Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തൂത്തന്‍ഖാമൻ ശവക്കല്ലറയിൽ അമൂല്യ നിധി ശേഖരം?

golden-sarcophagus-of-king-tutankhamun

ചരിത്രാന്വേഷികളേയും ഭാഗ്യാന്വേഷികളേയും ഒരുപോലെ ആകര്‍ഷിച്ചിട്ടുള്ളവയാണ് ഈജിപ്തിലെ പിരമിഡുകളും ശവക്കല്ലറകളും അവയിലെ അമൂല്യ സമ്പത്തും. ദുരൂഹതകളുടെ പേരില്‍ പലതവണ വാര്‍ത്തകളില്‍ ഇടം പിടിച്ചിട്ടുള്ള ഈജിപ്ഷ്യന്‍ ഫറവോ രാജകുമാരന്‍ തൂത്തന്‍ഖാമന്റെ ശവക്കല്ലറ വീണ്ടും വാര്‍ത്തയാകുന്നു. ഇത്തവണ തൂത്തന്‍ഖാമന്റെ കല്ലറയോട് ചേര്‍ന്ന് അമൂല്യ വസ്തുക്കള്‍ നിറച്ച രണ്ട് രഹസ്യ അറകളുണ്ടെന്നതാണ് തൂത്തന്‍ഖാമനെ വീണ്ടും വാര്‍ത്തകളിലെത്തിച്ചിരിക്കുന്നത്.

തൂത്തന്‍ഖാമന്റെ കല്ലറയോട് ചേര്‍ന്ന് രണ്ട് രഹസ്യ അറകളുണ്ടെന്ന് 90 ശതമാനവും ഉറപ്പിക്കാമെന്ന് ഈജിപ്ത് പുരാവസ്തു വകുപ്പ് മന്ത്രി തന്നെയാണ് കഴിഞ്ഞ ദിവസം അറിയിച്ചിരിക്കുന്നത്. തൂത്തന്‍ഖാമന്റെ കല്ലറയോട് ചേര്‍ന്ന് വളര്‍ത്തമ്മ നെഫര്‍തിതിയുടെ കല്ലറയും നിധിശേഖരമുള്ള രഹസ്യഅറയുമുണ്ടെന്ന വാദത്തെ തള്ളിക്കളയാനോ സ്വീകരിക്കാനോ നേരത്തെ ഈജിപ്ഷ്യന്‍ പുരാവസ്തു ഗവേഷകര്‍ തയ്യാറായിരുന്നില്ല.

egypth

ഈജിപ്ഷ്യന്‍ ഭരണാധികാരികളായിരുന്ന ഫറവോമാരുടെ ശവകൂടീരങ്ങളില്‍ മൃതദേഹത്തിനൊപ്പം അമൂല്യമായ നിധി ശേഖരവും നിക്ഷേപിക്കുന്നത് സാധാരണമായിരുന്നു. ഇത്തരം ശവകുടീരങ്ങള്‍ മോഷ്ടാക്കള്‍ ലക്ഷ്യം വെക്കാതിരിക്കാന്‍ കല്ലറ തുറന്നാല്‍ ദുര്‍മരണപ്പെടുമെന്നും ഫറവോമാരുടെ ശാപത്തിന് ഇരയാകുമെന്നുമുള്ള വിശ്വാസം വ്യാപകമായിരുന്നു.

കല്ലറ തുറക്കാന്‍ ശ്രമിക്കുന്നവരെ പലവിധ കെണികളില്‍ കുടുക്കി കൊലപ്പെടുത്തുന്ന മമ്മി സിനിമകള്‍ക്ക് പ്രചോദനമായത് തൂത്തന്‍ഖാമന്റെ ശവക്കല്ലറയായിരുന്നു. 1922ല്‍ തൂത്തന്‍ഖാമന്റെ ശവക്കല്ലറ കണ്ടെത്തിയ ബ്രിട്ടീഷുകാരനായ ഹവാര്‍ഡ് കാര്‍ട്ടറുടെ സംഘത്തിലുണ്ടായിരുന്നവരില്‍ പലരും ദുരൂഹമായി കൊല്ലപ്പെടുകയോ ആത്മഹത്യ ചെയ്യുകയോ ചെയ്തിരുന്നു. അന്ധവിശ്വാസങ്ങള്‍ പലതാണെങ്കിലും തൂത്തന്‍ഖാമന്റെ ശവകുടീരം കണ്ടെത്താന്‍ നേതൃത്വം നല്‍കിയ ഹവാര്‍ഡ് കാര്‍ട്ടറെ മാത്രം ഒന്നും വേട്ടയാടിയില്ല. അറുപത്തഞ്ചാം വയസില്‍ വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്നായിരുന്നു അദ്ദേഹത്തിന്റെ മരണം.

