Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സുന്ദരവസ്ത്രങ്ങളില്‍ പൊതിഞ്ഞ 1500 വര്‍ഷം പഴക്കമുള്ള മമ്മി കണ്ടെത്തി

mummy Pictures: Khovd Museum

1500 വര്‍ഷത്തിലേറെ പഴക്കമുള്ള തുര്‍ക്കി സ്ത്രീയുടെ മമ്മി മംഗോളിയന്‍ പുരാവസ്തുഗവേഷകര്‍ കണ്ടെത്തി. സൈബീരിയയിലും റഷ്യയിലും മംഗോളിയയിലും ചൈനയിലും ഖസാക്കിസ്ഥാനിലുമായി നീണ്ടുകിടക്കുന്ന അള്‍ട്ടായ് മലനിരകളില്‍ 9200 അടി മുകളില്‍ നിന്നാണ് ഈ തുര്‍ക്കി സ്ത്രീയുടെ ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.

1500 വര്‍ഷം പഴക്കമുള്ളതിനാല്‍ വളരെ സൂക്ഷിച്ചാണ് മമ്മിയില്‍ പഠനം നടത്തുന്നത്. ആധുനികമെന്ന് തോന്നിക്കുന്ന ബൂട്ടുകളും ഒരു കയ്യും കാലും മാത്രമേ ഇതുവരെ പുറത്ത് കാണുന്ന നിലയിലുള്ളൂ. സുന്ദരമായ തുണികള്‍ ഉപയോഗിച്ച് തുന്നിയ നിലയിലാണ് മമ്മിയുള്ളത്. പരുത്തി തുണികള്‍ക്ക് പുറമേ ചെമ്മരിയാടിന്‍റെയും ഒട്ടകത്തിന്‍റെയും രോമങ്ങള്‍ ഉപയോഗിച്ച് നിര്‍മ്മിച്ച വസ്ത്രങ്ങളാണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത്. നെയ്ത്ത് പോലുള്ള വിദഗ്ധ തൊഴിലുകളില്‍ ഇവര്‍ നൂറ്റാണ്ടുകള്‍ക്ക് മുമ്പേ വിദഗ്ധരായിരുന്നുവെന്ന് തെളിയിക്കുന്ന രേഖകളാണിത്. മലമുകളിലെ തണുത്ത കാലാവസ്ഥയാണ് ഇത്രയേറെ പഴക്കംവന്നിട്ടും കാര്യമായ കേടുപാടുകളില്ലാതെ മമ്മി നിലനില്‍ക്കാന്‍ കാരണം.

mummy1

അതേസമയം, ഏതെങ്കിലും തരത്തിലുള്ള ഉന്നത കുലജാതയുടെ മമ്മിയല്ല കണ്ടെത്തിയതെന്നാണ് ഗവേഷകര്‍ പറയുന്നത്. ശവകുടീരത്തില്‍ പ്രത്യേകം കൂര്‍ത്തഭാഗം കാണാത്തതിനാലാണ് ഇത്. കാര്യമായ കേടുപാടുകളില്ലാതെ ശരീരത്തില്‍ പൊതിഞ്ഞിരിക്കുന്ന തുണി വേര്‍പ്പെടുത്തിയെടുക്കുകയാണ് ഗവേഷകരുടെ നിലവിലെ ലക്ഷ്യം.

ആറാം നൂറ്റാണ്ടിലെ മംഗോളിയന്‍ ജീവിതരീതിയെക്കുറിച്ച് വിവരം നല്‍കാന്‍ സഹായിക്കുന്ന നിരവധി വസ്തുക്കള്‍ മമ്മി സൂക്ഷിച്ച അറയില്‍ നിന്നും ലഭിച്ചിട്ടുണ്ട്. ഈ സ്ത്രീക്കൊപ്പം എട്ട് വയസോളം പ്രായമുള്ള ഒരു കുതിരയേയും സംസ്ക്കരിച്ചതിന്‍റെ അവശിഷ്ടങ്ങളുണ്ട്. ഈ കുതിരയുടെ ജീനി, കളിമണ്ണുകൊണ്ടും മരം കൊണ്ടുമുള്ള പാത്രങ്ങള്‍, ഇരുമ്പുകൊണ്ടുള്ള ചായപ്പാത്രം, പൌരാണിക വസ്ത്രങ്ങള്‍ എന്നിവയെല്ലാം ശവക്കല്ലറയില്‍ നിന്നും ലഭിച്ചിട്ടുണ്ട്. കുതിരയുടെ അവശിഷ്ടങ്ങള്‍ക്ക് പുറമേ ഒരു ചെമ്മരിയാടിന്‍റെ തലയും ഇവിടെ നിന്ന് ലഭിച്ചിട്ടുണ്ട്.

mummy2

ബിസി ആറാം നൂറ്റാണ്ടിലാണ് മധ്യേഷ്യയില്‍ നിന്നും സൈബീരിയയിലേക്ക് ആദ്യ തുര്‍ക്കി വംശജര്‍ എത്തിയതെന്നാണ് കണക്കാക്കപ്പെടുന്നത്. സ്വന്തം അക്ഷരങ്ങളും ഭാഷയും ഇവര്‍ വികസിപ്പിച്ചെടുത്തിരുന്നു. നിലവില്‍ ഏഷ്യയിലും പശ്ചിമ യൂറോപ്പിലുമാണ് തുര്‍ക്കി വംശജര്‍ കൂടുതലുമുള്ളത്. രണ്ടായിരം വര്‍ഷം പഴക്കമുള്ള ഒരു ശവകുടീരത്തില്‍ നിന്നും ലഭിച്ച ശരീര അവശിഷ്ടങ്ങളെക്കുറിച്ച് 2003 ല്‍ നടത്തിയ ഡിഎന്‍എ പഠനത്തില്‍ ആധുനിക തുര്‍ക്കി വംശജരുമായുള്ള ബന്ധം തെളിയിക്കപ്പെട്ടിരുന്നു. തുര്‍ക്കി പടയാളിയുടേതെന്ന് കരുതപ്പെടുന്ന ശരീരാവശിഷ്ടങ്ങളും അള്‍ട്ടായ് മലനിരകളില്‍ നിന്നാണ് ലഭിച്ചത്.