Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നാസയ്ക്കായി ചന്ദ്രനെ കീഴടക്കിയവരെ കുറിച്ച്...

MOON-AS17

നീൽ ആംസ്ട്രോങ്ങിനു പിന്നാലെ അപ്പോളോ ദൗത്യത്തിന്റെ ഭാഗമായി പല ബഹിരാകാശയാത്രികരും ചന്ദ്രനിലെത്തി. ചന്ദ്രോപരിതലത്തിൽ നടന്നു. ഇതു വരെ പ്രധാനമായി ഏഴു ചന്ദ്രദൗത്യങ്ങളാണു നാസ നടത്തിയിട്ടുള്ളത്. അപ്പോളോ ബഹിരാകാശ പേടകങ്ങളാണ് ഇതിനുപയോഗിച്ചത്. ആറു ദൗത്യങ്ങൾ വിജയിച്ചപ്പോൾ ഒരെണ്ണം പരാജയപ്പെട്ടു. ഇതു വരെ 12 ബഹിരാകാശ യാത്രികർ ചന്ദ്രോപരിതലത്തിൽ ഇറങ്ങിയിട്ടുണ്ട്. അപ്പോളോ 13 മാത്രമാണു പാതിവഴിയിൽ പരാജയം രുചിച്ച ദൗത്യം. നാസയുടെ വിജയകരമായ ആറു ചന്ദ്രദൗത്യങ്ങളെയും അവയിലെ യാത്രികരെയും പരിചയപ്പെടാം.

അപ്പോളോ 11

അപ്പോളോ 11 മനുഷ്യനെ വഹിച്ചു കൊണ്ട് ചന്ദ്രനിലെത്തിയ ആദ്യ ബഹിരാകാശ പേടകം. 1969 ജൂലൈ 20 ആണ് ആ ചരിത്രദിനം. ചന്ദ്രനിൽ ആദ്യം കാലു കുത്തിയ വ്യക്തി നീൽ ആംസ്ട്രോങ് ആയിരുന്നു കമാൻഡർ.

നീൽ ആംസ്ട്രോങ്

1962 ലാണ് ആംസ്ട്രോങ് നാസയിൽ ചേര്‍ന്നത്. ജെമിനി 8 മിഷന്‍ തലവനായിരുന്നു. നാസയുടെ പ്രികേഴ്സർ ഏജൻസിയിൽ നേവി എവിയേറ്റർ ആയി സേവനമനുഷ്ടിച്ചിട്ടുണ്ട്. എക്സ് -15 റോക്കറ്റ് വിമാനം പരീക്ഷണം നടത്തിയത് ആംസ്ട്രോങ്ങിന്റെ നേതൃത്വത്തിൽ. 1971 ൽ നാസ ജോലി ഉപേക്ഷിച്ച ആംസ്ട്രോങ് സിൻസിനാറ്റി യൂണിവേഴ്സിറ്റിയിൽ എയ്റോസ്പെയ്സ് എഞ്ചിനിയറിങ് പ്രഫസറായി. ഇലക്ട്രോണിക് സിസ്റ്റം കമ്പനിയുടെ മേധാവിയായും സേവനമനുഷ്ഠിച്ചു. 2012 ൽ 82 -ാം വയസിൽ അദ്ദേഹം വിടവാങ്ങി. വാർധക്യ സഹജമായ രോഗത്തെത്തുടർന്നായിരുന്നു അന്ത്യം.

ബസ് അൾഡ്രിൻ

ചന്ദ്രനിൽ കാലുകുത്തിയ രണ്ടാമത്തെ മനുഷ്യൻ. അപ്പോളോ 11 പൈലറ്റ്. 1963 ൽ നാസയിൽ ചേർന്നു. അതിനു മുൻപ് യു എസ് പൈലറ്റായിരുന്നു. ആദ്യ ബഹിരാകാശ യാത്ര ജെമിനി 12 ദൗത്യത്തിലൂടെ 1966 ൽ. നാസ ജോലി 1971 ല്‍ രാജി വച്ചു. പുസ്തക രചനയ്ക്കും ക്ലാസുകൾ എടുക്കുന്നതിനുമായിരുന്നു ഇത്. ബഹിരാകാശ സംബന്ധമായ ധാരാളം പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. ഡാൻസിങ് വിത്ത് ദ സ്റ്റാർസ് എന്ന ടിവി നൃത്ത പരിപാടിയിലും പങ്കെടുത്തു. നിലവിൽ സ്റ്റാർക്രാഫ്റ്റ് എന്റർപ്രൈസ് എന്ന സ്വന്തം പ്രസ്ഥാനത്തിന്റെ മേധാവി.

മൈക്കിൾ കോളിൻസ്

അപ്പോളോ 11 സഹ പൈലറ്റ്. ആംസ്ട്രോങ്ങും അൾഡ്രിനും ചന്ദ്രനിൽ കാലു കുത്തിയപ്പോൾ പേടകത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു. അപ്പോളോ 11 രണ്ടാമത്തെ ചന്ദ്രയാത്ര. ആദ്യ യാത്ര ജെമിനി 10 ദൗത്യാംഗമായി 1966 ൽ. 1963 ൽ നാസയില്‍ ചേർന്നു. അതിനു മുൻപ് യു എസ് എയർ ഫോഴ്സിൽ ഫ്ലൈറ്റ് ടെസ്റ്റ് ഓഫീസർ. വിരമിക്കുമ്പോൾ ബ്രിഗേഡിയർ ജനറൽ. 1970 നാസ ഉപേക്ഷിച്ച അദ്ദേഹം യുഎസ് സ്റ്റേറ്റ് ഡിപാർട്മെന്റിന്റെ കീഴിലുള്ള സ്മിത്ത്സോണിയൻ നാഷണൽ എയർ ആൻഡ് സ്പേസ് മ്യൂസിയത്തിന്റെ ഡയറക്ടർ ആയി 1980 വരെ സേവനമനുഷ്ഠിച്ചു. എൽ റ്റി വി എയറോസ്പേസ് കമ്പനിയിൽ ജോലി തേടിയ കോളിൻസ് പിന്നീടു സ്വന്തമായി കൺസൾട്ടിങ് കമ്പനി ആരംഭിച്ചു.

nasa-moon-landing

അപ്പോളോ 12

ചാള്‍സ് പീറ്റ് കോൺറാഡ്

ചന്ദ്രനിൽ കാലുകുത്തിയ രണ്ടാം മിഷന്‍ അപ്പോളോ 12 ന്റെ കമാൻഡർ ആയിരുന്നു ചാള്‍സ് പീറ്റ് കോൺറാഡ്. ചന്ദ്രനിൽ മൂന്നാമതു കാലു കുത്തിയ മനുഷ്യൻ. 1969 നവംബറിലായിരുന്നു ഇത്. ചന്ദ്രനിൽ ഒരു ദിവസത്തിലേറെ സമയം ചിലവിട്ടു. അപ്പോളോ 12 മൂന്നാമത്തെ ബഹിരാകാശയാത്ര. ആദ്യ യാത്രകൾ ജെമിനി 5, 11 ദൗത്യാംഗമായി. യു എസ് നേവിയുടെ ടെസ്റ്റ് പൈലറ്റ് ആയിരുന്നു. 1962 ൽ നാസയിൽ ചേര്‍ന്നു. സ്കൈലാബ് 2 മിഷൻ പൂർത്തിയാക്കിയതിനു ശേഷം നാസയിൽ നിന്നു 1973 ല്‍ വിരമിച്ചു. അമേരിക്കൻ ടെലിവിഷൻ ആൻഡ് കമ്മ്യൂണിക്കേഷൻസ് കോർപറേഷൻ (എറ്റിസി), മക്ഡോണൽ ഡഗ്ളസ് കോർപറേഷൻ എന്നിവയില്‍ പ്രവർത്തിച്ചിട്ടുണ്ട്. ഓജൈ, കാലിഫിൽ വച്ച് 1999 ൽ നടന്ന മോട്ടോർ സൈക്കിൾ അപകടത്തിൽ കൊല്ലപ്പെട്ടു.

