Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'തുത്തൻഖാമന്റെ ശവകുടീരത്തിൽ മറ്റൊരു അറകൂടി'

Amarna

തുത്തൻഖാമൻ രാജാവിന്റെ ശവകുടീരത്തിൽ മറ്റൊരു അറകൂടി ഉണ്ടാവാനുള്ള സാധ്യതയുണ്ടെന്ന് ഈജിപ്ത് മന്ത്രാലയം അറിയിച്ചു. ഇൻഫ്രാറെഡ് പരിശോധനയിൽ ശവകുടീരത്തിൽ വേറെയും അറകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് ഗവേഷകരുടെ നിരീക്ഷണം.

ഇതിലേക്ക് സൂചന നൽകുന്ന മറ്റൊരു നിരീക്ഷണവും ഗവേഷകർ മുന്നോട്ടുവയ്ക്കുന്നുണ്ട്. ഈജിപ്ഷ്യന്‍ വംശത്തിലെ രാജ്ഞി നെഫര്‍ടിറ്റിയെ ഇവിടെയാണ് അടക്കംചെയ്തിരിക്കുന്നതെന്നാണ് പുരാണരേഖകൾ വ്യക്തമാക്കുന്നത്. പുരാവസ്തു ഗവേഷകരും ഇത്തരമൊരു നിഗമനം നടത്തുന്നുണ്ട്.

ഇൻഫ്രാറെ‍ഡ് പരിശോധനയിൽ ഇതിനു വ്യക്തത നൽകുന്ന ചില സൂചനകൾ നൽകുന്നുണ്ട്. തുത്തൻഖാമന്റെ ശവകുടീരത്തിന്റെ വടക്കന്‍ ഭിത്തിയുടെ ഭാഗത്തുള്ള ഊഷ്മാവിൽ വ്യത്യാസം കാണുന്നുണ്ട്. ഊഷ്മാവിൽ മാറ്റമുണ്ടാകണമെങ്കിൽ ഭിത്തിയ്ക്ക് പിന്നില്‍ തുറന്ന സ്ഥലമാകാനാണ് സാധ്യതയെന്നും ഗവേഷകര്‍ വിലയിരുത്തുന്നു.

tutankhamunn-tomb

പ്രമുഖ ബ്രിട്ടീഷ് പുരാവസ്‌തു ശാസ്‌ത്രജ്ഞൻ നിക്കോളാസ് റീവസ് പ്രസിദ്ധീകരിച്ച കുറിപ്പിൽ ശവകുടീരത്തിന് രണ്ട് വാതിലുകള്‍ ഉണ്ടെന്നാണ് പറയുന്നത്. അദ്ധേഹത്തിന്റെ നിഗമനപ്രകാരം രാജ്ഞിയായ നെഫര്‍ടിറ്റിയെ അടക്കം ചെയ്യാൻ പണികഴിപ്പിച്ചതായിരിക്കാം ഈ ശവകുടീരമെന്നും വിലയിരുത്തുന്നു. രാജ്ഞി മരിച്ച് 10 വർഷം കഴിഞ്ഞ് തുത്തൻഖാമൻ മരിച്ചപ്പോൾ ശവകുടീരം വീണ്ടും തുറക്കുകയായിരുന്നുവെന്നും സൂചനയുണ്ട്.

19–ാം വയസ്സിലാണ് തുത്തൻഖാമൻ മരിക്കുന്നത്. ഏറെ ചെറുപ്പമായിരുന്ന രാജാവിന് വേണ്ടി നേരത്തെ ശവകുടീരം പണികഴിപ്പിച്ചിരുന്നില്ല. ഇത്തരമൊരു സാഹചര്യത്തിലാണ് രാജ്ഞിയുടെ ശവകുടീരം തുറന്ന് തുത്തൻഖാമനെ അടക്കേണ്ടി വന്നതെന്നാണ് ഗവേഷകർ കരുതുന്നത്.

അതേസമയം, ഫറവോ അഖിനാറ്റന്റെ ഭാര്യ കിയയാകാം ശവകുടീരത്തിലെ മറ്റൊരു അറയില്‍ അടക്കം ചെയ്തിരിക്കുന്നതെന്നാണ് ഈജിപ്ത് സര്‍ക്കാർ വാദം. ഗവേഷണങ്ങളുടെയും പരിശോധനയും അന്തിമഫലം വരാൻ ഒരാഴ്ച സമയമെടുക്കുമെന്നാണ് സർക്കാർ വക്താവ് അറിയിച്ചത്.

തുത്തൻഖാമനും ശവകുടീരവും

വിദേശത്തു നിന്ന് ഒരു സിനിമയിൽക്കയറി വന്ന് നമ്മളെ പേടിപ്പിച്ച ആ രൂപം ഇന്നും പലരുടെയും ഓർമകളിൽ ചെറിയൊരു ഞെട്ടലും സമ്മാനിച്ച് കിടപ്പുണ്ടാകും. തന്റെ കല്ലറ തുറക്കുന്നവരെയെല്ലാം ഒരു ശാപം പോലെ പിന്തുടർന്ന് വന്ന് ഇഞ്ചിഞ്ചായി കൊല്ലപ്പെടുത്തുന്ന ഈജിപ്ഷ്യൻ മമ്മി– തുത്തൻഖാമൻ എന്ന ഈ ഫറവോയുടെ ശാപത്തിന്റെ കെട്ടിച്ചമച്ച കഥകൾ കേൾക്കാത്തവരുണ്ടാവില്ല.

അതിനു തെളിവെന്ന വണ്ണം 1999ൽ ‘ദ് മമ്മി’ എന്ന ഹോളിവുഡ് സിനിമ കൂടി ഇറങ്ങിയതോടെ പേടി പിന്നെയും കൂടി. എന്നാൽ 1922ൽ ആദ്യമായി തുത്തൻഖാമന്റെ ശവകുടീരം കണ്ടെത്തിയ കാലം മുതൽക്കു തന്നെ മമ്മി സിനിമകൾ ലോകത്തിന്റെ ഉറക്കം കെടുത്താനെത്തിയിരുന്നു. മാത്രവുമല്ല, അന്ന് പര്യവേഷണങ്ങൾക്കു നേതൃത്വം വഹിച്ച ബ്രിട്ടിഷുകാരനായ ഹവാർഡ് കാർട്ടറുടെ ഒപ്പമുണ്ടായിരുന്ന മിക്കവരും ദുരൂഹസാഹചര്യത്തിൽ കൊല്ലപ്പെട്ടത്രേ! ചിലർ ആത്മഹത്യ ചെയ്തു. തുത്തൻഖാമന്റെ കുടീരം കണ്ടെത്തി പുറത്തേയ്ക്കിറങ്ങിയപ്പോൾ മണൽക്കാറ്റ് ആഞ്ഞുവീശിയെന്നും മരണത്തിന്റെ പേടിപ്പിക്കുന്ന കരച്ചിലുമായി ഒരു ചെമ്പരുന്ത് ആകാശത്ത് വട്ടമിട്ടു പറന്നതായും ഗവേഷകർ പറഞ്ഞിട്ടുണ്ട്. പലർക്കും അതുകണ്ട് പനിപിടിച്ചെന്നും കഥകൾ.

tutankhamunnn

എന്തൊക്കെയാണെങ്കിലും എല്ലാറ്റിനും നേതൃത്വം നൽകിയ ഹവാർഡ് കാർട്ടറെ മാത്രം ഒരു മമ്മിയും തൊട്ടില്ല, 65–ാം വയസ്സിൽ വാർധക്യസഹജമായ രോഗത്താലായിരുന്നു അദ്ദേഹത്തിന്റെ മരണം. തുത്തൻഖാമനെ അടക്കിയ നിലവറയ്ക്കു സമീപത്തു തന്നെ അദ്ദേഹത്തിന്റെ മാതാവ് നെഫെർതിതി രാജ്ഞിയുടെ ശവകുടീരവുമുണ്ടെന്ന നിഗമനത്തിൽ അരിസോണ സർവകലാശാലയിലെ അധ്യാപകൻ കൂടിയായ ഡോ.നിക്കോളസ് റീവ്സിന്റെ ഗവേഷണം നടത്തിയിരുന്നു. എന്നാൽ നെഫെർതിതി രാജ്ഞിയുടെ കുടീരം ഇതുവരെ കണ്ടെത്താനുമായിട്ടില്ല. ഈജിപ്‌ത് ഭരിച്ചിരുന്ന 18-ാം രാജവംശത്തിലെ അവസാന ഫറവോയായിരുന്നു തുത്തൻഖാമൻ. ബിസി 1322ൽ 19-ാം വയസിൽ ദുരൂഹസാഹചര്യങ്ങളിൽ മരണമടഞ്ഞ അദ്ദേഹത്തിന്റെ കല്ലറ തുറന്നപ്പോൾ പൂർണമായും സ്വർണത്തിൽ പൊതിഞ്ഞ ശവപ്പെട്ടിയും മുഖകവചവും ഉൾപ്പെടെ വിലമതിക്കാനാകാത്ത സ്വർണരൂപങ്ങളായിരുന്നു കണ്ടെടുത്തത്.

