Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദൈവമല്ല പ്രപഞ്ചത്തെ സൃഷ്ടിച്ചത് !

physicists-prove-god-didnot-create-the-universe

പ്രപഞ്ചത്തിന്റെ അനന്തതകളിലെവിടെയോ ഇരുന്ന് നമ്മുടെ ഗതിവിഗതികളെ നിയന്ത്രിക്കുന്ന ഒരു അസാധാരണ ശക്തി- ദൈവത്തെപ്പറ്റിയുള്ള പൊതുകാഴ്ചപ്പാടിനെ ഇങ്ങനെ വിലയിരുത്താം. ആ ദൈവത്തിന് പല രാജ്യങ്ങളിലും പല മതങ്ങളിലും പല രൂപങ്ങളാണ്, ഭാവങ്ങളാണ്. എന്നിരുന്നാലും പ്രപഞ്ചത്തെ സൃഷ്ടിച്ചത് ദൈവമാണെന്ന കാര്യത്തിൽ ഭൂരിപക്ഷത്തിനും സംശയമില്ല. പക്ഷേ പ്രപഞ്ചസൃഷ്ടിയും ദൈവവും തമ്മിൽ ഒരു ബന്ധവുമില്ലെന്നു കണ്ടെത്തിയിരിക്കുന്നു ഒരു കൂട്ടം ഭൗതികശാസ്ത്രജ്ഞർ.

സൂപ്പർമാനെപ്പോലെ എല്ലാം ചെയ്യാൻ കഴിവുള്ള ഒരു അതിമാനുഷനാണ് ദൈവമെന്നു നിങ്ങൾ കരുതുന്നതെങ്കിൽ അത് തെറ്റാണെന്നു പറയുന്നു ഈ ശാസ്ത്രസംഘം. മറിച്ച് ദൈവമൊരു ഗണിതശാസ്ത്രവിദഗ്ധനാണെങ്കിൽ അക്കാര്യം അംഗീകരിക്കാമെന്നും കാനഡ വാട്ടർലൂ സർവകലാശാലയിലെ ഫിസിസ്ക്സ് ആൻഡ് ആസ്ട്രോണമി വിഭാഗത്തിലെ ഈ ഗവേഷകരുടെ പക്ഷം. കാരണം ഗണിതശാസ്ത്രത്തിലെ സിദ്ധാന്തങ്ങളുടെയും ഭൗതികശാസ്ത്രത്തിന്റെയും സഹായം മാത്രം മതി പ്രപഞ്ചത്തിന്റെ ഉൽപത്തി രഹസ്യം വിശദീകരിക്കാൻ. മനസിലാക്കാൻ കുറച്ചു ബുദ്ധിമുട്ടാണെങ്കിലും സത്യം തിരിച്ചറിഞ്ഞാൽ പിന്നെ ലോകത്ത് ദൈവത്തിന്റെയും മതങ്ങളുടെയും നിലനിൽപ് പോലും ചോദ്യം ചെയ്യപ്പെടുമെന്നും പ്രഫ.മിർ ഫൈസലിന്റെ നേതൃത്വത്തിലുള്ള ഈ ഗവേഷക സംഘത്തിന്റെ വാക്കുകൾ.