അലൻ ബീൻ

പീറ്റർ കോൺറാഡിന്റെ സഹയാത്രികൻ, സഹ പൈലറ്റ്. ഒരു ദിവസം കോൺറാഡിനൊപ്പം ചന്ദ്രനിൽ ചിലവഴിച്ചയാൾ. യു എസ് നേവി ക്യാപ്റ്റനായിരുന്നു. 1963 ൽ നാസയിൽ ചേർന്നു. അപ്പോളോ 12 നു ശേഷം സ്കൈലാബ് 3 മിഷൻ കമാൻഡു ചെയ്തു. 1981 ൽ നാസയിൽ നിന്നു വിരമിച്ചു. ചിത്രകലയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായിരുന്നു വിരമിക്കൽ. 2009 ല്‍ മനുഷ്യൻ ചന്ദ്രനിൽ കാലു കുത്തിയതിന്റെ നാൽപതാം വാർഷികാഘോഷത്തിന് അദ്ദേഹത്തിന്റെ പല ചിത്രങ്ങളും സ്മിത്ത്സോണിയൻ നാഷണൽ എയർ ആൻഡ് സ്പേസ് മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിരുന്നു. ‌ റിച്ചെഡ് എഫ് ഡിക്ക് ഗോർഡൻ

അപ്പോളോ 12 സംഘത്തിലെ മൂന്നാമൻ. കോൺറാഡ്, ബീൻ എന്നിവർ ചന്ദ്രയാത്ര നടത്തിയപ്പോൾ യാങ്കീ ക്ലിപ്പർ ഷട്ടിൽനിയന്ത്രിച്ചയാൾ. യു എസ് നേവി ക്യാപ്റ്റനായിരുന്ന ഗോർഡനെ 1963 ൽ ബഹിരാകാശ യാത്രയ്ക്കായി നാസതിരഞ്ഞെടുത്തു. ന്യൂ ഒര്‍ലീൻസ് സെയിന്റ്സ് പ്രൊഫഷണൽ ഫുട്ബോൾ ക്ലബ്, എനർജി ഡിവലപ്പേഴ്സ് ലിമിറ്റഡ്, റസലൂഷൻ എന്‍ജിനിയറിങ് ആൻഡ് ഡിവലപ്മെന്റ് കമ്പനി, ആസ്ട്രോ സയന്‍സസ് കോർപറേഷൻ എന്നിവയിലും ഗോർഡൻ പ്രവർത്തിച്ചിട്ടുണ്ട്.

അപ്പോളോ 14

അലന്‍ ഷെപെഡ്

അപ്പോളോ 14 കമാൻഡർ. ബഹിരാകാശയാത്ര നടത്തുന്ന ആദ്യ അമേരിക്കക്കാരൻ. നേട്ടം 1961 മെയ് 5 നു നടത്തിയ ഫ്രീഡം 7 സ്പെയ്സ് ക്രാഫ്റ്റ് ദൗത്യത്തിലൂടെ. നാസ മെർക്കുറി പ്രോഗ്രാമിന്റെ ഭാഗമായിരുന്നു ഈ ബഹിരാകാശ യാത്ര. നാസ ആസ്ട്രോണട്ട് ഓഫീസ് തലവൻ. യു എസ് നേവിയുടെ അഡ്മിറൽ ആയിരുന്നു. 1974 ൽ നാസയിലെ ജോലി രാജി വച്ച് പുസ്തകമെഴുതുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. കൂടുതലും എഴുതിയത് സയന്‍സ്, ബഹിരാകാശയാത്ര എന്നിവയെക്കുറിച്ച്. സയൻസിനു സ്കോളർഷിപ് നൽകുന്ന മെർക്കുറി സെവൻ ഫൗണ്ടേഷനിൽ പ്രവർത്തിച്ചിട്ടുണ്ട്. ലൂക്കിമിയ രോഗബാധിതനായി 1998 ൽ മരണം.

