Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മമ്മിയുടെ തല നിറയെ 'അജ്ഞാതവസ്തു'

mummy-brain-dirt

തലനിറയെ അജ്ഞാതവസ്തുവുള്ള ഈജിപ്ഷ്യന്‍ മമ്മിയുടെ രഹസ്യം തിരിച്ചറിയാനാകാതെ ഗവേഷകര്‍. ഈജിപ്തില്‍ നിന്നുള്ള 3200 വര്‍ഷം പഴക്കം കണക്കാക്കുന്ന മമ്മിയുടെ തലയിലാണ് തലച്ചോറിന് പുറമേ കറുത്ത പൊടിമണ്ണിന്റെ രൂപത്തിലുള്ള അവശിഷ്ടങ്ങള്‍ ലഭിച്ചിരിക്കുന്നത്.

കംപ്യൂട്ടർ ‍സഹായത്തിലുള്ള സ്‌കാനിംങ് വഴിയാണ് ഗവേഷകര്‍ മമ്മിയുടെ തലയോട്ടിക്കുള്ളിലെ അജ്ഞാത വസ്തുവിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞിരിക്കുന്നത്. മമ്മിയുടെ തലയോട്ടിക്കുള്ളില്‍ അജ്ഞാത വസ്തു മാത്രമല്ല, തലച്ചോറിന്റെ അവശിഷ്ടങ്ങളും കണ്ടെടുത്തിട്ടുണ്ട്. ഇത് ബിസി പതിനാറാം നൂറ്റാണ്ടിനും പതിനൊന്നാം നൂറ്റാണ്ടിനും ഇടയ്ക്കുള്ള മമ്മിയാണിതെന്ന സൂചനയാണ് നല്‍കുന്നത്. അതിന് ശേഷമുള്ള മമ്മികളുടെയെല്ലാം തലച്ചോറ് മാറ്റിയ നിലയിലാണ് ലഭിച്ചിരിക്കുന്നത്.

'മമ്മിയാക്കി സൂക്ഷിക്കുന്ന സമയത്ത് തലയിലേക്ക് എന്തോ പദാര്‍ഥം കൂട്ടിച്ചേര്‍ത്തെന്നുവേണം കരുതാന്‍. തലച്ചോര്‍ മാറ്റാതെയാണ് ഇത് ചെയ്തിരിക്കുന്നത്. ഇത്തരത്തില്‍ സൂക്ഷിച്ച മമ്മികളെ നേരത്തെ ലഭിച്ചിട്ടില്ല' അക്കിം മമ്മി സ്റ്റഡീസ് കണ്‍സോര്‍ഷ്യം ഡയറക്ടര്‍ ജൊനാഥന്‍ ഏലിയാസ് പറഞ്ഞു. കാലിഫോര്‍ണിയയിലെ സ്റ്റാന്‍ഫോര്‍ഡ് യൂനിവേഴ്‌സിറ്റി സ്‌ക്കൂള്‍ ഓഫ് മെഡിസിനില്‍ വെച്ചാണ് ഈ മമ്മിയെ സ്‌കാന്‍ ചെയ്തത്.

ഹാറ്റസണ്‍ എന്നാണ് ഈ മമ്മിക്ക് പേരിട്ടിരിക്കുന്നത്. ഇത് മരിച്ച വ്യക്തിയുടെ യഥാര്‍ഥ പേരല്ലെന്നും മമ്മിക്ക് പിന്നീട് ലഭിച്ച വിളിപ്പേരാണെന്നുമാണ് കരുതപ്പെടുന്നത്. ഈജിപ്തില്‍ നിന്നും 1800ല്‍ സാന്‍ഫ്രാന്‍സിസ്‌കോയിലേക്ക് എത്തിച്ചതാണ് ഈ മമ്മി. കലിഫോര്‍ണിയയില്‍ 1894-95 കാലത്ത് നടന്ന രാജ്യാന്തര പ്രദര്‍ശനത്തില്‍ ഈ മമ്മിയും ഉള്‍പ്പെട്ടിരുന്നു. പിന്നീട് സാന്‍ ഫ്രാന്‍സിസ്‌കോ യങ് മ്യൂസിയത്തിലേക്ക് മാറ്റി.

