ദൗത്യം 287 ദിവസം നീണ്ടപ്പോഴും പതറാത്ത മനസ്സ്; വാർത്തെടുക്കപ്പെട്ട ഒരു സൈനിക: സുനിത വില്യംസ്

Mail This Article
ഒരാഴ്ചത്തേക്കു പോയ ദൗത്യം 287 ദിവസം നീണ്ടപ്പോൾ സുനിത പതറാതിരുന്നതിന് ഒരു കാരണമുണ്ട്. ബഹിരാകാശ സഞ്ചാരിയാണെങ്കിലും സുനിത വില്യംസ് യഥാർഥത്തിൽ ഒരു സൈനികയാണ്. യുഎസ് നേവൽ അക്കാദമിയിൽ വാർത്തെടുക്കപ്പെട്ട ഒരു സൈനിക. പതറാത്ത മനസ്സ് അവർ സ്വായത്തമാക്കിയത് നാവികപരിശീലനത്തിലൂടെയാണ്.
1965 സെപ്റ്റംബറിലാണ് സുനിത ജനിച്ചത്. യുഎസിലെ ഒഹായോയിലുള്ള യൂക്ലിഡിലായിരുന്നു ജനനം. ഗുജറാത്തുകാരനായ ദീപക് പാണ്ഡ്യയുടെയും സ്ലോവേനിയ സ്വദേശി ബോണിയുടെയും മകൾ. 1983ൽ യുഎസിലെ നീധാം ഹൈ സ്‌കൂളിൽ നിന്ന് പഠിച്ചിറങ്ങിയ സുനിത 1987ൽ യുഎസ് നേവൽ അക്കാദമിയിൽ നിന്നാണ് ബിരുദം നേടിയത്. ഫിസിക്കൽ സയൻസസിലായിരുന്നു ഇത്. 1995ൽ ഫ്‌ലോറിഡ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ നിന്ന് എൻജിനീയറിങ് മാനേജ്‌മെന്റിൽ ബിരുദാനന്തര ബിരുദവും പൂർത്തിയാക്കി.
1987 മുതൽ യുഎസ് നേവിയിൽ
1987 മുതൽ തന്നെ യുഎസ് നേവിയിൽ സുനിത പ്രവർത്തിക്കുന്നുണ്ടായിരുന്നു. 1989ൽ നേവൽ ഏവിയേറ്റർ എന്ന സ്ഥാനത്തെത്തി. ധാരാളം സൈനിക ദൗത്യങ്ങളിൽ സുനിത വില്യംസ് പങ്കെടുത്തിട്ടുണ്ട്. മെഡിറ്ററേനിയൻ, ചെങ്കടൽ, പേർഷ്യൻ ഗൾഫ് മേഖലകളിൽ യുഎസ് നേവിയുടെ ഡിപ്ലോയ്മെന്റുകൾക്കൊപ്പം സുനിതയുമെത്തിയിരുന്നു. 1992ൽ ആൻഡ്രൂ ചുഴലിക്കാറ്റിന്റെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി മയാമിയിലേക്ക് അയച്ച സൈനികവ്യൂഹത്തിന്റെ ഓഫിസർ ഇൻ ചാർജും സുനിതയായിരുന്നു.
1998 ൽ ആണു നാസയുടെ ബഹിരാകാശയാത്രയ്ക്കു തിരഞ്ഞെടുക്കപ്പെട്ടത്. കൂടുതൽ നേരം ബഹിരാകാശത്തു നടന്ന (50 മണിക്കൂർ 40 മിനിറ്റ്) രണ്ടാമത്തെ വനിതയാണ്. നാസയിലേക്ക് തിരഞ്ഞെടുക്കപ്പെടുമ്പോൾ സുനിത മൂവായിരത്തിലേറെ മണിക്കൂറുകൾ വിമാനം പറത്തിയിട്ടുണ്ടായിരുന്നു. നാസയിലെ ജോൺസൺ സ്‌പേസ് സെന്ററിലായിരുന്നു സുനിതയുടെ പരിശീലനം. ബഹിരാകാശത്തേക്ക് പോകുന്ന രണ്ടാമത്തെ ഇന്ത്യൻ വംശജയാണ് സുനിത. ഇന്ത്യ പദ്മഭൂഷൺ ബഹുമതി സുനിതയ്ക്ക് സമ്മാനിച്ചിട്ടുണ്ട്.