സുനിതയെയും വില്‍മോറിനെയും തിരിച്ചെത്തിക്കാന്‍ വേണ്ടിവന്ന ചെലവെത്ര?

Mail This Article
നാസയുടെ ബഹിരാകാശ സഞ്ചാരികളായ സുനിത വില്യംസും ബുച്ച് വില്‍മോറും തിരികെ ഭൂമിയിലെത്തിയതോടെ സമീപകാലം കണ്ടതിലേക്കും വച്ച് ഏറ്റവും വലിയ ആകാശ ദൗത്യങ്ങള്‍ക്കൊന്നിന് തിരശീല വീണു. സാധാരണക്കാരും ബഹിരാകാശ മേഖലയെക്കുറിച്ച് ഗവേഷണം നടത്തുന്നവരുമെല്ലാം അറിയാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങളിലൊന്ന് ഇവരെ തിരിച്ചെത്തിക്കാന്‍ എത്ര പണം ചെലവിടേണ്ടി വന്നു എന്നാണ്. പല പ്ലാറ്റ്ഫോമുകളിലും ഇക്കാര്യം ചോദ്യമായി എത്തുന്നുമുണ്ട്.
എട്ടോളം ദിവസത്തെ താമസത്തിനായി പോയി അപ്രതീക്ഷിതമായി ഒമ്പതു മാസത്തോളം രാജ്യാന്തര ബഹിരാകാശ നിലയത്തിൽ (ഐഎസ്എസ്) താമസിക്കേണ്ടി വന്നവരാണ് ഇരുവരും. അവരെ തിരിച്ചിറക്കാന്‍ വൈകിയതില്‍ സാങ്കേതിക തകരാറുകള്‍ മുതല്‍ രാഷ്ട്രീയ വടംവലി വരെ കാരണമായിട്ടുണ്ടെന്ന് ആരോപണങ്ങള്‍ നിലനില്‍ക്കുന്നുമുണ്ട്.

ബഹിരാകാശ ദൗത്യങ്ങള്‍ക്ക് ചെലവേറെ
ഗൂഢാലോചനാ വാദക്കാര്‍ ചോദിക്കുന്ന ഒരു ചോദ്യമുണ്ട്,1972നു ശേഷം എന്തുകൊണ്ട് മനുഷ്യരെ ചന്ദ്രനില്‍ ഇറക്കിയില്ല എന്ന്. ചെലവിടേണ്ട പണം ആണ് അതിന്റെ പ്രധാനപ്പെട്ട കാരണങ്ങളിലൊന്ന്. ഒരു ബഹിരാകാശ ദൗത്യവും ഇതിന് അപവാദമല്ല.
സുനിതയെയും വില്‍മോറിനെയും കൊണ്ടുവരാന്‍ ഉപയോഗിച്ച ക്രൂ ഡ്രാഗണ്‍ ക്യാപ്‌സ്യൂളിനെ ബഹിരാകാശത്തെത്തിച്ച സ്‌പെയ്‌സ്എക്‌സിന്റെ ഫാൽക്കണ്‍ 9 റോക്കറ്റ് ഓരോ തവണയും വിക്ഷേപിക്കുമ്പോള്‍ ഏകദേശം 69.75 ദശലക്ഷം ഡോളര്‍ മുടക്കേണ്ടിവരും. ബഹിരാകാശ സഞ്ചാരികളെ സുരക്ഷിതരായി തിരിച്ചെത്തിക്കണമെന്ന ഉദ്ദേശത്തോടെ ഉണ്ടാക്കിയെടുത്ത ക്രൂ ഡ്രാഗണ്‍ ക്യാപ്‌സ്യൂളും കൂട്ടിയാൽ ചെലവ് 140 ദശലക്ഷം ഡോളറാകും.
ജീവന്‍ നിലനിര്‍ത്താന്‍ വേണ്ട സജ്ജീകരണങ്ങളും, മനുഷ്യരുടെ ബഹിരാകാശ സഞ്ചാരത്തിന് അത്യന്താപേക്ഷിതമായ സൗകര്യങ്ങളും ഇണക്കിയിരുന്നതിനാല്‍ ക്യാപ്‌സ്യൂളിന്റെ ഭാരം വര്‍ദ്ധിക്കാന്‍ ഇടവരുത്തി. ഐഎസ്എസില്‍ നിന്ന് 17 മണിക്കൂര്‍ എടുത്താണ് ഫ്ലോറിഡ തീരത്ത് വിജയകരമായി സ്പ്ലാഷ്ഡൗണ്‍ നടത്തിയത്.