king-

ഈജിപ്ത് ഭരിച്ചിരുന്ന പതിനെട്ടാം രാജവംശത്തിലെ അവസാന ഫറവോയായിരുന്നു തൂത്തന്‍ഖാമന്‍. ബിസി 1322ല്‍ പത്തൊമ്പതാം വയസില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച അദ്ദേഹത്തിന്റെ കല്ലറ തുറന്നപ്പോള്‍ 11 കിലോ സ്വര്‍ണ്ണത്തില്‍ പൊതിഞ്ഞ മുഖംമൂടിയും സ്വര്‍ണ്ണ ശവപ്പെട്ടിയും വിലമതിക്കാനാവാത്ത രത്‌നങ്ങളും സ്വര്‍ണ്ണശേഖരവും കണ്ടെത്തിയിരുന്നു. ഇതോടെ പുരാവസ്തുഗവേഷകരും നിധിതേടുന്ന ഭാഗ്യാന്വേഷികളും ഈജിപ്തിലേക്ക് പ്രവഹിച്ചു. തൂത്തന്‍ഖാമന്റെ ശവക്കല്ലറയുടെ കണ്ടുപിടുത്തവും തുടര്‍ന്ന് പ്രചരിച്ച കഥകളും ഹോളിവുഡ് സിനിമകളുമാണ് ഈജിപ്തിലേക്ക് വിനോദ സഞ്ചാരികളുടെ പ്രവാഹം സൃഷ്ടിച്ചത്. തൂത്തന്‍ഖാമന്റെ ആയയുടെ ശവക്കല്ലറയും ഇത്തരത്തില്‍ സഞ്ചാരികളെ ആകര്‍ഷിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ജാപ്പനീസ് പുരാവസ്തു ഗവേഷകര്‍ റഡാറുകള്‍ ഉപയോഗിച്ച് നടത്തിയ പഠനത്തിലാണ് തൂത്തന്‍ഖാമന്റെ ശവക്കല്ലറയോട് ചേര്‍ന്ന് രഹസ്യ അറകളുണ്ടെന്നതിന്റെ സൂചനകള്‍ ലഭിച്ചത്. കൂടുതല്‍ ആധുനിക റഡാറുകള്‍ ഉപയോഗിച്ചുള്ള പഠനങ്ങള്‍ ഈ മാസം അവസാനത്തോടെ നടത്താനും ഗവേഷകര്‍ക്ക് പദ്ധതിയുണ്ട്. ഈ പരീക്ഷണവും വിജയിച്ചാല്‍ തൂത്തന്‍ഖാമന്റെ കല്ലറയോട് ചേര്‍ന്നുള്ള അറകള്‍ തുറക്കുന്നതിനെക്കുറിച്ച് തീരുമാനമെടുക്കും.

king-egypth

ദുരൂഹതകളുടെ കേന്ദ്രമായാണ് തൂത്തന്‍ഖാമന്റെ ശവക്കല്ലറ അറിയപ്പെടുന്നത്. മൂവായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് ദുരൂഹമായി മരണപ്പെട്ട തൂത്തന്‍ഖാമന്റെ മമ്മി രൂപത്തിലുള്ള ശരീരത്തിനൊപ്പം ബലമായി അടക്കം ചെയ്ത ഭടന്മാരുടെ അവശിഷ്ടങ്ങളും ലഭിച്ചിരുന്നു. നെഫെര്‍തിതി രാജ്ഞിയുടെ കല്ലറ കണ്ടെത്താനായാല്‍ ഇരുപത്തിഒന്നാം നൂറ്റാണ്ടിലെ ഏറ്റവും വലിയ പുരാവസ്തു ഗവേഷക നേട്ടമായി ഇത് വിലയിരുത്തപ്പെടും.

തുത്തൻഖാമനും ശവകുടീരവും

വിദേശത്തു നിന്ന് ഒരു സിനിമയിൽക്കയറി വന്ന് നമ്മളെ പേടിപ്പിച്ച ആ രൂപം ഇന്നും പലരുടെയും ഓർമകളിൽ ചെറിയൊരു ഞെട്ടലും സമ്മാനിച്ച് കിടപ്പുണ്ടാകും. തന്റെ കല്ലറ തുറക്കുന്നവരെയെല്ലാം ഒരു ശാപം പോലെ പിന്തുടർന്ന് വന്ന് ഇഞ്ചിഞ്ചായി കൊല്ലപ്പെടുത്തുന്ന ഈജിപ്ഷ്യൻ മമ്മി– തുത്തൻഖാമൻ എന്ന ഈ ഫറവോയുടെ ശാപത്തിന്റെ കെട്ടിച്ചമച്ച കഥകൾ കേൾക്കാത്തവരുണ്ടാവില്ല.