പക്ഷേ യഥാർഥത്തിൽ ആ ശവക്കല്ലറ നെഫെർതിതി രാ‍ജ്ഞിയെ അടക്കാൻ വേണ്ടി നിർമിച്ചാതാണെന്നാണു പറയപ്പെടുന്നത്. തുത്തൻഖാമനെ അടക്കിയ നിലവറയുടെ ചുമരുകളിലൊന്നിൽ രഹസ്യമാക്കി വച്ച നിലയിൽ രാജ്ഞിയുടെ ശവകുടീരമുണ്ടെന്നാണ് റീവ്സിന്റെ ഗവേഷണ റിപ്പോർട്ട്. തുത്തൻഖാമന്റെ ശവകുടീരത്തിന്റെ വടക്കും പടിഞ്ഞാറുമുള്ള ചുമരുകളിൽ കോറിവരച്ചിട്ടതു പോലെ കണ്ട ചില അടയാളങ്ങളാണ് ഈ നിഗമനത്തിലേക്ക് നയിച്ചത്. ആ ചുമരുകൾക്കുള്ളിൽ രണ്ട് രഹസ്യശവകുടീരങ്ങളുണ്ടെന്നാണ് കരുതുന്നത്. ഒന്ന് രാഞ്ജിയുടെ, മറ്റൊന്ന് ഏതെന്ന് മനസിലാക്കാനായിട്ടില്ല. ശവകുടീരത്തിന്റെ മേൽക്കൂര ഈ രണ്ട് ചുമരുകൾക്ക് മുകളിലേക്ക് നീട്ടിയിരിക്കുന്നതും സംശയം ജനിപ്പിക്കുന്നു.

റീവ്സിന് ഈജിപ്ഷ്യൻ സർക്കാരും പൂർണപിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ട്. റഡാർ പരിശോധനയിലൂടെ ചുമരിനകത്ത് എന്തെങ്കിലുമുണ്ടോയെന്ന് തിരിച്ചറിഞ്ഞ ശേഷം മാത്രമേ കൂടുതൽ ഗവേഷണം നടത്തൂ. റഡാർ പരിശോധനാറിപ്പോർട്ട് പൊതുജനങ്ങൾക്കും ലഭ്യമാക്കും. അതും തുത്തൻഖാമന്റെ കുടീരം കണ്ടെത്തിയ അതേ ദിവസം തന്നെ–നവംബർ നാലിന്.എന്തിനായിരിക്കും തുത്തൻഖാമന്റെ നിലവറയിൽ ചുമരിന്റെ മറവിൽ രാജ്ഞിയുടെ ശവകുടീരം മറച്ചുവച്ചത്? ആരുടേതാണ് രണ്ടാമത്തെ ശവക്കല്ലറ? എങ്ങനെയാണ് തുത്തൻഖാമൻ കൊല്ലപ്പെട്ടത്? ഇതിന്റെയെല്ലാം ഉത്തരങ്ങളായിരിക്കാം ഒരുപക്ഷേ ഒളിച്ചിരിക്കുന്നത്. കാത്തിരിക്കാം ചുമരുപൊളിച്ച് പുറത്തെത്തുന്ന ആ നിഗൂഢസത്യങ്ങൾക്കു വേണ്ടി.