അന്നു ബഹിരാകാശത്തു നിന്നു തിരിച്ചെത്തി കഴിച്ചത് പീത്‌സ! ഇത്തവണയും അതേ ആഗ്രഹം

Mail This Article
കൽപനാ ചൗളയ്ക്കു ശേഷം ബഹിരാകാശത്തു പോയ രണ്ടാമത്തെ വനിതയായി സുനിത വില്യംസ് മാറിയത് 2007ൽ ആയിരുന്നു. അന്നു സുനിത തിരിച്ചുവന്ന ശേഷം ആദ്യം കഴിച്ച ഭക്ഷണം പീത്‌സ ആയിരുന്നു.അന്നത്തെ പീത്‌സ പ്രേമം ഇന്നും സുനിതയ്ക്കുണ്ട്. തിരികെയെത്തിയ ശേഷം ഒരു പീത്‌സ കഴിക്കുകയാണ് തന്റെ ഉടനടിയുള്ള ആഗ്രഹമെന്നു സുനിത പറഞ്ഞിരുന്നു. ഇടക്കാലത്ത് സുനിതയുടെ ശരീരം ശോഷിച്ചതും സുനിത മതിയായ ആഹാരം കഴിക്കുന്നില്ലെന്ന അഭ്യൂഹവും വലിയ വിവാദത്തിനു വഴിവച്ചിരുന്നു.
ഇതു മൂന്നാം തവണയാണ് സുനിത ബഹിരാകാശത്തേക്ക് പോയത്. ഗുജറാത്തിൽ നിന്നുള്ള ഡോ.ദീപക് പാണ്ഡ്യയുടെയും സ്ലൊവേനിയക്കാരി ബോണിയുടെയും മകളായ സുനിത തന്റെ ഇന്ത്യൻ വേരുകളിൽ വളരെ അഭിമാനിതയാണ്.
ഇന്ത്യൻ ഭക്ഷണത്തോടും സുനിതയ്ക്ക് വലിയ പ്രിയമാണ്. 2013ൽ സുനിത ഇന്ത്യ സന്ദർശിച്ചിരുന്നു. തന്റെ രണ്ടാം ബഹിരാകാശ യാത്ര പൂർത്തീകരിച്ച ശേഷമായിരുന്നു ഈ സന്ദർശനം. ആ വരവിലാണ് ഇന്ത്യൻ ഭക്ഷണത്തോടുള്ള തന്റെ പ്രിയം അവർ പറഞ്ഞത്. കൂട്ടത്തിൽ കൗതുകകരമായ മറ്റൊരു കാര്യം കൂടി അവർ വെളിപ്പെടുത്തി. തന്റെ രണ്ടാം യാത്രയിൽ ഒരു പാക്കറ്റ് സമൂസ കൂടി അവർ കൊണ്ടുപോയത്രേ. അങ്ങനെ ബഹിരാകാശത്ത് പോയ ഒരിന്ത്യൻ പലഹാരമെന്ന ഖ്യാതി സമൂസയ്ക്ക് ലഭിച്ചു.

സമോസയുടെ വേരുകൾ കിടക്കുന്നത് മധ്യേഷ്യയിലാണ്. അവിടത്തെ സംസയെന്ന പലഹാരമാണ് ഇവിടെയെത്തി സമൂസയായത്. 13, 14 നൂറ്റാണ്ടുകളിൽ ഡൽഹി സുൽത്താനേറ്റിൽ വന്ന മധ്യേഷ്യൻ പാചകക്കാരാണ് സമൂസയെ ഇവിടെയെത്തിച്ചത്.ഇന്ന് രാജ്യമെങ്ങും പ്രിയപ്പെട്ട ഒരു ചെറുകടി വിഭവമാണ് സമൂസ. പലയിടത്തും തദ്ദേശീയമായ വ്യത്യാസങ്ങളും ഈ പലഹാരത്തിനുണ്ട്.
ബഹിരാകാശത്ത് ആയിരുന്നപ്പോൾ വിവിധ ഭക്ഷണമാണു സുനിത കഴിച്ചത്. പ്രാതലിന് പൊടിരൂപത്തിലുള്ള പാൽ, പിസ, റോസ്റ്റഡ് ചിക്കൻ, ട്യൂണ തുടങ്ങിയവയും കഴിച്ചു. ഓരോ മൂന്നുമാസം കൂടുമ്പോഴാണു രാജ്യാന്തര ബഹിരാകാശ നിലയത്തിൽ ഭക്ഷണം എത്തുന്നത്. ഓരോ യാത്രികന്റെയും രുചിക്കും താൽപര്യത്തിനും പോഷണ ആവശ്യത്തിനും അനുസൃതമായ ഭക്ഷണമാണ് അവിടെയെത്തുക. മാംസം, മുട്ട തുടങ്ങിയവ ഭൂമിയിൽ പാകം ചെയ്താണു ബഹിരാകാശ നിലയത്തിൽ എത്തിക്കുക. പിന്നീട് ഇവ അവിടെ ചൂടാക്കി ഉപയോഗിക്കും.
കറികൾ, സൂപ്പുകൾ, സ്റ്റൂ തുടങ്ങിയ വിഭവങ്ങളും ഉണക്കി പൊടിയാക്കി എത്തിക്കാറുണ്ട്. ഇവ വെള്ളം ചേർത്ത് പിന്നീട് തയാർ ചെയ്യും.