അതിനു തെളിവെന്ന വണ്ണം 1999ൽ ‘ദ് മമ്മി’ എന്ന ഹോളിവുഡ് സിനിമ കൂടി ഇറങ്ങിയതോടെ പേടി പിന്നെയും കൂടി. എന്നാൽ 1922ൽ ആദ്യമായി തുത്തൻഖാമന്റെ ശവകുടീരം കണ്ടെത്തിയ കാലം മുതൽക്കു തന്നെ മമ്മി സിനിമകൾ ലോകത്തിന്റെ ഉറക്കം കെടുത്താനെത്തിയിരുന്നു. മാത്രവുമല്ല, അന്ന് പര്യവേഷണങ്ങൾക്കു നേതൃത്വം വഹിച്ച ബ്രിട്ടിഷുകാരനായ ഹവാർഡ് കാർട്ടറുടെ ഒപ്പമുണ്ടായിരുന്ന മിക്കവരും ദുരൂഹസാഹചര്യത്തിൽ കൊല്ലപ്പെട്ടത്രേ! ചിലർ ആത്മഹത്യ ചെയ്തു. തുത്തൻഖാമന്റെ കുടീരം കണ്ടെത്തി പുറത്തേയ്ക്കിറങ്ങിയപ്പോൾ മണൽക്കാറ്റ് ആഞ്ഞുവീശിയെന്നും മരണത്തിന്റെ പേടിപ്പിക്കുന്ന കരച്ചിലുമായി ഒരു ചെമ്പരുന്ത് ആകാശത്ത് വട്ടമിട്ടു പറന്നതായും ഗവേഷകർ പറഞ്ഞിട്ടുണ്ട്. പലർക്കും അതുകണ്ട് പനിപിടിച്ചെന്നും കഥകൾ.

 Tutankhamun

എന്തൊക്കെയാണെങ്കിലും എല്ലാറ്റിനും നേതൃത്വം നൽകിയ ഹവാർഡ് കാർട്ടറെ മാത്രം ഒരു മമ്മിയും തൊട്ടില്ല, 65–ാം വയസ്സിൽ വാർധക്യസഹജമായ രോഗത്താലായിരുന്നു അദ്ദേഹത്തിന്റെ മരണം. തുത്തൻഖാമനെ അടക്കിയ നിലവറയ്ക്കു സമീപത്തു തന്നെ അദ്ദേഹത്തിന്റെ മാതാവ് നെഫെർതിതി രാജ്ഞിയുടെ ശവകുടീരവുമുണ്ടെന്ന നിഗമനത്തിൽ അരിസോണ സർവകലാശാലയിലെ അധ്യാപകൻ കൂടിയായ ഡോ.നിക്കോളസ് റീവ്സിന്റെ ഗവേഷണം നടത്തിയിരുന്നു. എന്നാൽ നെഫെർതിതി രാജ്ഞിയുടെ കുടീരം ഇതുവരെ കണ്ടെത്താനുമായിട്ടില്ല. ഈജിപ്‌ത് ഭരിച്ചിരുന്ന 18-ാം രാജവംശത്തിലെ അവസാന ഫറവോയായിരുന്നു തുത്തൻഖാമൻ. ബിസി 1322ൽ 19-ാം വയസിൽ ദുരൂഹസാഹചര്യങ്ങളിൽ മരണമടഞ്ഞ അദ്ദേഹത്തിന്റെ കല്ലറ തുറന്നപ്പോൾ പൂർണമായും സ്വർണത്തിൽ പൊതിഞ്ഞ ശവപ്പെട്ടിയും മുഖകവചവും ഉൾപ്പെടെ വിലമതിക്കാനാകാത്ത സ്വർണരൂപങ്ങളായിരുന്നു കണ്ടെടുത്തത്.

 Tutankhamun

പക്ഷേ യഥാർഥത്തിൽ ആ ശവക്കല്ലറ നെഫെർതിതി രാ‍ജ്ഞിയെ അടക്കാൻ വേണ്ടി നിർമിച്ചാതാണെന്നാണു പറയപ്പെടുന്നത്. തുത്തൻഖാമനെ അടക്കിയ നിലവറയുടെ ചുമരുകളിലൊന്നിൽ രഹസ്യമാക്കി വച്ച നിലയിൽ രാജ്ഞിയുടെ ശവകുടീരമുണ്ടെന്നാണ് റീവ്സിന്റെ ഗവേഷണ റിപ്പോർട്ട്. തുത്തൻഖാമന്റെ ശവകുടീരത്തിന്റെ വടക്കും പടിഞ്ഞാറുമുള്ള ചുമരുകളിൽ കോറിവരച്ചിട്ടതു പോലെ കണ്ട ചില അടയാളങ്ങളാണ് ഈ നിഗമനത്തിലേക്ക് നയിച്ചത്. ആ ചുമരുകൾക്കുള്ളിൽ രണ്ട് രഹസ്യശവകുടീരങ്ങളുണ്ടെന്നാണ് കരുതുന്നത്. ഒന്ന് രാഞ്ജിയുടെ, മറ്റൊന്ന് ഏതെന്ന് മനസിലാക്കാനായിട്ടില്ല. ശവകുടീരത്തിന്റെ മേൽക്കൂര ഈ രണ്ട് ചുമരുകൾക്ക് മുകളിലേക്ക് നീട്ടിയിരിക്കുന്നതും സംശയം ജനിപ്പിക്കുന്നു.