220 ദിവസം ബഹിരാകാശത്ത്, മടങ്ങിയെത്തി എഴുപതാം ജന്മദിന ആഘോഷം; ഡോൺ പെറ്റിറ്റെന്ന മുതിര്‍ന്ന സഞ്ചാരി!

Mail This Article
220 ദിവസത്തെ ബഹിരാകാശ വാസത്തിന് ശേഷം ബഹിരാകാശയാത്രികൻ ഡോൺ പെറ്റിറ്റ് തന്റെ 70-ാം ജന്മദിനത്തിൽ ഭൂമിയിൽ മടങ്ങിയെത്തി. റഷ്യൻ സഹപ്രവർത്തകരായ അലക്സി ഓവ്ചിനിൻ, ഇവാൻ വാഗ്നർ എന്നിവർക്കൊപ്പം 220 ദിവസത്തെ ദൗത്യത്തിന് ശേഷം സോയൂസ് എംഎസ്-26 അൺഡോക്ക് ചെയ്ത് 20ന് ഭൂമിയിൽ ലാൻഡ് ചെയ്തു.
പകർത്തിയത് മനോഹരമായ ബഹിരാകാശ ദൃശ്യങ്ങൾ
അമ്പരപ്പിക്കുന്ന ബഹിരാകാശ ചിത്രങ്ങളും വിഡിയോകളും പകര്‍ത്തുന്നതിൽ ശ്രദ്ധേയനാണ് നാസയുടെ ഏറ്റവും പ്രായം കൂടിയ ബഹിരാകാശ സഞ്ചാരി പെറ്റിറ്റ്. രാജ്യാന്തര ബഹിരാകാശ നിലയം 180 ഡിഗ്രിയിൽ തിരിയുന്നതിന്റെയും പിന്നോട്ടു യാത്ര ചെയ്യുന്നതിന്റെയും രസകരമായ വിഡിയോ ഡോൺ പെറ്റിറ്റ് പുറത്തുവിട്ടിരുന്നു. റഷ്യയുടെ സോയൂസ് എംഎസ്–27 പേടകവുമായി ഡോക് ചെയ്യാനാണു ബഹിരാകാശനിലയം ഈ വിധം ചലിച്ചത്. ബഹിരാകാശത്തുനിന്നുള്ള ഭൂമിയുടെ കമനീയ ദൃശ്യങ്ങളും വിഡിയോയുടെ പശ്ചാത്തലത്തിൽ കാണാനാകുമായിരുന്നു.
ഇനി എംഎസ്–27 പേടകം
നാസയുടെ ജോൺ കിം, റഷ്യൻ ബഹിരാകാശ ഏജൻസിയുടെ സെർജി റിസികോവ്, അലക്സി സൂബ്രിറ്റ്സ്കി എന്നീ യാത്രികരാണു സോയൂസ് എംഎസ്–27 പേടകത്തിൽ സ്പേസ് സ്റ്റേഷനിൽ എത്തിയത്. കസഖ്സ്ഥാനിൽ നിന്നു യാത്ര തിരിച്ച അവർ 3 മണിക്കൂർകൊണ്ടാണ് ബഹിരാകാശ നിലയത്തിൽ എത്തിയത്.
മൈത്രിയുടെ പ്രതീകമായ രാജ്യാന്തര ബഹിരാകാശ നിലയം
ശീതയുദ്ധകാലത്തിനുശേഷം വിവിധ ശാക്തികചേരികൾ തമ്മിലുണ്ടായ മൈത്രിയുടെ പ്രതീകമാണ് രാജ്യാന്തര ബഹിരാകാശ നിലയം. 1998ൽ നിർമാണം തുടങ്ങിയ രാജ്യാന്തര ബഹിരാകാശ നിലയം 2011ൽ പൂർണാർഥത്തിൽ യാഥാർഥ്യമായി. ഇപ്പോഴും പുതിയ ദൗത്യങ്ങളും പരീക്ഷണങ്ങളും ഇവിടെ നടക്കുന്നു. 2000 നവംബർ 2 മുതൽ നിലയത്തിൽ മുഴുവൻ സമയവും മനുഷ്യ സാന്നിധ്യമുണ്ടായിരുന്നു. യൂറോപ്യൻ സ്പേസ് ഏജൻസി അംഗരാജ്യങ്ങൾ, യുഎസ്, റഷ്യ, കാനഡ, ജപ്പാൻ എന്നിവ രാജ്യാന്തര ബഹിരാകാശ നിലയത്തിന്റെ പ്രവർത്തനങ്ങളിൽ ഭാഗഭാക്കാണ്. നിലയവുമായുള്ള സഹകരണം സമീപഭാവിയിൽ റഷ്യ അവസാനിപ്പിക്കുമെന്ന് വലിയ അഭ്യൂഹമുണ്ട്.

സ്വന്തം നിലയിൽ ബഹിരാകാശ നിലയം
സ്വന്തം നിലയിൽ ബഹിരാകാശ നിലയം നിർമിക്കുകയെന്ന ലക്ഷ്യത്തിലേക്കാണു റഷ്യ പോകുന്നതെന്ന് നിരീക്ഷകർ സംശയിക്കുന്നുണ്ട്. ഭാവിയിൽ സ്വന്തം നിലയ്ക്കു നടപ്പാക്കാനുദ്ദേശിക്കുന്ന ബഹിരാകാശ നിലയത്തിന്റെ വിവരങ്ങളും റഷ്യ പുറത്തുവിട്ടിരുന്നു.‘ആർമി 2022’ എന്ന സൈനിക പ്രദർശന വേദിയിലാണ് റോസ്കോമോസ് ‘റോസ്’ എന്ന തങ്ങളുടെ ഭാവി ബഹിരാകാശ നിലയത്തിന്റെ രൂപരേഖ മുന്നോട്ടുവച്ചത്. രണ്ടുഘട്ടങ്ങളായാകും ഇതിന്റെ വിക്ഷേപണം. ആദ്യഘട്ടത്തിൽ 4 മൊഡ്യൂളുകളുള്ള സ്പേസ് സ്റ്റേഷൻ ബഹിരാകാശത്തെത്തിക്കും. ഭാവിയിൽ രണ്ടു മൊഡ്യൂളുകൾകൂടി ബഹിരാകാശം താണ്ടും. ഇതിനുശേഷം ഒരു സർവീസ് പ്ലാറ്റ്ഫോമും. പൂർത്തിയായിക്കഴിയുമ്പോൾ 4 കോസ്മോനോട്ടുകളെയും (റഷ്യൻ ബഹിരാകാശ യാത്രികർ) ശാസ്ത്ര ഉപകരണങ്ങളെയും വഹിക്കാനുള്ള ശേഷി നിലയത്തിനുണ്ടാകും.
രാജ്യാന്തര ബഹിരാകാശ നിലയത്തിലേതുപോലെ എപ്പോഴും മനുഷ്യസാന്നിധ്യം എന്ന രീതി റഷ്യൻ നിലയത്തിനുണ്ടാകില്ല. വർഷത്തിൽ രണ്ടുതവണയാകും ഇവിടെ ആളുകൾ പാർക്കുക.ഇറാൻ, ചൈന എന്നീ രാജ്യങ്ങളുമായി ബഹിരാകാശരംഗത്തു സഹകരണം ശക്തമാക്കാനും റഷ്യയ്ക്കു പദ്ധതിയുണ്ട്. ഭൂമിയിൽനിന്ന് 400 കിലോമീറ്റർ അകലെ മണിക്കൂറിൽ 28,000 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കുന്ന രാജ്യാന്തര ബഹിരാകാശ നിലയം ഓരോ 90 മിനിറ്റിലും ഭൂമിയെ വലം വയ്ക്കുന്നു. 2031ൽ രാജ്യാന്തര ബഹിരാകാശ നിലയം ഡീകമ്മിഷൻ ചെയ്യപ്പെടുമെന്ന് ഒരു കൂട്ടം വിദഗ്ധർ പറയുന്നു.