക്കാം

ജിഎസ്-13 ബഹിരാകാശയാത്രികരുടെ ശമ്പളം: ജിഎസ്-13 ഗ്രേഡിലുള്ള ബഹിരാകാശയാത്രികർക്ക് 81,216 യുഎസ് ഡോളർ (ഏകദേശം 6.7 ദശലക്ഷം ഇന്ത്യൻ രൂപ) മുതൽ 105,579 യുഎസ് ഡോളർ (ഏകദേശം 8.77 ദശലക്ഷം ഇന്ത്യൻ രൂപ) വരെയാണ് ലഭിക്കുന്നത്.
ജിഎസ്-15 ബഹിരാകാശയാത്രികരുടെ ശമ്പളം: ജിഎസ്-15-ൽ ഉൾപ്പെടുന്ന മുതിർന്ന ബഹിരാകാശയാത്രികർക്ക് പ്രതിവർഷം 7 ദശലക്ഷം മുതൽ 12.7 ദശലക്ഷം രൂപ വരെയാണ് ലഭിക്കുന്നത്.സുനിത വില്യംസ് GS-15 ശമ്പള ഗ്രേഡിന് കീഴിലാണെന്നാണ് സൂചന, അതായത്, നാസ രേഖകൾ അനുസരിച്ച്, അവരുടെ ഏകദേശ വാർഷിക ശമ്പളം 152,258 ഡോളർ (പ്രതിവർഷം ഏകദേശം 1.26 കോടി രൂപ) ആണ്.
ശമ്പളത്തിന് പുറമേ, നാസ ബഹിരാകാശയാത്രികർക്ക് ചില സൗകര്യങ്ങളും ആനുകൂല്യങ്ങളും ലഭിക്കുന്നു.മിക്ക സർക്കാർ ജീവനക്കാരെയും പോലെ, ബഹിരാകാശയാത്രികർക്കും ഭവന അലവൻസ് നൽകുന്നു.ചില നാസ ജീവനക്കാർക്ക് മുൻഗണനാ വ്യവസ്ഥകളിൽ കാർ ലോണുകൾ ലഭിക്കും. നാസ ജീവനക്കാർ എന്ന നിലയിൽ, വില്യംസിനെപ്പോലുള്ള ബഹിരാകാശയാത്രികർക്കും അവരുടെ ക്ഷേമത്തിനായി ആരോഗ്യ ഇൻഷുറൻസിന്റെ പൂർണ്ണ പരിരക്ഷ ലഭിക്കുന്നു.
നാസയുടെ രേഖകൾ പ്രകാരം, പ്രതിവർഷം 1.26 കോടി രൂപയാണ് സുനിത വില്യംസിന്റെ ശമ്പളം. ഇവർക്ക് ശമ്പളത്തിന് പുറമേ മറ്റ് ആനുകൂല്യങ്ങളും ലഭിക്കുന്നുണ്ട്. ഭക്ഷണ അലവൻസ്, കാർ ലോൺ, ആരോഗ്യ ഇൻഷുറൻസ് എന്നിവ ഇതിൽ ചിലതാണ്.
അനുഭവ പരിചയവും ഏർപ്പെടുന്ന ദൗത്യങ്ങളും അനുസരിച്ച് ഇവർക്ക് കൂടുതൽ ആനുകൂല്യങ്ങൾ ലഭിച്ചേക്കാമെന്ന് ഓർക്കുക. മാത്രമല്ല രാജ്യത്തിനും ലോകത്തിനും വിലയേറിയ പല അറിവുകളും നൽകുന്ന നിർണായക നേട്ടങ്ങളിൽ ഭാഗഭാക്കാവുകയും ചരിത്രത്തിന്റെ ഭാഗമാവുകയും ചെയ്യാം. ഇത് തന്റെ ബഹിരാകാശ കരിയറിന്റെ റിട്ടയർമെന്റാണെന്ന് ചിന്തിക്കാൻ പോലുമാവുന്നില്ലെന്ന് ഈ പ്രതിസന്ധിയിലും സുനിത പറയുന്നത് ഈ സാഹസികതയുടെ ലഹരിയിലും പെരുമയിലുമാണ്.