Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യുഎഇയ്ക്ക് ഒരു സ്വപ്നമുണ്ട്... 2021ൽ അത് സംഭവിക്കും

uae-mars Image credit: WAM

യുഎഇയുടെ സ്വപ്‌നങ്ങൾക്കും അഭിലാഷങ്ങൾക്കും ആകാശത്തുനിന്നു തുടക്കമാകുകയാണെന്നു ചൊവ്വാ ദൗത്യത്തെ പരാമർശിച്ചു യുഎഇ വൈസ്‌ പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്‌ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്‌തൂം. നക്ഷത്രങ്ങളിൽനിന്നു തുടങ്ങുന്ന സ്വപ്‌നം രാജ്യത്തിന്റെ യശസ്സിനു കൂടുതൽ ശോഭയേകും. മനുഷ്യന്റെ അറിവുകളുടെ മികവുകളുമായി അറബ് മേഖലയുടെ മുദ്രപതിഞ്ഞ ദൗത്യം 2021ൽ യാഥാർഥ്യമാകുമെന്നും ‘ഹോപ് പ്രോബ് ആൻഡ് ദ് യുഎഇ പ്രോജക്‌ട് ടു എക്‌സ്‌പ്ലോർ മാർസ്’ എന്ന പുസ്‌തകത്തിന്റെ ആമുഖമായി ഏഴുതി. അറബ്–ഇസ്‌ലാമിക നാഗരികത ഒട്ടേറെ വിലപ്പെട്ട സംഭാവനകൾ ലോകത്തിനു നൽകിയതായും അദ്ദേഹം പറഞ്ഞു. 1971 ഡിസംബർ രണ്ടിനാണ് ആദ്യമായി മനുഷ്യനിർമിത പേടകം ചൊവ്വയിൽ ഇറങ്ങിയത്.

uae-leaders

യുഎഇ രൂപീകൃതമായ ദിവസവും അന്നാണ്. 50 വർഷത്തിനുശേഷം മറ്റൊരു ചരിത്രസംഭവം രാജ്യത്തു നടക്കുകയാണ്. ചൊവ്വാ ദൗത്യത്തിൽ പങ്കാളികളാകുന്ന ശാസ്‌ത്രജ്‌ഞരെ അദ്ദേഹം അഭിനന്ദിച്ചു. യുഎഇയുടെ ചൊവ്വാ ദൗത്യത്തിന് ‘അൽഅമൽ’ എന്നാണു ഷെയ്‌ഖ്‌ മുഹമ്മദ്‌ പേരിട്ടത്. അറബിക്കിൽ പ്രതീക്ഷയെന്നാണ്‌ ഇതിന്റെ അർഥം. തലമുറകൾക്കു പ്രതീക്ഷ നൽകുന്ന വൻ ദൗത്യമാണിത്. രാഷ്‌ട്രപിതാവ്‌ ഷെയ്‌ഖ്‌ സായിദ്‌ യുഎഇക്ക്‌ വികസനപ്രതീക്ഷകൾ സമ്മാനിച്ചപ്പോൾ മേഖലയ്‌ക്കാകെ യുഎഇ പ്രതീക്ഷയും ആത്മവിശ്വാസവും സമ്മാനിക്കുന്നതായും പ്രഖ്യാപനവേളയിൽ ഷെയ്‌ഖ്‌ മുഹമ്മദ്‌ പറഞ്ഞു. എഴുപതിലേറെ സ്വദേശിശാസ്‌ത്രജ്‌ഞരും എൻജിനീയർമാരും ചൊവ്വാ ദൗത്യത്തിനായി പ്രവർത്തിക്കുന്നു. 2020 ആകുമ്പോഴേക്കും ഇവരുടെ എണ്ണം 150 ആകും. മണിക്കൂറിൽ 126,000 കിലോമീറ്റർ വേഗത്തിൽ 200 ദിവസം സഞ്ചരിച്ചാണു ലക്ഷ്യത്തിലെത്തുക. 60 കോടി കിലോമീറ്ററാണു ദൂരം. ശൂന്യാകാശഗവേഷണത്തിൽ യുഎഇ ബഹുദൂരം മുന്നോട്ടുപോയിക്കഴിഞ്ഞു. പുതിയ സാങ്കേതികവിദ്യകളെക്കുറിച്ചും ശൂന്യാകാശപേടകത്തെക്കുറിച്ചുമെല്ലാം പഠനങ്ങൾ നടന്നുവരികയാണ്.

mars-vision

ടിവി ബ്രോഡ്‌കാസ്‌റ്റിങ്, സാറ്റലൈറ്റ്‌ കമ്യൂണിക്കേഷൻസ്, മൊബൈൽ സാറ്റലൈറ്റ്‌ കമ്യൂണിക്കേഷൻ കമ്പനി തുടങ്ങിയവ പദ്ധതിയുടെ ഭാഗമാണ്. ഒട്ടേറെ കൗതുകങ്ങളും പ്രത്യേകതകളുമുള്ള ചുവന്ന ഗ്രഹത്തെക്കുറിച്ചു കൂടുതൽ വിവരങ്ങൾ ശേഖരിക്കും. അന്തരീക്ഷത്തെക്കുറിച്ചും കാലാവസ്‌ഥയെക്കുറിച്ചും പേടകം വിവരങ്ങൾ ശേഖരിക്കും. ചൊവ്വയിലെ കാറ്റ്, പൊടിപടലങ്ങൾ, മേഘങ്ങൾ എന്നിവയെക്കുറിച്ചു കൂടുതൽ മനസ്സിലാക്കാൻ ഇതുവഴി കഴിയും. ശേഖരിക്കുന്ന വിവരങ്ങൾ ലോകത്തിലെ ശാസ്‌ത്രസമൂഹവുമായി പങ്കുവയ്‌ക്കുകയും കൂടുതൽ ദൗത്യങ്ങൾക്കു രൂപംനൽകുകയും ചെയ്യും. അറബ്‌മേഖലയെ ജ്യോതിശ്ശാസ്‌ത്രത്തിന്റെയും ഗണിതശാസ്‌ത്രത്തിന്റെയും പഠന–ഗവേഷണ കേന്ദ്രമാക്കി മാറ്റുകയെന്നതും ലക്ഷ്യമാണ്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.