എഡ്ഗർ മിഷെൽ

അപ്പോളോ 14 ലെ പൈലറ്റ്. ആദ്യ ബഹിരാകാശ യാത്രയിൽ 216 മണിക്കൂർ 42 മിനിറ്റ് സമയം ചന്ദ്രനിൽ ചെലവഴിച്ചു. യു എസ് നേവി മുൻക്യാപ്റ്റൻ. നാസയിൽ നിന്നും 1972 ൽ വിരമിച്ചു. ബോധ മണ്ഡലത്തെക്കുറിച്ചു ഗവേഷണം നടത്തുന്നതിനായി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് നിയോട്ടിക് സയൻസസ് ൽ ചേർന്നു. ധാരാളം പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.

സ്റ്റുവർട്ട് റൂസ

അപ്പോളോ 14 ലെ പൈലറ്റ്. ഒരേ ഒരു ബഹിരാകാശ യാത്ര മാത്രം. ഷെപേഡ്, മിഷൽ എന്നിവർ ചന്ദ്രോപരിതലത്തിൽ ഇറങ്ങിയപ്പോൾ കിറ്റി ഹോക്ക് (Kitty Hawk) പേടകം നിയന്ത്രിച്ചു. ‌1966 ല്‍ നാസയിൽ ചേർന്നു. അതിനു മുൻപ് യുഎസ് എയർ ഫോഴ്സ് ഉദ്യോഗസ്ഥൻ. 1976 ല്‍ നാസയിൽ നിന്നും വിരമിച്ചു. തുടർന്ന് യു എസ് ഇൻഡസ്ട്രീസ് ഇൻകോർപറേഷൻ, ചാൾസ്് കെന്നത്ത് ക്യാംപ്ബെൽ ഇൻവെസ്റ്റ്മെന്റ് എന്നീ കമ്പനികളിൽ ജോലി ചെയ്തു. ഗൾഫ് കോസ്റ്റ് കൂർസിന്റെ പ്രസിഡണ്ടായിരുന്നിട്ടുണ്ട്. പാൻക്രിയാറ്റൈറ്റിസ് രോഗം മൂലം 1994 ൽ മരിച്ചു.

അപ്പോളോ 15

ഡേവിഡ് സ്കോട്ട്

നാലാമത്തെ ചന്ദ്രയാത്രാ ദൗത്യം അപ്പോളോ 15 കമാൻഡർ. ചന്ദ്രനെ പരിക്രമണം ചെയ്ത് ബഹിരാകാശ വാഹനം ആദ്യമായി ഓടിച്ചവരിൽ ഒരാൾ. മറ്റയാൾ ദൗത്യസംഘാംഗമായ ജെയിംസ് എർവിൻ. 1966 ൽ ജെമിനി 8, അപ്പോളോ ദൗത്യങ്ങളുടെ ഭാഗമായി ബഹിരാകാശ സഞ്ചാരം നടത്തി. ആംസ്ട്രോങ്ങിനൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. 1971 ലേതു മൂന്നാം യാത്ര. 1963 ൽ നാസയിൽ ചേർന്നു. 546 മണിക്കൂർ 54 മിനിറ്റ് ബഹിരാകാശത്തു ചിലവഴിച്ചിട്ടുണ്ട്. നാസ ഡ്രൈഡൻ ഫ്ലൈറ്റ് റിസേർച് സെന്റർ, എഡ്വേഡ്സ്, (കാലിഫോർണിയ) എന്നിവിടങ്ങളില്‍ പ്രവർത്തിച്ചു.

ജെയിംസ് എർവിൻ

അപ്പോളോ 15 പൈലറ്റ്. അദ്ദേഹത്തിന്റെ ഏക ബഹിരാകാശ യാത്ര. ഹാഡ്‌ലീ റീലെ, അപെന്നെയ്ൻ എന്നീ ചന്ദ്ര മലനിരകൾക്കു ചുറ്റും നടന്ന് 77.5 കിലോഗ്രാമോളം (171 lbs) പാറക്കല്ലുകൾ ശേഖരിച്ചു. മുൻ യു എസ് എയർ ഫോഴ്സ് കേണല്‍. 1972 ൽ നാസ ജോലി ഉപേക്ഷിച്ച് സുവിശേഷ പ്രാസംഗികനായി മാറി. പിന്നീട് ഹൈ ഫ്ലൈറ്റ് ഫൗണ്ടേഷൻ എന്ന പേരിൽ സ്വന്തം മതസംഘടന സ്ഥാപിച്ചു. ഹൃദയാഘാതത്തെത്തുടർന്ന് 1991 ൽ മരണം.

