Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചൊവ്വയില്‍ കാണുന്ന പാടുകള്‍ വെള്ളം ഒഴുകിയതിന് തെളിവ്

Mars-Water-613745

ചൊവ്വയുടെ ഉപരിതലത്തില്‍ ആവര്‍ത്തിച്ച് കാണുന്ന വരകളും ഇരുണ്ട രേഖകളുമെല്ലാം വെള്ളമൊഴുകുന്നത് മൂലമാകാമെന്ന് റിപ്പോര്‍ട്ട്. ചൊവ്വയിലെ ഏറ്റവും വലിയ ഗര്‍ത്തങ്ങളോട് ചേര്‍ന്നുള്ള ഭാഗങ്ങളില്‍ പഠനം നടത്തിയ ശേഷമാണ് ഗവേഷകര്‍ ഇങ്ങനെയൊരു നിഗമനത്തിലെത്തിയിരിക്കുന്നത്. ചൊവ്വയിലെ ഉഷ്ണകാലത്ത് ധ്രുവപ്രദേശത്തിനോട് ചേര്‍ന്നുള്ള വാലസ് മരിനറീസിലാണ് പഠനം നടത്തിയത്.

ചൊവ്വയുടെ ഉള്‍ഭാഗത്തുള്ള ജലം എങ്ങനെ കുന്നുകള്‍ക്കും മലകള്‍ക്കും മുകളിലെത്തുന്നുവെന്നതാണ് ഗവേഷകര്‍ക്ക് പിടിതരാത്തത്. ചൊവ്വയിലെ വെള്ളം ഒഴുകിയതുപോലുള്ള ഈ പാടുകള്‍ക്ക് പൊതുവില്‍ റിക്കറിംഗ് സ്ലോപ് ലൈന്‍സ് (ആര്‍എസ്എല്‍) എന്നാണ് പറയുന്നത്. പ്രപഞ്ച ശാസ്ത്രജ്ഞര്‍ക്കിടയില്‍ വര്‍ഷങ്ങളായി ചൂടുള്ള ചര്‍ച്ചാവിഷയമാണ് ചൊവ്വയിലെ ആര്‍എസ്എല്ലുകള്‍. ഉപ്പുവെള്ളത്തിന്റെ സാന്നിധ്യം ചൊവ്വയില്‍ സ്ഥിരീകരിച്ചിട്ടുണ്ട്. കോടിക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ചൊവ്വയില്‍ വന്‍ സമുദ്രങ്ങള്‍ ഉണ്ടായിരുന്നുവെന്നാണ് കരുതപ്പെടുന്നത്.

Mars-Water-2

ചൊവ്വയുടെ അന്തരീക്ഷത്തിലെ പ്രധാന ഘടകം കാര്‍ബണ്‍ ഡയോക്‌സൈഡ് ആണ്. ശിശിരകാലത്ത് ധ്രുവങ്ങള്‍ പരിപൂര്‍ണ്ണ അന്ധകാരത്തില്‍ ആയിരിക്കും. ഉപരിതലം വളരെയധികം തണുക്കുന്നതിന്റെ ഫലമായി, മൊത്തം കാര്‍ബണ്‍ ഡയോക്‌സൈഡിന്റെ ഏകദേശം 25 ശതമാനം വരെ ധ്രുവ മേഖലകളില്‍ ഉറഞ്ഞു കട്ടിയാകുന്നു. ഉഷ്ണകാലം എത്തുന്നതോടെ കട്ടിയായ ഈ കാര്‍ബണ്‍ ഡയോക്‌സൈഡ് വീണ്ടും ഉരുകി അന്തരീക്ഷത്തില്‍ ചേരുന്നു. ഈ പ്രക്രിയ മൂലം ചൊവ്വയുടെ ധ്രുവ അന്തരീക്ഷം വര്‍ഷം തോറും വളരെ വലിയ മാറ്റങ്ങള്‍ക്കു വിധേയമാകുന്നുണ്ട്.

ഉഷ്ണകാലത്ത് അന്തരീക്ഷത്തിലേക്ക് തിരിച്ചുവരുന്ന കാര്‍ബണ്‍ ഡയോക്‌സൈഡ്, ജലത്തിന്റെ അംശങ്ങള്‍ നിക്ഷേപിക്കുന്നു. ഇടയ്ക്കിടെ ഉണ്ടാകുന്ന വാതങ്ങള്‍ ധ്രുവ മേഖലകളില്‍ 400 കിലോമീറ്റര്‍ വേഗതയില്‍ വരെ ആഞ്ഞടിക്കുന്നു. ഇവ വലിയ തോതില്‍ പൊടിപടലങ്ങളും, ജല കണികകളും അന്തരീക്ഷത്തില്‍ ചേരാനും ഭൂമിയിലെതുപോലെ മേഘങ്ങള്‍ രൂപീകരിക്കുവാനും സഹായിക്കുന്നു. ഇത്തരത്തിലുള്ള മേഘങ്ങളെ ഓപ്പര്‍റ്റിയൂണിറ്റി പേടകം 2004ല്‍ ചിത്രീകരിക്കുകയുണ്ടായി. ചൊവ്വയുടെ വടക്കേ ധ്രുവത്തില്‍ ജല മഞ്ഞ് കണ്ടെത്തിയതായി ഫീനിക്‌സ് ചൊവ്വാ ദൗത്യത്തില്‍ പ്രവര്‍ത്തിക്കുന്ന നാസയിലെ ശാസ്ത്രജ്ഞര്‍ 2008 ജൂലൈ 31ന് സ്ഥിരീകരിച്ചിരുന്നു.

int-mars-water-2-3col

നിലവില്‍ മനുഷ്യന് അറിവുള്ള എല്ലാ ജീവനും അവശ്യം വേണ്ട ഘടകം വെള്ളമാണ്. അതുകൊണ്ടാണ് ചൊവ്വയില്‍ ജലസാന്നിധ്യമുണ്ടെന്ന വാര്‍ത്തക്ക് ഇത്രയേറെ പ്രാധാന്യം ലഭിക്കുന്നതും. മനുഷ്യര്‍ക്ക് ചൊവ്വയില്‍ ജീവിക്കാനുള്ള സാധ്യതയിലേക്കും ഇത് സൂചന നല്‍കുന്നുണ്ട്. ചൊവ്വയുടെ മുകള്‍ പരപ്പില്‍ ജലസാന്നിധ്യം ഉണ്ടെങ്കില്‍ താഴെയും ജലം കാണുമെന്നാണ് ശാസ്ത്രജ്ഞരുടെ പ്രതീക്ഷ. ഗ്രഹങ്ങളെക്കുറിച്ചുള്ള ജിയോഫിസിക്കല്‍ റിസര്‍ച്ച് ജേണലിലാണ് ഗവേഷണഫലം പ്രസിദ്ധീകരിച്ചിരിക്കുന്നത്. 

Your Rating: