Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തൂത്തന്‍ഖാമന്റെ കഠാര നിര്‍മ്മിച്ചത് ഭൂമിയിലെ വസ്തുക്കള്‍ കൊണ്ടല്ല!

tutankhamun

ദുരൂഹതകളുടെ പേരില്‍ പലതവണ വാര്‍ത്തകളില്‍ ഇടം പിടിച്ചിട്ടുള്ള ഈജിപ്ഷ്യന്‍ ഫറവോ രാജകുമാരന്‍ തൂത്തന്‍ഖാമന്റെ ശവക്കല്ലറ വീണ്ടും വാര്‍ത്തയാകുന്നു. ഇത്തവണ തൂത്തന്‍ഖാമന്റെ കല്ലറയില്‍ നിന്നും ലഭിച്ച കഠാരയാണ് വാര്‍ത്തയാകുന്നത്. ഈ കഠാര നിര്‍മ്മിച്ചിരിക്കുന്നത് ഭൂമിയിലെ വസ്തുക്കള്‍ കൊണ്ടല്ലെന്നതാണ് വിചിത്രമായ വസ്തുത. ഈജിപ്തില്‍ നിന്നും ലഭിച്ച ഒരു ഉല്‍ക്കയുടെ അവശിഷ്ടത്തില്‍ നിന്നാണ് തൂത്തന്‍ഖാമന്റെ കഠാര നിര്‍മ്മിച്ചിരിക്കുന്നതെന്നാണ് ഗവേഷകർ പറയുന്നത്.

ഏകദേശം നൂറ് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഈജിപ്ഷ്യന്‍ ഫറവോ രാജകുമാരന്‍ തൂത്തെന്‍ഖാമന്റെ ശവക്കല്ലറ കണ്ടെത്തിയത്. കല്ലറയില്‍ നിന്നും ലഭിച്ച നിരവധി അമൂല്യ വസ്തുക്കളില്‍ ഒന്നായിരുന്നു സ്വര്‍ണ്ണ പിടിയുള്ള കഠാര. ഇത് നിര്‍മ്മിച്ചിരിക്കുന്നത് 'അന്യഗ്രഹ' വസ്തുക്കള്‍കൊണ്ടാണെന്നതാണ് ലഭിക്കുന്ന ഏറ്റവും പുതിയ വിവരം. കെയ്‌റോയിലെ ഈജിപ്ഷ്യന്‍ മ്യൂസിയത്തിലേയും മിലാന്‍ പോളിടെക്‌നികിലേയും പിസ സര്‍വകലാശാലയിലേയും ഗവേഷകര്‍ നടത്തിയ പഠനമാണ് നിര്‍ണ്ണായക വിവരം പുറത്തുകൊണ്ടുവന്നിരിക്കുന്നത്. ഈ കഠാരയുടെ നിര്‍മ്മാണത്തിന് ഉപയോഗിച്ചിരിക്കുന്ന ലോഹം കണ്ടെത്തുന്നതിന് നടത്തിയ എക്‌സ്‌റേ പരിശോധനയിലാണ് ഇക്കാര്യം പുറത്തായത്.

2000 ത്തില്‍ ഈജിപ്തില്‍ നിന്നും കണ്ടെത്തിയ ഉല്‍ക്കയുടെ ഘടകങ്ങളോട് സാമ്യമുള്ള വസ്തുക്കളാണ് ഈ കഠാര നിര്‍മ്മിക്കാന്‍ ഉപയോഗിച്ചിരിക്കുന്നത്. അലക്‌സാണ്ട്രിയയില്‍ നിന്നും 150 മൈല്‍ അകലെ നിന്നാണ് ഈ ഉല്‍ക്ക കണ്ടെത്തിയിരുന്നത്. ഉല്‍ക്കകള്‍ പോലുള്ള അന്യഗ്രഹ വസ്തുക്കള്‍ക്ക് വലിയ പ്രാധാന്യമാണ് പൗരാണിക ഈജിപ്ഷ്യന്‍ ഭരണാധികളായിരുന്ന ഫറവോമാര്‍ നല്‍കിയിരുന്നത്. 13 ഇഞ്ച് (ഏകദേശം 33 സെന്റിമീറ്റര്‍) വലിപ്പമുള്ള കഠാരയുടെ പിടിയും ഉറയും സ്വര്‍ണ്ണത്താലാണ് നിര്‍മ്മിച്ചിരിക്കുന്നത്.

ഈജിപ്ഷ്യന്‍ ഭരണാധികാരികളായിരുന്ന ഫറവോമാരുടെ മൃതദേഹങ്ങള്‍ സംസ്‌ക്കരിക്കുമ്പോള്‍ ശവകൂടീരങ്ങളില്‍ അമൂല്യമായ നിധി ശേഖരവും നിക്ഷേപിക്കുന്നത് സാധാരണയായിരുന്നു. ഇത്തരം ശവകുടീരങ്ങള്‍ മോഷ്ടാക്കള്‍ ലക്ഷ്യം വെക്കാതിരിക്കാന്‍ കല്ലറ തുറന്നാല്‍ ദുര്‍മരണം സംഭവിക്കുമെന്നും ഫറവോമാരുടെ ശാപത്തിന് ഇരയാകുമെന്നുമുള്ള വിശ്വാസവും വലിയ തോതില്‍ പ്രചരിച്ചിരുന്നു.

കല്ലറ തുറക്കാന്‍ ശ്രമിക്കുന്നവരെ പലവിധ കെണികളില്‍ കുടുക്കി കൊലപ്പെടുത്തുന്ന മമ്മി സിനിമകള്‍ക്ക് പ്രചോദനമായത് തൂത്തന്‍ഖാമന്റെ ശവക്കല്ലറയായിരുന്നു. 1922ല്‍ തൂത്തന്‍ഖാമന്റെ ശവക്കല്ലറ കണ്ടെത്തിയ ബ്രിട്ടീഷുകാരനായ ഹവാര്‍ഡ് കാര്‍ട്ടറുടെ സംഘത്തിലുണ്ടായിരുന്നവരില്‍ പലരും ദുരൂഹമായി കൊല്ലപ്പെടുകയോ ആത്മഹത്യ ചെയ്യുകയോ ചെയ്തിരുന്നു. അന്ധവിശ്വാസങ്ങള്‍ പലതാണെങ്കിലും തൂത്തന്‍ഖാമന്റെ ശവകുടീരം കണ്ടെത്താന്‍ നേതൃത്വം നല്‍കിയ ഹവാര്‍ഡ് കാര്‍ട്ടറെ മാത്രം ഒന്നും വേട്ടയാടിയില്ല. അറുപത്തഞ്ചാം വയസില്‍ വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്നായിരുന്നു അദ്ദേഹത്തിന്റെ മരണം.

dagger

ഈജിപ്ത് ഭരിച്ചിരുന്ന പതിനെട്ടാം രാജവംശത്തിലെ അവസാന ഫറവോയായിരുന്നു തൂത്തന്‍ഖാമന്‍. ബിസി 1322ല്‍ പത്തൊമ്പതാം വയസില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച അദ്ദേഹത്തിന്റെ കല്ലറ തുറന്നപ്പോള്‍ 11 കിലോ സ്വര്‍ണ്ണത്തില്‍ പൊതിഞ്ഞ മുഖംമൂടിയും സ്വര്‍ണ്ണ ശവപ്പെട്ടിയും വിലമതിക്കാനാവാത്ത രത്‌നങ്ങളും സ്വര്‍ണ്ണശേഖരവും കണ്ടെത്തിയിരുന്നു. ഇതോടെ പുരാവസ്തുഗവേഷകരും നിധിതേടുന്ന ഭാഗ്യാന്വേഷികളും ഈജിപ്തിലേക്ക് പ്രവഹിച്ചു. തൂത്തന്‍ഖാമന്റെ ശവക്കല്ലറയുടെ കണ്ടുപിടുത്തവും തുടര്‍ന്ന് പ്രചരിച്ച കഥകളും ഹോളിവുഡ് സിനിമകളുമാണ് ഈജിപ്തിലേക്ക് വിനോദ സഞ്ചാരികളുടെ പ്രവാഹം സൃഷ്ടിച്ചത്.