Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചൊവ്വ കാത്തിരിക്കുന്നു, തലച്ചോർ ‘തകർക്കും’ കോസ്മിക് കിരണങ്ങളുമായി...

marsmission

സൗരയൂഥത്തിലെ ‘ചുറ്റിക്കറക്ക’ത്തിനിടയിൽ ചൊവ്വാഗ്രഹം ഭൂമിക്ക് ഏറ്റവും അടുത്തു വരുന്ന ഒരു സമയമുണ്ട്. അപ്പോൾ പോലും ഭൂമിയിൽ നിന്ന് 5.46 കോടി കിലോമീറ്റർ ദൂരെയായിരിക്കും ഈ ചുവപ്പൻ ഗ്രഹം. ഇത്തരത്തിൽ ഏറ്റവും അടുത്തെത്തുന്ന സമയം നോക്കിയാണ് ചൊവ്വയിലേക്കുള്ള പല ദൗത്യങ്ങളും നാസ ഉൾപ്പെടെയുള്ള ബഹിരാകാശ ഏജൻസികൾ നടപ്പിലാക്കുന്നതും. ഇനി ചൊവ്വയിലേക്ക് രണ്ട് ‘യന്ത്രദൗത്യം’ കൂടിയുണ്ട് നാസയ്ക്ക്. അതിനു ശേഷം 2030ഓടെ മനുഷ്യനെത്തന്നെ ചൊവ്വയിലെത്തിക്കാനാണു തീരുമാനം. ഏറ്റവും കുറഞ്ഞ സമയമെടുത്താൽ പോലും ഒൻപത് മാസം വേണം ചൊവ്വയിലെത്താൻ. അവിടെ ഒരു വർഷത്തോളം നിന്നാലേ തിരികെ പോരാനുള്ള സൗകര്യങ്ങൾ എത്തിച്ചേരുകയുള്ളൂ. തിരിച്ചെത്താനാകട്ടെ ഒൻപതുമാസം പിന്നെയും വേണം. അങ്ങനെ ആകെ മൂന്നു വർഷത്തോളമാണ് മനുഷ്യനെയും വഹിച്ചുള്ള ചൊവ്വാദൗത്യത്തിന്റെ കാലാവധി. ഈ സമയത്തെല്ലാം ചൊവ്വാദൗത്യത്തിലുള്ളവരെ സംരക്ഷിച്ചു നിർത്തുകയെന്നതാണ് നാസയുടെ പ്രധാന പരിഗണന. അതിനാൽത്തന്നെ ബഹിരാകാശത്ത് ദീർഘകാലം നിൽക്കുമ്പോൾ മനുഷ്യനു നേരിടേണ്ടി വരുന്ന പ്രശ്നങ്ങളെപ്പറ്റി കൊണ്ടുപിടിച്ച പഠനത്തിലാണ് നാസയും അനുബന്ധ ഗവേഷണ ഏജൻസികളും.

പക്ഷേ ഏറ്റവും പുതുതായി വന്ന വാർത്ത ചൊവ്വായാത്രികർക്കും നാസയ്ക്കും അത്ര സന്തോഷം പകരുന്നതല്ല. ദീർഘകാലം ബഹിരാകാശത്തു കഴിയുന്ന മനുഷ്യന്റെ തലച്ചോറിനെ കോസ്മിക് കിരണങ്ങൾ ‘തകർത്തു’ കളയുമെന്നാണ് പുതിയ റിപ്പോർട്ട്. തല പൊട്ടിത്തെറിച്ചു പോകുമെന്നല്ല മറിച്ച് തലച്ചോറിനെ ഒന്നിനും കൊള്ളാത്ത പരുവത്തിലാക്കുമെന്നാണ് കലിഫോർണിയ സർവകലാശാലയുടെ പഠനം. അതിവേഗത്തിൽ നീങ്ങുന്ന പ്രോട്ടോണുകൾ, ഇലക്ട്രോണുകൾ തുടങ്ങിയവയുടെ പ്രവാഹമാണ് കോസ്മിക് കിരണങ്ങൾ. സൂര്യനിൽ നിന്നും മറ്റു നക്ഷത്രങ്ങളിൽ നിന്നും ഉടലെടുക്കുന്ന ഇവ ശൂന്യാകാശത്തു കൂടി കോടിക്കണക്കിനു കിലോമീറ്റർ സഞ്ചരിക്കുമെന്നു മാത്രമല്ല നമ്മുടെ അന്തരീക്ഷത്തിലേക്ക് കടന്ന് ഭൂമിയിയുടെ ഉപരിതലത്തിലെത്തുന്നതും പതിവാണ്. പക്ഷേ ഭൂമിയുടെ കാന്തികമണ്ഡലത്തിൽപ്പെട്ടും അന്തരീക്ഷത്തിലെ തന്മാത്രകളുമായി ചേരുമ്പോഴും ശക്തി കുറയുകയാണു പതിവ്.

human-colony-mars

ബഹിരാകാശത്താകട്ടെ മേൽപ്പറഞ്ഞ ‘ഹൈ-എനർജി ചാർജ്ഡ്’ കണങ്ങൾ തലങ്ങും വിലങ്ങുമാണു പായുന്നത്. ദീർഘദൂരത്തേക്കു വിക്ഷേപിക്കുന്ന ബഹിരാകാശ വാഹനങ്ങളിൽപ്പോലും അവയെ പ്രതിരോധിക്കാനുള്ള ഷീൽഡില്ല. പക്ഷേ രാജ്യാന്തര ബഹിരാകാശ നിലയത്തിൽ(ഐഎസ്എസ്) എത്ര കാലം താമസിച്ചാലും കോസ്മിക് കണങ്ങളുടെ പ്രശ്നമുണ്ടാകാറില്ല. കാരണം നിലയം ഇപ്പോഴും ഭൂമിയുടെ കാന്തികമണ്ഡലത്തിൽ തന്നെയാണ്. അവിടെ കോസ്മിക് രശ്മികളെത്തുമ്പോൾ ദുർബലമാകുകയാണു പതിവ്. പക്ഷേ ചൊവ്വയിൽ ഇത്തരമൊരു കാന്തികമണ്ഡലം തന്നെയില്ല. മാത്രവുമല്ല ഭൂമിയുടെ അന്തരീക്ഷത്തെക്കാൾ അതിലോലവുമാണ് ചൊവ്വയിലേത്. ബഹിരാകാശത്തെ ‘കോസ്മിക് ഭീഷണി’ മറികടന്ന് ചൊവ്വയിലെത്തിയാൽ ഒരു വർഷത്തോളം അവിടത്തെ കോസ്മിക് കിരണങ്ങളുടെ ‘ആക്രമണ’ത്തെ യാത്രികർ പ്രതിരോധിക്കേണ്ടി വരുമെന്നു ചുരുക്കം. അതിനുള്ള വഴികൾ നിലവിൽ കണ്ടെത്തിയിട്ടുമില്ല.

mars-one

ചാന്ദ്രദൗത്യവും മറ്റും കഴിഞ്ഞ് ബഹിരാകാശത്തു നിന്ന് തിരിച്ചെത്തുന്ന യാത്രികരിൽ ഓർമക്കുറവും തീരുമാനമെടുക്കാനുള്ള ബുദ്ധിമുട്ടും പോലെയുള്ള പ്രശ്നങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഭൂമിയിലേക്ക് തിരിച്ചെത്തി ആറുമാസത്തിനു ശേഷം പോലും ഈ പ്രശ്നങ്ങളുണ്ടായതായാണ് റിപ്പോർട്ടുകള്‍. സമാനമായ വിധം ചൊവ്വായാത്രികരിലും മതിഭ്രമം, ഉന്മാദം അല്ലെങ്കിൽ സ്ഥിരമായുള്ള ഓർമനഷ്ടം തുടങ്ങിയ പ്രശ്നങ്ങളുണ്ടാകുമെന്നാണ് കലിഫോർണിയ സർവകലാശാല പഠനത്തിലുള്ളത്. ഹൈ-എനർജി ചാർജ്ഡ് കോസ്മിക് കിരണങ്ങൾ( Fully ionised oxygen and titanium) കൃത്രിമമായി സൃഷ്ടിച്ച് ചുണ്ടെലികൾക്കു നേരെ പ്രയോഗിച്ചാണ് ഗവേഷകർ ഇതു കണ്ടെത്തിയത്. തുടർച്ചയായ രശ്മികളേറ്റ് അവയുടെ തലച്ചോറിന്റെ പ്രവർത്തനംതന്നെ താളം തെറ്റിപ്പോയി. ‘സ്പെയ്സ് ബ്രെയിൻ’ എന്നു പേരിട്ടിരിക്കുന്ന ഈ പ്രതിഭാസം വഴി ചൊവ്വായാത്രികരിൽ ഡിപ്രഷൻ, ഉന്മാദം, അനാവശ്യമായ ആകാംക്ഷ, ഭീതി തുടങ്ങിയവയുണ്ടാകുകയും തെറ്റായ തീരുമാനങ്ങളെടുക്കാനുള്ള സാധ്യതകളേറും വിധം തലച്ചോറിന്റെ പ്രവർത്തനം താളം തെറ്റുമെന്നുമാണ് കണ്ടെത്തൽ.

നാഡീവ്യൂഹത്തെ ബാധിക്കുന്ന ഈ ‘കോസ്മിക്’ പ്രശ്നം ബഹിരാകാശ യാത്ര കഴിഞ്ഞ് തിരിച്ചെത്തിയാലും സംഭവിക്കുമെന്നും റേഡിയേഷൻ ഓങ്കോളജി പ്രഫസർ ഡോ.ചാൾസ് ലിമോലൈ പറയുന്നു. ന്യൂയോർക്കിലെ നാസ സ്പേസ് റേഡിയേഷൻ ലബോറട്ടറിയിൽ വച്ചായിരുന്നു എലികളിലെ പരീക്ഷണം. പിന്നീടവയെ നിരീക്ഷണത്തിലായി ഡോ.ചാൾസിന്റെ ലബോറട്ടറിയിലേക്കയച്ചു. പരീക്ഷണം നടത്തി ആറുമാസത്തിനു ശേഷം പരിശോധിച്ചപ്പോഴായിരുന്നു ചുണ്ടെലികളുടെ തലച്ചോറിലെ പ്രവർത്തനങ്ങൾ താറുമാറായതായി തിരിച്ചറിഞ്ഞത്. തലച്ചോറിലേക്ക് ശരീരത്തിന്റെ മറ്റുഭാഗങ്ങളിൽ നിന്ന് വിവരങ്ങളെത്തിക്കുന്ന ന്യൂറോണുകളുടെ ശക്തി കുറഞ്ഞതായും കണ്ടെത്തി. തലച്ചോറിലെ ഡെൻഡ്രൈറ്റുകളുടെ എണ്ണവും കുറഞ്ഞു.

mars-one1

ചൊവ്വാദൗത്യത്തിലേർപ്പെട്ടിരിക്കെത്തന്നെ തുടർച്ചയായ കോസ്മിക് കണങ്ങളേറ്റ് ഈ പ്രശ്നങ്ങളുണ്ടായാൽ അത് ദൗത്യസംഘത്തെയപ്പാടെ ബാധിക്കും. നിർണായക തീരുമാനങ്ങളെടുക്കാനുള്ള കഴിവു കൂടി നഷ്ടപ്പെട്ടാൽ സംഘത്തെ എന്നന്നേക്കുമായി സൗരയൂഥത്തിൽ നഷ്ടപ്പെടുക എന്ന ദുരന്തമായിരിക്കും നടക്കുക. എന്തായാലും പുതിയ പ്രശ്നത്തെ പ്രതിരോധിക്കാനുള്ള ഗവേഷണത്തിലേക്കും തിരിഞ്ഞുകഴിഞ്ഞു നാസയുടെ ഗവേഷകർ. 

related stories
Your Rating: