Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചൊവ്വയിലെ ആ ജീവികൾക്ക് എന്തു സംഭവിച്ചു?

lead_large

ഭൂമിയുടെ അയൽഗ്രഹമായ ചൊവ്വയിൽ ഒരിക്കൽ ജീവന്റെ നിലനിൽപ്പിനുള്ള സാഹചര്യങ്ങളുണ്ടായിരുന്നു, അതിനു കാരണമായതാകട്ട ഉൽക്കകളും ഛിന്നഗ്രഹങ്ങളും. അമേരിക്കയിലെ കൊളറാഡോ ബോൾഡർ സർവകലാശാല പുറത്തിറക്കിയ പഠനറിപ്പോർട്ടിലാണ് ഈ വിവരങ്ങളുള്ളത്. 400 കോടി വർഷങ്ങൾക്കു മുൻപാണ് ചൊവ്വയിൽ ജീവന്റെ നിലനിൽപിനാവശ്യമായ സാഹചര്യങ്ങളുണ്ടായിരുന്നത്. നിലവിലേതു പോലെ മഞ്ഞുറഞ്ഞ നിലയിലായിരുന്നിരിക്കാം കോടിക്കണക്കിനു വർഷങ്ങൾക്കു മുൻപേ ചൊവ്വയിലെ കാലാവസ്ഥ.

എന്നാൽ കൂറ്റൻ ഉൽക്കകളും ഛിന്നഗ്രഹങ്ങളും തുടരെത്തുടരെ പതിച്ചതിനാൽ മഞ്ഞുരുകി ജീവൻ നിലനിർത്താനാവശ്യമായ ചൂടും തണുപ്പും കൃത്യമായ അനുപാതത്തിൽ ഉണ്ടായിരുന്നുവെന്നാണു പഠനം പറയുന്നത്. എന്നാലത് മനുഷ്യന് ചേർന്ന വിധത്തിലുള്ള അന്തരീക്ഷമായിരുന്നില്ല. നിലവിൽ അമേരിക്കയിലെ യെല്ലോ സ്റ്റോൺ നാഷനൽ പാർക്കിലുള്ളതു പോലുള്ള ചില സൂക്ഷ്മജീവികളുടെ സാന്നിധ്യമാണ് ഗവേഷകർ ചൊവ്വയിലുമുള്ളതായി ചൂണ്ടിക്കാണിക്കുന്നത്.

യെല്ലോ സ്റ്റോണ്‍ പാർക്കിൽ നിന്നു കണ്ടെത്തിയ സൂക്ഷ്മാണുക്കളിൽ ചിലത് എത്ര കൊടുംചൂടിലും നിലനിൽക്കുമെന്നു കണ്ടെത്തിയിരുന്നു. മാത്രവുമല്ല നഖം പോലും ഉരുകിപ്പോകുന്ന ആസിഡിലിട്ടാല്‍ പോലും യാതൊരു കുഴപ്പവും പറ്റാത്ത സൂക്ഷ്മജീവികളും ഇവിടെ നിന്നു കണ്ടെത്തിയിട്ടുണ്ട്. ശരീരത്തിലെ ചില പ്രത്യേക രാസവസ്തുക്കളാണ് ഇവയെ ഇത്തരം പ്രത്യേക കഴിവുകളിലേക്കു നയിക്കുന്നത്. ചൊവ്വയിൽ ഒരുകാലത്ത് വെള്ളമുണ്ടായിരുന്നതായി നേരത്തെ തെളിഞ്ഞിട്ടുണ്ട്. അരുവികൾ ഒഴുകിയതിന്റെയും നീർച്ചാലുകളുടെയും പാടുകളും കണ്ടെത്തിയിരുന്നു.

ഉൽക്കകളുടെയും ഛിന്നഗ്രഹങ്ങളുടെയും ‘ആക്രമണം’ കാരണം ചൊവ്വയിലെ അന്തരീക്ഷ മർദവും ഏറാനുള്ള സാഹചര്യമുണ്ട്. അതും അന്തരീക്ഷത്തിലെ താപനില വർധിക്കാൻ കാരണമായി. അതുവഴി മഞ്ഞുരുകി ജലവും അരുവികളുമെല്ലാം ഇടക്കാലത്തേയ്ക്കെങ്കിലും രൂപപ്പെടാനിടയായെന്നും പഠനം പറയുന്നു. എന്നാൽ ജീവന്റെ സാന്നിധ്യത്തിന്റെ കാര്യത്തിൽ ഈ പഠനത്തിനും ഉത്തരം നൽകാനായിട്ടില്ല. സാഹചര്യമുണ്ടായിരുന്നു എന്ന കാര്യത്തിൽ മാത്രമേ ഉറപ്പുള്ളൂ. 390 കോടി വർഷങ്ങൾക്കു മുൻപ് ‘ലേറ്റ് ഹെവി ബംബാർഡ്മെന്റ്’ എന്നറിയപ്പെടുന്ന കാലത്താണ് ഈ സാഹചര്യങ്ങളെല്ലാം ചൊവ്വയിലുണ്ടായത്.

mars-life

സൗരയൂധത്തിന്റെ ആരംഭകാലമായിരുന്നു അത്. ബാഹ്യാകാശത്ത് തലങ്ങും വിലങ്ങും ഉൽക്കകളും ഛിന്നഗ്രഹങ്ങളും പായുന്ന സമയം കൂടിയായിരുന്നു ‌കണക്കാക്കുന്നത്. ജീവൻ നിലനിൽക്കാനുള്ള സാഹചര്യമുണ്ടെന്നു കരുതുന്ന നാളുകൾ പക്ഷേ ചൊവ്വയെ സംബന്ധിച്ചിടത്തോളം ഏതാനും ദശലക്ഷം വർഷം മാത്രമേ നിലനിന്നുള്ളൂ. പിന്നീട് മഞ്ഞിലുറച്ചു പോയ ആ ‘ചുവപ്പൻ’ ഗ്രഹം ഇപ്പോഴും അതേ അവസ്ഥയിൽ തുടരുകയാണ്. ചൊവ്വയിലെ പ്രതലത്തിലെ അടരുകളുടെ 3ഡി മോഡൽ പരിശോധിച്ചായിരുന്നു പഠനം. റിപ്പോർട്ട് എർത്ത് ആൻഡ് പ്ലാനറ്ററി സയൻസ് ലെറ്റേഴ്സിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Your Rating: