ADVERTISEMENT

തെക്കുപടിഞ്ഞാറൻ തുർക്കിയിലെ ചൂടുനീരുറവകൾക്ക് പേരുകേട്ട  പമുക്കലെയിൽ, നരകത്തിലേക്കുള്ള കവാടമാണെന്ന് വിശ്വസിക്കപ്പെടുന്ന പ്ലൂട്ടോയുടെ ഗേറ്റ് എന്നറിയപ്പെടുന്ന ശിലാ കമാനം 2013 ൽ പുരാവസ്തു ഗവേഷകർ കണ്ടെത്തി. ഹിയറാപോലിസിന്റെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് കുഴിച്ചെടുത്ത ഈ സ്ഥലം ഭൂമിയിലെ ഏറ്റവും ദുരൂഹമായ സ്ഥലങ്ങളിൽ ഒന്നാണ്.

പാതാളത്തിന്റെ ഗ്രീക്ക് ദേവനായ പ്ലൂട്ടോയ്ക്ക് സമർപ്പിച്ചിരിക്കുന്ന ഒരു പുണ്യസ്ഥലമായിരുന്നു ഈ ഘടന, ഹേഡീസ് എന്നും അറിയപ്പെടുന്നു. പാതാളത്തെ കാക്കുന്നുവെന്ന് പറയപ്പെടുന്ന ഗ്രീക്ക് പുരാണത്തിലെ മൂന്ന് തലയുള്ള നായ സെർബറസിന്റെ വിഷ ശ്വാസം ഒഴുകുന്ന ഒരു കവാടമായാണ് ഈ ദേവാലയം കണക്കാക്കപ്പെട്ടിരുന്നത്.

secret-cave - 1

അതിനകത്തു നിന്ന് എല്ലായിപ്പോഴും മൂടല്‍മഞ്ഞുപോലെ നേര്‍ത്ത പുക പുറത്തേക്കു വരാറുണ്ടായിരുന്നു. ഗുഹയ്ക്കു ചുറ്റും കെട്ടിപ്പൊക്കിയ അനേകം പടിക്കെട്ടുകള്‍. അതിന്മേലിരുന്നാണു ഗുഹയ്ക്കു മുന്നിലെ ചടങ്ങുകള്‍ ജനം വീക്ഷിച്ചിരുന്നത്. പുരാതന ഗ്രീക്ക് നഗരമായ ഹിയറാപൊലിസിലായിരുന്നു ആ ഗുഹ.

ആരെയും അമ്പരപ്പിക്കും ബലി

കാരണം നരകത്തിന്റെ കവാടം എന്ന പേരുസൂചിപ്പിക്കും പോലെ മരണമാണ് ആ വാതില്‍ക്കല്‍ കാത്തിരിക്കുന്നത്. പാതാളത്തിന്റെ ദേവനായ പ്ലൂട്ടോയുടെ വസതിയിലേക്കു വാതില്‍ എന്നാണ് റോമാക്കാര്‍ ഇതിനെ വിശേഷിപ്പിച്ചത്. ഗുഹ അറിയപ്പെട്ടിരുന്നതു തന്നെ പ്ലൂട്ടോണിയം എന്നും. പാതാളദേവനെ പ്രീതിപ്പെടുത്താന്‍ മൃഗങ്ങളെ ബലി നല്‍കിയിരുന്നത് ഈ ഗുഹയിലായിരുന്നു. 

secret-cave3 - 1

ഒരു പുരോഹിതനൊപ്പമായിരിക്കും ബലിക്കുള്ള കാളയെ ഗുഹയ്ക്ക് അകത്തേക്കു കടത്തുക. എന്നാല്‍ ഗുഹയിലേക്കു കയറിയാലുടന്‍ കാള മരിച്ചു വീഴും, പുരോഹിതനാകട്ടെ ഒരുകുഴപ്പവും പറ്റാതെ തിരികെ വരും. അമാനുഷിക ശക്തിയുള്ളവരാണ് പുരോഹിതര്‍ എന്ന വാദം ശക്തിപ്പെടുത്തുന്നതായിരുന്നു ആ കാഴ്ച. 

ആ രഹസ്യം കണ്ടെത്തി

ഏകദേശം BCE 63 നും CE 24 നും ഇടയിൽ ജീവിച്ചിരുന്ന ഗ്രീക്ക് ഭൂമിശാസ്ത്രജ്ഞനായ സ്ട്രാബോയുടെ പുരാതന രചനകളിങ്ങനെ 'ഈ സ്ഥലം മൂടൽമഞ്ഞും ഇടതൂർന്നതുമായ ഒരു നീരാവി കൊണ്ട് നിറഞ്ഞിരിക്കുന്നു, ഒരാൾക്ക് നിലം കാണാൻ പോലും കഴിയില്ല. ഉള്ളിലേക്ക് കടന്നുപോകുന്ന ഏതൊരു മൃഗവും തൽക്ഷണം മരണത്തെ നേരിടുന്നു" എന്ന് സ്ട്രാബോ ഈ സ്ഥലത്തെ വിശേഷിപ്പിച്ചു.