physicists-prove-god-didnt-create-the-universe

വളരെ വളരെ ചെറിയ ഒരു കണമുണ്ട് പ്രപഞ്ചത്തിൽ. നിലനിൽക്കുന്നുണ്ടോ എന്നു സംശയം പോലും തോന്നിപ്പിക്കുന്ന വിധത്തിലുള്ള ഒന്ന്. അതുകൊണ്ടുതന്നെ വെർച്വൽ പാർട്ടിക്ക്ൾസ് എന്നാണ് ഇവയുടെ പേര്. വളരെ തുച്ഛമായ തോതിൽ ഊർജം ഉൾക്കൊള്ളിച്ചിരിക്കുന്നു ഇവയിൽ, മാത്രവുമല്ല ആയുസ്സും വളരെ തുച്ഛം. പക്ഷേ പ്രപഞ്ച രൂപീകരണത്തിന്റെ അടിസ്ഥാനം ഇവയാണെന്ന കാര്യത്തിൽ ശാസ്ത്രത്തിനു സംശയമില്ല. ഇത് ക്വാണ്ടം സിദ്ധാന്തം വിശദമാക്കുന്നതുമാണ്. എങ്ങനെയാണ് വളരെക്കുറച്ച് ആയുസ്സും ഊർജവുമുള്ള ഇവയിൽ നിന്ന് ഇത്രയേറെ ‘ഊർജശേഷിയുള്ള’ പ്രപഞ്ചം സൃഷ്ടിപ്പെട്ടതെന്നതായിരുന്നു ഇത്രയും നാളെത്തെ സംശയം. എന്നാൽ വികസിച്ചു പ്രപഞ്ചമായി മാറാൻ തക്ക ശേഷിയുള്ളവയാണ് വെർച്വൽ പാർട്ടിക്ക്‌ൾസ് എന്ന കണ്ടെത്തലാണ് കനേഡിയൻ സംഘം നടത്തിയിരിക്കുന്നത്. അതും ഭൗതികശാസ്ത്രത്തിലെ ഇൻഫ്ലേഷൻ തിയറിക്കൊപ്പം ഏറ്റവും പുതിയ രണ്ട് സിദ്ധാന്തങ്ങൾ കൂടി ചേർത്ത് വിശകലനം ചെയ്ത്. അടുത്തിടെ രൂപം കൊടുത്ത മിനിമം ലെങ്ത് സ്കെയിൽ(The Minimum Length Scale), ഡബ്ലി സ്പെഷ്യൽ റിലേറ്റിവിറ്റി (Doubly Special Relativity) എന്നീ രണ്ട് സിദ്ധാന്തങ്ങളുടെ സഹായത്തോടെയായിരുന്നു കണ്ടെത്തൽ.

ഇൻഫ്ലേഷൻ തിയറി പ്രകാരം വെർച്വൽ പാർട്ടിക്ക്ൾസിന്റെ ഊർജവും ആയുസ്സും അവസാനമില്ലാത്ത വിധം വർധിക്കാവുന്നതാണ്. അതുവഴിയാണ് 13.8 ബില്യൺ വർഷങ്ങൾക്ക് മുൻപ് പ്രപഞ്ചമുണ്ടായതും. ശൂന്യതയിൽ നിന്നെങ്ങനെ പ്രപഞ്ചമുണ്ടായി എന്നാണ് എല്ലാവരും ആലോചിക്കുന്നത്. എന്നാൽ അങ്ങനെ ചിന്തിക്കേണ്ടതില്ലെന്നു പറയുന്നു പ്രഫ.മിർ. വെർച്വൽ പാർട്ടിക്‌ളുകളുടെ വികാസത്തിനിടെ പ്രപഞ്ചത്തിന്റെ നെഗറ്റീവ് ഗ്രാവിറ്റേഷനൽ എനർജിയും പോസിറ്റീവ് മാറ്റർ എനർജിയും ചേർന്നത് കൃത്യമായ ‘ബാലൻസിങ്ങി’ലാണ്. അതുകൊണ്ടുതന്നെ അതുവഴിയുണ്ടാകുന്ന ഊർജമാകട്ടെ പൂജ്യവും. അതിന്നും അങ്ങനെത്തന്നെ നിലനിൽക്കുന്നുമുണ്ട്. ‘‘ഒന്നും ശൂന്യതയിൽ നിന്ന് സൃഷ്ടിക്കപ്പെടുന്നില്ല. ഉൽപത്തിയുടെ സമയത്തുള്ളതുപോലെത്തന്നെ ഊർജത്തിന്റെ കാര്യത്തിൽ പ്രപഞ്ചം ഇന്നും ‘പൂജ്യം’ അവസ്ഥയിൽ ആണ്. മുൻപത്തേക്കാളും പ്രപഞ്ചം ഇന്ന് ഭംഗിയായി ക്രമീകരിക്കപ്പെട്ടിട്ടുണ്ടെന്നു മാത്രം’’ ഡോ.മിർ പറയുന്നു.

inflation-theory ഇൻഫ്ലേഷൻ തിയറി

ഇൻഫ്ലേഷൻ തിയറിയിൽ നേരത്തെത്തന്നെ കൂടുതൽ ഗവേഷണങ്ങൾ നടന്നിട്ടുള്ളതാണ്. എന്നാൽ ഡബ്ലി സ്പെഷൽ റിലേറ്റിവിറ്റി തിയറിയുമായി ചേർത്തായിരുന്നു പ്രഫ. മിറിന്റെ ആദ്യ പരീക്ഷണം. ഡബ്ലി സ്പെഷൽ റിലേറ്റിവിറ്റി പ്രകാരം പ്രപഞ്ചത്തിലെ ഓരോന്നിനും നേടിയെടുക്കാവുന്ന ഊർജത്തിന് ഒരു അളവുണ്ട്. ആ മാക്സിമം എനർജി(പ്ലാങ്ക് എനർജി)യ്ക്കപ്പുറത്തേക്ക് ഒന്നും നേടിയെടുക്കാനാകില്ല. പ്രപഞ്ചോൽപത്തിക്കു പിന്നിലെ കാരണം തേടിയുള്ള സ്വിറ്റ്സർലൻഡിലെ സേണിലെ ലാർജ് ഹാഡ്രോൺ പരീക്ഷണത്തിൽ ഉണ്ടായ കണങ്ങൾക്കു പോലും ഈ പ്ലാങ്ക് എനർജിയേക്കാളും വളരെയേറെ കുറവായിരുന്നു ശേഷി. ലാർജ് ഹാഡ്രോൺ കൊളൈഡറിലും പ്രവർത്തിച്ചിട്ടുണ്ട് പ്രഫ. മിർ. ഡബ്ലി സ്പെഷൽ റിലേറ്റിവിറ്റി പ്രകാരം വിശദീകരിക്കുന്ന കാര്യങ്ങളോടെല്ലാം ചേർന്നു പോകുന്ന വിധത്തിലായിരുന്നു പ്രപഞ്ചോൽപത്തി സമയത്തുണ്ടായിരുന്ന വൻതോതിലുള്ള ഊർജവും.

പ്രപഞ്ചത്തിന് ഒരു നിശ്ചിത തോതിലുള്ള ‘മിനിമം ലെങ്ത് സ്കെയിൽ’ ഉണ്ടെന്നതാണ് ശാസ്ത്രലോകത്തിന്റെ കണ്ടെത്തൽ. ആ മിനിമം ലെങ്ത് സ്കെയിൽ വിശദമാക്കുന്ന ഏറ്റവും പുതിയ സിദ്ധാന്തവും ഉപയോഗപ്പെടുത്തി ഗവേഷക സംഘം. ഡബ്ലി സ്പെഷൽ റിലേറ്റിവിറ്റി തിയറിയുമായിട്ടായിരുന്നു ഇത് ചേർത്തത്. ഒരു വടി പകുതിയായി ഒടിയ്ക്കുന്നതുപോലെ എന്നാണ് പ്രഫ. മിർ ഈ മിനിമം ലെങ്തിനെ വിശേഷിപ്പിച്ചത്. വടി പകുതിയായി ഒടിച്ചൊടിച്ചു പോകുന്നതിന് ഒരു പരിധിയുണ്ട്. ആ പരിധിയ്ക്കപ്പുറത്ത് ലെങ്തിന് പോകാനാവില്ല. മറ്റു പരീക്ഷണങ്ങൾക്കിടെ ഗവേഷകർ പൊതുവെ അവഗണിക്കുന്നതാണ് ഈ നീളം. പക്ഷേ പ്രപഞ്ചോൽപത്തിയെപ്പറ്റിയുള്ള അന്വേഷണത്തിൽ ഇത് നിർണായകമാണ്. കണങ്ങൾ അനന്തമായി വികസിച്ചു പോകുന്ന ഇൻഫ്ലേഷൻ തിയറിയിൽ മിനിമം ലെങ്തിന്റെ സ്വാധീനത്തെപ്പറ്റി ബ്രയാൻ ഗ്രീൻ എന്ന ശാസ്ത്രജ്ഞൻ നേരത്തെത്തന്നെ പഠിച്ചിട്ടുള്ളതുമാണ്. ഇതോടൊപ്പം തന്നെ ഡബ്ലി സ്പെഷൽ റിലേറ്റിവിറ്റി തിയറി കൂടി ചേർത്തുള്ള പഠനം പക്ഷേ ഇതാദ്യമായിട്ടാണ്.

എന്താണെങ്കിലും ദൈവത്തിന്റെ നിലനിൽപ് സംബന്ധിച്ച സംവാദങ്ങൾക്കിടെ ചരിത്രം തിരുത്തിക്കുറിച്ചേക്കാവുന്ന കണ്ടുപിടിത്തമെന്നാണ് പാശ്ചാത്യമാധ്യമങ്ങൾ ഇതിനെ വിശേഷിപ്പിച്ചിരിക്കുന്നത്. പ്രഫ.മിറിനൊപ്പം അഹമ്മദ് ഫറാഗ് അലി, മുഹമ്മദ് എം.ഖലീൽ എന്നിവർ ചേർന്നു നടത്തിയ ഗവേഷണത്തിന്റെ റിപ്പോർട്ട് ജേണൽ ഓഫ് കോസ്മോളജി ആൻഡ് ആസ്ട്രോ പാർട്ടിക്ക്ൾ ഫിസിക്സിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.