ബഹിരാകാശ നിലയത്തെ രക്ഷിച്ച സുനിതയുടെ ടൂത്ത് ബ്രഷ്! റെക്കോർഡുകൾ ഭേദിച്ച നടത്തം

Mail This Article
2006 ഡിസംബറിൽ ഡിസ്‌കവറി ഷട്ടിൽ പേടകത്തിലേറി ഇന്ത്യൻ വംശജ സുനിത വില്യംസ് ആദ്യമായി രാജ്യാന്തര ബഹിരാകാശ നിലയത്തിലെത്തി. ശ്രദ്ധേയമായ സംഭാവനകൾ നിലയത്തിനേകിയ ഒരു താമസക്കാലമായിരുന്നു അന്നു സുനിതയുടേത്.ബഹിരാകാശത്ത് ഏറ്റവുമധികം നടന്ന വനിത എന്ന റെക്കോർഡ് സുനിത വില്യംസ് ആദ്യം സ്വന്തമാക്കിയത് അക്കാലയളവിലാണ്.
ഡിസംബർ മുതൽ മൂന്നുതവണയായി 22 മണിക്കൂർ 27 മിനിറ്റ് ബഹിരാകാശത്തു നടന്ന സുനിത യുഎസിലെതന്നെ കാത്തി തോൺടന്റെ 21 മണിക്കൂർ എന്ന റെക്കോർഡാണു ഭേദിച്ചത്. ഇന്നും ലോകത്ത് ഏറ്റവും കൂടുതൽ സമയം സ്‌പേസ് വോക്ക് നടത്തിയതിന്‌റെ റെക്കോർഡ് സുനിതയ്ക്കാണ്. 9 നടത്തങ്ങളിലായി 62 മണിക്കൂറും 6 മിനിറ്റുമാണു സുനിത ബഹിരാകാശത്തു സഞ്ചരിച്ചത്.
കാതലായ ഒരു സാങ്കേതികത്തകരാർ ടൂത്ത്ബ്രഷിൽ പരിഹാരം
ഗുജറാത്ത് സംസ്ഥാനത്തെ ജുലാസൻ ഗ്രാമത്തിൽ പിതൃവേരുകളുള്ള സുനിത വേറെയും ശ്രദ്ധേയമായ പ്രവർത്തനങ്ങൾ ബഹിരാകാശ നിലയത്തിൽ നടത്തിയിട്ടുണ്ട്. രണ്ടാമത്തെ യാത്രയിൽ 2012ൽ സുനിത ബഹിരാകാശ നിലയത്തിലെ കാതലായ ഒരു സാങ്കേതികത്തകരാർ തന്‌റെ ടൂത്ത്ബ്രഷ് ഉപയോഗിച്ചു പരിഹരിച്ചിരുന്നു.
2012 ഓഗസ്റ്റ് 30ന് 8 മണിക്കൂറോളം നീണ്ട വലിയ ഒരു ബഹിരാകാശ നടത്തത്തിനു തയാറെടുക്കുമ്പോഴാണു സുനിതയ്ക്കും ജപ്പാൻകാരൻ സഹപ്രവർത്തകൻ അകിഹികോ ഹോഷിഡെയ്ക്കും മുന്നിൽ ഒരു പ്രശ്‌നം വന്നുപെട്ടത്. ഒരു വൈദ്യുതി സ്വിച്ചിങ് യൂണിറ്റിന്‌റെ ബോൾട്ട് നിലയത്തിൽ തകരാറിലായി.
നിസാരകാര്യങ്ങൾ പോലും ബഹിരാകാശത്തു വലിയ പ്രശ്‌നം
ഭൂമിയിലെ നിസ്സാരകാര്യങ്ങൾ പോലും ബഹിരാകാശത്തു വലിയ പ്രശ്‌നമാണ്. ബോൾട്ട് ഒന്നു വൃത്തിയാക്കിയാൽ കാര്യം പരിഹരിക്കാം. ഒരു ടൂത്ത്ബ്രഷ് ഉപയോഗിച്ച് സംഭവം വൃത്തിയാക്കാമെന്നു സുനിത ഐഡിയ പറഞ്ഞു.എന്നാൽ ഗ്രൗണ്ട് കൺട്രോളിലുള്ള നാസയുടെ സാങ്കേതിക വിദഗ്ധർക്ക് ഇക്കാര്യത്തിൽ സംശയം തോന്നി. തുടർന്ന് നിലയത്തിലുള്ളവരും അവരും തമ്മിൽ ചർച്ചകൾ നടന്നു.
ഒടുവിൽ സമ്മതമെത്തി. സുനിത ബ്രഷ് ഉപയോഗിച്ചു ബോൾട്ട് വൃത്തിയാക്കിയതോടെ പ്രശ്‌നം പരിഹരിച്ചു. ഹൂസ്റ്റണിലെ കൺട്രോൾ സെന്‌റർ സുനിതയ്ക്ക് അഭിനന്ദനമയച്ചു. നിങ്ങൾ ബഹിരാകാശ നിലയത്തെ രക്ഷിച്ചു എന്നായിരുന്നു ആ സന്ദേശം.