ആൽഫ്രണ്ട് വോർഡൻ

അപ്പോളോ 15 ന്റെ സഹപൈലറ്റ്. 1966 ൽ നാസയിലെത്തി. ബഹിരാകാശയാത്രയ്ക്കു ശേഷം നാസയുെട ആംസ് റിസേർച് സെന്ററിൽ ശാസ്ത്രജ്ഞനായി കുറച്ചു കാലം നാസയിൽ തുടർന്നു. 1975ൽ രാജിവെച്ചു. മാരിസ് വോർഡൻ എയറോസ്പെയ്സ് കോർപറേഷൻ, ബിജി ഗുഡ്റിച്ച് എയറോസ്പേസ് എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

അപ്പോളോ 16

ജോണ്‍ ഡബ്ല്യൂ യങ്

നാസയുടെ അഞ്ചാം ചന്ദ്രദൗത്യം അപ്പോളോ 16 ന്റെ കമാൻഡർ. 1972 ഏപ്രിൽ മാസത്തിലായിരുന്നു ഈ ദൗത്യം. ‌90.7 കിലോഗ്രാം (200 lbs) പാറക്കല്ലുകൾ ചന്ദ്രനിൽ നിന്നും ഈ സംഘം ശേഖരിച്ചു. 16 മൈലുകളോളം ചന്ദ്രോപരിതലത്തിൽ സഞ്ചരിച്ചു. നാസയിൽ ചേർന്നത് 1962 ൽ. ജെമിനി 3 (1965), ജെമിനി 10 (1966) ദൗത്യങ്ങളിൽ ഭാഗമായി. 1969 ല്‍ ചന്ദ്രനെ വലംവച്ച അപ്പോളോ 10 ന്റെ കമാൻഡറായി സേവനമനുഷ്‌ടിച്ചിട്ടുണ്ട്. എസ് റ്റി എസ് 1 (1981), എസ് റ്റി എസ്- 9 (1983) സ്പേസ്ഷട്ടിൽ ദൗത്യങ്ങളില്‍ പങ്കാളിയായി. 835 മണിക്കൂർ ബഹിരാകാശത്തു ചിലവഴിച്ച യങ് 2004 ലാണു നാസയിൽ നിന്നും വിരമിച്ചു.

ചാൾസ് ഡ്യൂക്ക്

അപ്പോളോ 16 പൈലറ്റ്. യുഎസ് എയർ ഫോഴ്സ് ബ്രിഗേഡിയർ ജനറലായിരുന്നു. 1966 ല്‍ നാസയിൽ ചേർന്നു. അപ്പോളോ 16 ഏക ബഹിരാകാശ ദൗത്യം. 1975 ല്‍ വിരമിച്ചു. ഡ്യൂക്ക് ഇൻവെസ്റ്റ്മെന്റ്സ്, ചാർളി ഡ്യൂക്ക് എന്റർപ്രൈസസ് തുടങ്ങി സ്വന്തമായ ബിസിനസ് തുടങ്ങി. ഡ്യൂക്ക് മിനിസ്ട്രി ഫോർ ക്രൈസ്റ്റിന്റെ പ്രസിഡണ്ടാണ്.

തോമസ് കെൻ മാറ്റിംഗ്ലി

അപ്പോളോ 16 സഹപൈലറ്റ്. 1966 ല്‍ നാസയിൽ ചേർന്നു. അപ്പോളോ 13 ൽ ആദ്യ ബഹിരാകാശ യാത്ര. ജർമൻ മീസൽസ് അസുഖം പിടിപെട്ടതിനെത്തുടർന്ന് 72 മണിക്കൂറിനു ശേഷം തിരിച്ചയയ്ക്കപ്പെട്ടു. തുടർന്ന് അപ്പോളോ 16 ദൗത്യത്തിന്റെ ഭാഗമായി. ക്യാസ്പർ പേടകത്തെ നിയന്ത്രിച്ചു. എസ് റ്റി എസ് -4, എസ് റ്റി എസ്- 51സി സ്പേസ് ഷട്ടിൽ ദൗത്യങ്ങളില്‍ പങ്കാളിയായി. 1985 -ല്‍ വിരമിച്ചു.