ഗുഹാരഹസ്യം കണ്ടെത്താനായി ജര്‍മന്‍ ഗവേഷകരുടെ ഒരു സംഘം തീരുമാനിക്കുന്നത്. വിശദമായ പരിശോധനയില്‍ ഒരു കാര്യം തിരിച്ചറിഞ്ഞു- ഗുഹയുടെ അടിത്തട്ടില്‍ 40 സെന്റിമീറ്റര്‍ വരെ ഉയരത്തില്‍ കാര്‍ബണ്‍ ഡൈ ഓക്‌സൈഡിന്റെ കനത്ത സാന്നിധ്യമുണ്ട്. ഭൂമിക്കടിയിലുണ്ടാകുന്ന ചില മാറ്റങ്ങളാണ് ആ വിഷവാതകത്തെ ഉല്‍പാദിപ്പിക്കുന്നത്. അഗ്നിപര്‍വത സ്‌ഫോടനമുണ്ടാകുമ്പോള്‍ പുറന്തള്ളപ്പെടുന്ന വാതകത്തിനു സമാനമായിരുന്നു ഗുഹയ്ക്കകത്തും.  സൂര്യപ്രകാശത്തിന്റെ സാന്നിധ്യമുള്ളതിനാല്‍ കാര്യമായ തീവ്രത പ്രകടിപ്പിക്കാറില്ല. പക്ഷേ രാത്രി വന്‍തോതില്‍ കെട്ടിക്കിടക്കും. പുലര്‍ച്ചെ ഗുഹയ്ക്കു സമീപത്തെത്തുന്ന പക്ഷികള്‍ ഉള്‍പ്പെടെ ചത്തുപോകുംവിധം കഠിനമായിരിക്കും കാര്‍ബണ്‍ ഡൈ ഓക്‌സൈഡിന്റെ സാന്നിധ്യം. 

ഗുഹയിലേക്കിറങ്ങുന്ന കാള പൂര്‍ണമായും വിഷവാതകത്തില്‍ പെട്ടു പോകുന്ന അവസ്ഥയാണ്. ഒപ്പം കയറുന്ന പുരോഹിതനാകട്ടെ ഉയരമുള്ളതിനാല്‍ മൂക്കിലേക്ക് കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് കയറുകയില്ല. ചില പുരോഹിതര്‍ പൊക്കം കൂട്ടാനായി കാല്‍ച്ചുവട്ടില്‍ കല്ലു വച്ച് കയറി നിന്നിരുന്നു. ഗുഹയ്ക്കകത്തു വിഷവാതകമുണ്ടെന്ന കാര്യവും പുരോഹിതര്‍ക്ക് അറിയാമായിരുന്നിരിക്കണം. വഴിപാടുമായി വരുന്ന പുരോഹിതന്മാർ 'കഴിയുന്നത്രയും ശ്വാസം അടക്കിപ്പിടിച്ചിരിക്കുമത്രെ'.

ശ്വാസം പിടിച്ചു നിന്ന് രക്ഷപ്പെടാനും അവര്‍ക്കു സാധിച്ചു. മൃഗങ്ങളാകട്ടെ വിഷവാതകത്തില്‍ മുങ്ങി തത്ക്ഷണം മരിച്ചു വീഴുകയും ചെയ്തു. ചെറുപക്ഷികളെയും പ്രാണികളെയുമെല്ലാം കൊല്ലാനുള്ള വിഷവാതകം എല്ലായിപ്പോഴും ഗുഹ നിറഞ്ഞുനിന്നിരുന്നു.  പടൂകൂറ്റന്‍ കാളകള്‍ നിമിഷങ്ങള്‍ക്കകം മരിച്ചുവീഴുകയും പുരോഹിതര്‍ ഒരു കുഴപ്പവുമില്ലാതെ ഗുഹവിട്ടു പുറത്തിറങ്ങുകയുംചെയ്തതിനു പിന്നില്‍ ഇതാണു കാരണമത്രെ. ഇപ്പോഴും ആ കവാടത്തിൽനിന്നും വിഷവാതകം പുറപ്പെടുന്നുണ്ടത്രെ.

English Summary:

Pluto's Gate in Pamukkale, Turkey, is a terrifyingly fascinating archaeological discovery. This ancient site, known as the gateway to hell, reveals how lethal carbon dioxide gas caused animal sacrifices and the priests' survival.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com