പരിധിയില്ലാത്ത സാഹസികൻ, പരിചയസമ്പന്നനായ ബഹിരാകാശ യാത്രികൻ; ആരാണ് ബുച്ച് വിൽമോർ?

Mail This Article
സുനിത വില്യംസിന് പ്രത്യേകിച്ച് ആമുഖം ആവശ്യമില്ല. അമേരിക്കന്‍ പൗരത്വമുള്ള, ഇന്ത്യന്‍ വംശജയായ സുനിത വില്യംസ് ലോകത്ത് ഏറ്റവുമധികം അറിയപ്പെടുന്ന ബഹിരാകാശ യാത്രികരിൽ ഒരാളാണ്. അതേപോലെ തന്നെ സാഹസികനായ വൈമാനികനും ബഹിരാകാശ യാത്രികനുമാണ് ബുച്ച് വിൽമോർ. ഇരുവരും ജൂൺ 5 മുതൽ രാജ്യാന്തര ബഹിരാകാശ നിലയത്തിൽ തുടരുകയാണ്.
ബഹിരാകാശ ഗവേഷണ ചരിത്രത്തിലെ ശ്രദ്ധേയമായ വ്യക്തിത്വമായ മാറിയിരിക്കുകയാണ് ബാരി യൂജിൻ ബുച്ച് വിൽമോർ. നാവികസേനയിലെ ധീരനായ പൈലറ്റിൽ നിന്നും നാസയുടെ ബഹിരാകാശ യാത്രികനിലേക്കുള്ള അദ്ദേഹത്തിന്റെ യാത്ര സാഹസികതയുടെയും കഠിനാധ്വാനത്തിന്റെയും ഉത്തമ ഉദാഹരണമാണ്. 1963 ഡിസംബർ 29-ന് ജനിച്ച വിൽമോർ, തന്റെ ജീവിതം രാജ്യത്തിനും ശാസ്ത്രത്തിനും വേണ്ടി ഉഴിഞ്ഞുവെക്കുകയായിരുന്നു.

പൈലറ്റിൽ നിന്ന് ബഹിരാകാശ യാത്രികനിലേക്ക്
ടെന്നസി ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയിൽ നിന്ന് ഇലക്ട്രിക്കൽ എൻജിനീയറിങിൽ ബിരുദം നേടിയ വിൽമോർ, പിന്നീട് ടെന്നസി സർവകലാശാലയിൽ നിന്ന് ഏവിയേഷൻ സിസ്റ്റംസിൽ മാസ്റ്റേഴ്സ് ബിരുദവും കരസ്ഥമാക്കി. തുടർന്ന് യുണൈറ്റഡ് സ്റ്റേറ്റ്സ് നാവികസേനയിൽ ചേർന്ന അദ്ദേഹം, ഓഫീസറായും പൈലറ്റായും സേവനമനുഷ്ഠിച്ചു.
ഇറാഖിലെ ഓപ്പറേഷൻ ഡെസേർട്ട് സ്റ്റോം, ഡെസേർട്ട് ഷീൽഡ്, സതേൺ വാച്ച് തുടങ്ങിയ നിർണായക ദൗത്യങ്ങളിൽ പങ്കെടുത്ത വിൽമോർ, 8,000 മണിക്കൂറിലധികം ഫ്ലൈറ്റ് പരിചയവും 663 വിമാനവാഹിനിക്കപ്പലുകളിൽ ലാൻഡിങ് നടത്തിയ അനുഭവസമ്പത്തും നേടി.
2000-ൽ നാസയുടെ ബഹിരാകാശ യാത്രികനാകാനുള്ള അദ്ദേഹത്തിന്റെ സ്വപ്നം പൂവണിഞ്ഞു. വർഷങ്ങൾ നീണ്ട പരിശീലനത്തിനും വിലയിരുത്തലിനും ശേഷം, 2009-ൽ STS-129 സ്പേസ് ഷട്ടിൽ ദൗത്യത്തിൽ പൈലറ്റായി അദ്ദേഹം ബഹിരാകാശത്തേക്ക് പറന്നു. 2014-ൽ എക്സ്പെഡിഷൻ 41/42 ദൗത്യത്തിൽ രാജ്യാന്തര ബഹിരാകാശ നിലയത്തിൽ (ISS) ഫ്ലൈറ്റ് എന്‍ജിനീയറായും കമാൻഡറായും സേവനമനുഷ്ഠിച്ചു.

സ്റ്റാർലൈനർ ദൗത്യവും തുടർന്നുള്ള വെല്ലുവിളികളും
2024 ജൂൺ 5-ന് സഹയാത്രിക സുനിത വില്യംസിനൊപ്പം ബോയിങ് സ്റ്റാർലൈനർ പേടകത്തിന്റെ ആദ്യ ക്രൂഡ് ഫ്ലൈറ്റ് ടെസ്റ്റിൽ പങ്കെടുത്തത് അദ്ദേഹത്തിന്റെ കരിയറിലെ മറ്റൊരു നാഴികകല്ലായി. ബഹിരാകാശ നിലയത്തിൽ എക്സ്പെഡിഷൻ 71/72 ക്രൂവിന്റെ ഭാഗമായി പ്രവർത്തിക്കുകയായിരുന്ന സുനിത വില്യംസും ബുച്ച് വിൽമോറും ഉടൻ തിരികെയെത്തുമെന്നാണ് റിപ്പോർട്ട്.
നേട്ടങ്ങളും പുരസ്കാരങ്ങളും
ലെജിയൻ ഓഫ് മെറിറ്റ്, ഡിഫൻസ് സുപ്പീരിയർ സർവീസ് മെഡൽ, നാസ ഡിസ്റ്റിങ്യുഷ്ഡ് സർവീസ് മെഡൽ, രണ്ട് നാസ സ്പേസ് ഫ്ലൈറ്റ് മെഡലുകൾ തുടങ്ങി നിരവധി പുരസ്കാരങ്ങൾ വിൽമോറിനെ തേടിയെത്തിയിട്ടുണ്ട്. സാഹസികതയുടെയും കഠിനാധ്വാനത്തിന്റെയും പ്രതീകമായ ബുച്ച് വിൽമോർ, ബഹിരാകാശ ഗവേഷണ ചരിത്രത്തിൽ തൻ്റെ പേര് സുവർണ്ണ ലിപികളിൽ എഴുതിച്ചേർത്തിരിക്കുന്നു.