അന്യഗ്രഹജീവികൾ വരാത്തതെന്ത്? ഇന്നും ഉത്തരമില്ലാതെ ഫെർമി പാരഡോക്സ്

Mail This Article
ആണവ വിദ്യയുടെ വികാസത്തിൽ ശ്രദ്ധേയ പങ്കുവഹിച്ചിട്ടുള്ള ശാസ്ത്രജ്ഞനാണ് എൻറികോ ഫെർമി.ആണവയുഗത്തിന്റെ ശിൽപിയായി പരിഗണിക്കപ്പെടുന്ന ഇറ്റാലിയൻ വംശജനായ ശാസ്ത്രജ്ഞനും നൊബേൽ പുരസ്‌കാര ജേതാവുമാണ് ഫെർമി.ശാസ്ത്രരംഗത്ത് വളരെ പരിചിതമുഖമായിരുന്ന ഫെർമിക്ക് ധാരാളം സുഹൃത്തുക്കളുണ്ടായിരുന്നു. ഒഴിവു സമയങ്ങൾ നന്നായി ആസ്വദിച്ചിരുന്ന ഫെർമി കൗതുകവും കുസൃതിയും നിറഞ്ഞ ചോദ്യങ്ങൾ ചോദിക്കാൻ മിടുക്കനായിരുന്നു.
ഒരിക്കൽ യുഎസിൽ ലോസ് അലാമോസ് നാഷനൽ യൂണിവേഴ്സിറ്റിയിൽ ലഞ്ച് കഴിക്കുന്നതിനിടെ ഫെർമി സഹപ്രവർത്തകരോട് ഒരു ചോദ്യമുന്നയിച്ചു. കോടാനുകോടി വർഷം പഴയ പ്രപഞ്ചത്തിൽ മനുഷ്യരല്ലാതെ വികസിച്ച മറ്റു ജീവികൾ ഉണ്ടെങ്കിൽ അവ ഭൂമി സന്ദർശിച്ചേനേ. ചിലപ്പോൾ ഭൂമിയിൽ അവരുടെ കോളനികളും സ്ഥാപിച്ചേനേ. എന്നിട്ടും എന്തുകൊണ്ട് ആരും വന്നില്ലെന്നതായിരുന്നു ചോദ്യം.

ഫെർമി പാരഡോക്സ് എന്ന പ്രഹേളിക
1950 ൽ ആയിരുന്നു ഫെർമിയുടെ ചോദ്യം. ശാസ്ത്രജ്ഞരെയും ചിന്തകരെയും അത് ഇരുത്തിച്ചിന്തിപ്പിച്ചു. ഫെർമി പാരഡോക്സ് എന്ന പേരിൽ പിൽക്കാലത്ത് ഇത് പ്രശസ്തമായി. ഫെർമി പാരഡോക്സ് പരിഹരിക്കാനായി പല സിദ്ധാന്തങ്ങളും സൂത്രവാക്യങ്ങളുമൊക്കെ പലരും ആവിഷ്കരിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഇന്നും ഫെർമി പാരഡോക്സ് ഒരു പ്രഹേളികയായി നിൽക്കുന്നു.
ഡ്രേക് ഇക്വേഷൻ, കർദഷേവ് സ്‌കെയിൽ തുടങ്ങിയ ചില ശാസ്ത്രീയ പ്രവചനരീതികൾ ഫെർമി പാരഡോക്സ് മറികടക്കാനായി ആവിഷ്കരിച്ചു. പ്രപഞ്ചത്തിൽ അന്യഗ്രഹജീവിസമൂഹങ്ങൾ പ്രവചിക്കാനുള്ള മാർഗമായിരുന്നു ഡ്രേക് ഇക്വേഷൻ. കർദഷേവ് സ്കെയിൽ അന്യഗ്രഹജീവന്റെ പുരോഗതി നിർണയിക്കാനുള്ള മാർഗമാണ്.
ഈ സ്കെയിലിൽ ഉന്നതിയിൽ വരുന്ന സമൂഹങ്ങൾ മനുഷ്യർക്ക് സ്വപ്നം കാണാൻ പോലും കഴിയാത്ത സാങ്കേതികവിദ്യകൾ നേടിയവരാകും. പിന്നിൽ വരുന്നവർ സാങ്കേതികപരമായി തീരെ വികസിക്കാത്തവരും.
ശാസ്ത്രീയ അടിസ്ഥാനത്തിൽ വികസിപ്പിക്കപ്പെട്ടവയാണെങ്കിലും ഈ സിദ്ധാന്തങ്ങളും സൂത്രങ്ങളുമൊന്നും ശരിയാണെന്നോ തെറ്റാണെന്നോ പറയാനാകില്ല. കാരണം, അന്യഗ്രഹജീവനെക്കുറിച്ചുള്ള വിവരങ്ങൾ, ഇന്നും നമുക്കന്യമാണ്.