മുടിയിഴകൾ പരിശോധിച്ച് ലഹരി ഉപയോഗം കണ്ടെത്താം! എത്ര നാൾക്കുള്ളിൽ, അറിയേണ്ട കാര്യങ്ങൾ

Mail This Article
മദ്യം പോലുള്ള ലഹരി ഉപയോഗം ബ്രെത്ത് അനലൈസര്‍ പരിശോധനയിൽ തിരിച്ചറിയാനും സാധാരണ രക്തപരിശോധനയിൽ സ്ഥിരീകരിക്കാനും സാധിക്കും. എന്നാൽ രാസ ലഹരി പോലെയുള്ള മാരക മയക്കുമരുന്നുകൾ കണ്ടെത്താനും കോടതിയിൽ സമർപ്പിക്കാനും പൊലീസുൾപ്പെടെയുള്ള അധികാരികൾ മറ്റുചില രീതികളാണ് ഉപയോഗിക്കുന്നത്.
കൊക്കെയ്ൻ, എംഡിഎംഎ, ഹെറോയിൻ തുടങ്ങിയ നിരോധിത ലഹരി മരുന്നുകളുടെ ഉപയോഗം, അല്ലെങ്കിൽ ഡോക്ടർമാർ നിർദേശിക്കുന്ന ചില മരുന്നുകളുടെ ദുരുപയോഗം എന്നിവ പരിശോധിക്കാനാണ് ഹെയർ ഫോളിക്കിൾ ടെസ്റ്റ് പരിശോധന പോലെയുള്ളവ അധികാരികൾ നടത്തുന്നത്. എത്ര ദിവസത്തിനുള്ളിൽ ഫലം വരും?, എങ്ങനെയാണ് പരിശോധന എന്നൊക്കെ അറിയാം.
നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് (എൻഡിപിഎസ്) ആക്ട് പ്രകാരം കുറ്റം ചുമത്താനാണ് പൊലീസ് ഇത്തരം പരിശോധനകൾ ഉപയോഗിക്കുന്നത്. രക്ത, മൂത്ര പരിശോധനകളിലൂടെ സമീപകാല മയക്കുമരുന്ന് ഉപയോഗം കണ്ടെത്താനാകും. അതേസമയം 90 ദിവസത്തിനുള്ളിലുള്ള മയക്കുമരുന്ന് ഉപയോഗവും മറ്റും വിശകലനം ചെയ്യുന്നതിനാണ് ഹെയർ ഫോളിക്കിൾ ടെസ്റ്റ് ഉപയോഗിക്കുന്നത്.
ശരീരത്തിന്റെ ഏത് ഭാഗത്തുനിന്നും ചെറിയ അളവിൽ രോമങ്ങൾ (20-30 മുടിയിഴകൾ) കത്രിക ഉപയോഗിച്ച് എടുക്കാം, എന്നിരുന്നാലും സാധാരണയായി അവ തലയോട്ടിയിൽ നിന്നും മുടിയുടെ വേരുൾപ്പടെയാണ് എടുക്കുന്നത്. ഫൊറൻസിക് വിദഗ്ധരുടെ മേൽനോട്ടത്തിൽ ഡോക്ടർമാരാണ് മുടിയുടെ സാമ്പിള്‍ ശേഖരിക്കുന്നത്.
പരിശോധനാ ഫലം എത്ര ദിവസത്തിനുള്ളിൽ വരും?
പരിശോധനയ്ക്കുള്ള സാമ്പിൾ ലാബിൽ എത്തി 24 മുതൽ 72 മണിക്കൂറിനുള്ളിൽ (1 മുതൽ 3 പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ) സാധാരണ ഫലം ലഭിക്കാറുണ്ട്. ചില പ്രത്യേക സാഹചര്യങ്ങളിൽ ഇത് കൂടുതൽ സമയമെടുത്തേക്കാം. ലാബിന്റെ സംവിധാനങ്ങൾക്കനുസരിച്ച് പരിശോധന നടത്തിയ ഫലം ലഭിക്കുന്നതിനുള്ള കാലയളവിന് വ്യത്യാസം വരാം.
ലാബ് പരിശോധന:
ശേഖരിച്ച മുടി സാമ്പിൾ പ്രത്യേക ലബോറട്ടറിയിൽ എത്തിച്ച് രാസപരമായ വിശകലനത്തിന് വിധേയമാക്കുന്നു. ഗ്യാസ് ക്രോമാറ്റോഗ്രാഫി-മാസ് സ്പെക്ട്രോമെട്രി (GC-MS) അല്ലെങ്കിൽ ലിക്വിഡ് ക്രോമാറ്റോഗ്രാഫി-മാസ് സ്പെക്ട്രോമെട്രി (LC-MS) പോലുള്ള നൂതന സാങ്കേതിക വിദ്യകളാണ് ഇതിനായി ഉപയോഗിക്കുന്നത്. ഈ രീതികൾ ഉപയോഗിച്ച് മുടിയിലെ മയക്കുമരുന്നുകളുടെ അംശം കൃത്യമായി കണ്ടെത്താൻ സാധിക്കും.