സാന്‍ഫ്രാന്‍സിസ്‌കോ ലീജിയണ്‍ ഓഫ് ഹൊറര്‍ മ്യൂസിയത്തിലാണ് ഈ മമ്മിയെ ഇപ്പോള്‍ സൂക്ഷിച്ചിരിക്കുന്നത്. ഈജിപ്ഷ്യന്‍ രാജ്ഞിയായിരുന്ന ഹാറ്റ്‌ഷെപ്‌സൂട്ടിന്റെ സ്മരണക്കായാണ് മമ്മിയെ സൂക്ഷിച്ചിരുന്നവര്‍ ഹാറ്റസണ്‍ എന്ന് വിളിച്ചിരുന്നതെന്നാണ് കരുതപ്പെടുന്നത്. എന്നാല്‍ ഈ ശരീരം ഏതെങ്കിലും രാജകുടുംബാംഗത്തിന്റേതാണെന്ന് തെളിയിക്കുന്നതൊന്നും ഗവേഷകര്‍ക്ക് ലഭിച്ചിട്ടില്ല. ഈജിപ്തിലെ സാധാരണക്കാരുടെ വേഷം ധരിച്ച നിലയിലാണ് മമ്മി സൂക്ഷിച്ചിരിക്കുന്നത്. എന്നാല്‍ ഈജിപ്തില്‍ നിന്നും കൊണ്ടുവരുന്നതിനിടെ മമ്മി കച്ചവടക്കാര്‍ എന്തെങ്കിലും മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടോ എന്ന് വ്യക്തമല്ല.

കഴിഞ്ഞ നവംബര്‍ 24ന് ഈ മമ്മിയില്‍ നടത്തിയ പഠനങ്ങളാണ് ദുരൂഹവും വ്യത്യസ്ഥവുമായ പലവിവരങ്ങളും പുറത്തുകൊണ്ടുവന്നിരിക്കുന്നത്. എന്തെങ്കിലും തരത്തിലുള്ള മന്ത്രതടികുകളോ ആചാരങ്ങളുടെ അവശിഷ്ടങ്ങളോ ഈ മമ്മിയില്‍ നിന്നും ലഭിച്ചിട്ടില്ല. ശരീരാവശിഷ്ടങ്ങള്‍ തകര്‍ന്നുപോകാതിരിക്കുന്നതിന് ലോഹത്തകിടുകൊണ്ടുള്ള ആവരണം മാത്രമാണ് ലഭിച്ചത്. ഇതാകട്ടെ ഈ മമ്മിയെ കണ്ടെത്തി ആദ്യകാലത്ത് സൂക്ഷിച്ചവര്‍ ചെയ്തതാകാനാണ് സാധ്യത. അരഭാഗം തകര്‍ന്ന നിലയിലാണ്. എന്നാല്‍ ശാരീരികമായ പ്രത്യേകതകള്‍ വെച്ച് ഇതൊരു സ്ത്രീയുടെ മമ്മിയാണെന്നാണ് ഗവേഷകരുടെ അഭിപ്രായം.

അതുവരെ ആരും പരീക്ഷിച്ചിട്ടില്ലാത്ത എന്തെങ്കിലും മരുന്നോ വസ്തുക്കളോ ഈ മമ്മിയുടെ തലക്കുള്ളിലേക്ക് നിക്ഷേപിച്ചിട്ടുണ്ടെന്നാണ് കരുതപ്പെടുന്നത്. തലയോട്ടിക്കകത്തെ അജ്ഞാത മാലിന്യം എന്തെന്ന് വ്യക്തമായറിയാന്‍ കൂടുതല്‍ വിശദമായ പരിശോധനകള്‍ ആവശ്യമാണ്. ബിസി 16-11 നൂറ്റാണ്ടുകളിലെ അധികം മമ്മികള്‍ ലഭിച്ചിട്ടില്ല. അതുകൊണ്ടുതന്നെ ഈ മമ്മിയെക്കുറിച്ചുള്ള പഠനം ഭൂതകാലത്തേക്ക് വെളിച്ചം വീശുമെന്നാണ് ജൊനാഥന്‍ ഏലിയാസിന്റേയും സംഘത്തിന്റേയും പ്രതീക്ഷ.