moon-walk

അപ്പോളോ 17

യൂഗെയ്ൻ കെർനാൻ

അപ്പോളോ 17 കമാൻഡർ. ജെമിനി 9 (1966), അപ്പോളോ 10 (1969) എന്നീ രണ്ടു മുൻദൗത്യങ്ങൾ. അപ്പോളോ 17 (1972 ഡിസംബർ) മൂന്നാമത്തെ ബഹിരാകാശ ദൗത്യം. മൂന്നു ദിവസത്തിനു മുകളിൽ ചന്ദ്രോപരിതലത്തിൽ കഴിഞ്ഞു കൂടിയ കെർനന്‍, ഹാരിസൺ ഷ്വമിറ്റ് സംഘം ഏറ്റവും കൂടുതൽ സമയം ചന്ദ്രോപരിതലത്തിൽ കഴിഞ്ഞതിനുള്ള റെക്കോർഡു സ്വന്തമാക്കി. യുഎസ് നേവി ക്യാപ്റ്റൻ, നാസ ചുമതലകളിൽ നിന്ന് 1975 ല്‍ വിരമിച്ചു. കോറൽ പെട്രോളിയം കോർപറേഷൻ, ജോൺസൺ എൻജിനിയറിങ് എന്നിവിടങ്ങളിൽ തുടർന്നു പ്രവർത്തിച്ചു. തുടർന്ന് സ്വന്തമായി കൺസൾട്ടിങ് കമ്പനി ആരംഭിച്ചു.

ഹാരിസൺ ഷ്വമിറ്റ്

അപ്പോളോ 17 പൈലറ്റ്. നാസയിൽ ഭാഗമാകുന്ന മിലിട്ടറി പരിചയ സമ്പത്തില്ലാത്ത ആദ്യ വ്യക്തി. ജിയോളജിസ്റ്റ്. ചന്ദ്രോപരിതലത്തിൽ ബഹിരാകാശ യാത്രികരെ സഹായിക്കുന്നതിനു നാസയിൽ ചേർന്നു. സയന്റിസ്റ്റ് ആസ്ട്രോണട്ട്സ് മേധാവി, അസിസ്റ്റന്റ് അഡ്മിനിസ്ട്രേറ്റർ എന്നീ നിലകളിൽ നാസയിൽ തുടർന്നു. 1975 ല്‍ രാജി വച്ചു. തുടർന്ന് ന്യൂ മെക്സിക്കോ സെനറ്ററായി. മത്സരിച്ചത് റിപ്പബ്ലിക്കൻ പാർട്ടിയുടെ ബാനറിൽ.

റോണാള്‍ഡ് ഇവാൻസ്

അപ്പോളോ 17 സഹപൈലറ്റ്. കെര്‍നന്‍, ഷ്വമിറ്റ് എന്നിവർ ചന്ദ്രോപരിതലത്തിൽ പരിശോധന നടത്തിയപ്പോൾ പേടകം നിയന്ത്രിച്ചു. മൂന്നു ക്യാമറ കാസറ്റുകൾ തിരിച്ചു പിടിക്കുന്നതിനായി അന്തരീക്ഷത്തിൽ നടന്നു. ചന്ദ്രന്റെ പരിക്രമണ വലയത്തിനുള്ളിൽ ഏറ്റവും കൂടുതൽ സമയം കഴിഞ്ഞതിന്റെ റെക്കോർഡ് ഇപ്പോഴും ഇവാൻസിന്റെ പേരിൽ. 1976 ൽ യു എസ് നേവിയിൽ നിന്നു വിരമിച്ചു. നാസയിൽ 1977 വരെ. തുടർന്ന് കോൾ ഇന്‍‍ഡസ്ട്രി എക്സിക്യൂട്ടിവ്. ഹൃദായാഘാതത്തെ തുടർന്ന് 1990 ല്‍ മരണം.

related stories
Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.