Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യുഎഇയിലെ ഫാത്തിമയുടെ സ്വപ്നം പൂവണിയട്ടെ...

uae-students

ബഹിരാകാശ രംഗത്ത് ലോകം ഏറെ പുരോഗമിച്ചു. ഓരോ ദിവസവും പുതിയ കണ്ടെത്തലുകളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. നാസയും ഇഎസ്എയും ഐഎസ്ആർഒയും ഈ രംഗത്ത് ഏറെ മുന്നിലെത്തി കഴിഞ്ഞു. ലോകശക്തികൾക്കൊപ്പം പോരാടാൻ അറബ് രാജ്യങ്ങൾ മുന്നിട്ടിറങ്ങി കഴിഞ്ഞു. ബഹിരാകാശത്ത് ശക്തമായ മുന്നേറ്റം നടത്താൻ തന്നെയാണ് യുഎഇയുടെയും ലക്ഷ്യം. ഇതിനായി നിരവധി പദ്ധതികളാണ് എമിറേറ്റ്സ് മുന്നോട്ടുവച്ചരിക്കുന്നത്. ചൊവ്വയെ കീഴടക്കുക എന്നതു വരെ അവരുടെ ലക്ഷ്യങ്ങളിലൊന്നാണ്.

uae-mars

ഈ മേഖലയിൽ അത്ര താൽപര്യം കാണിക്കാതിരുന്ന യുഎഇ അടുത്തിടെ സ്പേസ് പഠനത്തിനായി ഖലീഫ സർവകലാശാലയിൽ പ്രത്യേകം വിഭാഗം തന്നെ തുടങ്ങി. നിരവധി വിദ്യാർഥികളാണ് ഇവിടെ പഠിക്കുന്നത്. എന്നാൽ പഠിക്കുന്നവരിൽ ഭൂരിഭാഗവും പെൺകുട്ടികളാണെന്നത് മറ്റൊരു ശുഭവാർത്തയാണ്. ഖലീഫ സർവകലാശാലയിലെ സ്പേസ് ലാബിൽ ബഹിരാകാശം സ്വപ്നം കണ്ടു പഠിക്കുന്ന 65 പെൺകുട്ടികൾ ഉണ്ടെന്നാണ് ദി നാഷണൽ പത്രം റിപ്പോർട്ട് ചെയ്യുന്നത്.

അവരിൽ മിക്കവരുടെയും സ്വപ്നം ബഹിരാകാശ യാത്ര തന്നെയാണ്. ഖലീഫ സർവകലാശാലയിലെ ഫാത്തിമയും അതുതന്നെയാണ് സ്വപ്നം കാണുന്നത്. ബഹിരാകാശത്ത് പോകുന്നത് ഫാത്തിമയ്ക്ക് എന്നും വലിയ സ്വപ്നമായിരുന്നു. കുട്ടിയായിരുന്നപ്പോള്‍ മുതല്‍ അവളുടെ ചുറ്റും, അവളെ സ്വപ്‌നങ്ങള്‍ നെയ്യിക്കാന്‍ ധാരാളം ശാസ്ത്രപുസ്തകങ്ങള്‍ ഉണ്ടായിരുന്നു. നക്ഷത്രശാസ്ത്രവും സ്‌പേസും, ബഹിരാകാശയാത്രകളും വിശദീകരിക്കുന്ന ആ പുസ്തകങ്ങള്‍ അവളെ നാസയിലെത്താന്‍ മോഹിപ്പിച്ചു.

mars-vision

21കാരിയായ ഫാത്തിമ സ്വതാൽപര്യപ്രകാരമാണ് ബഹിരാകാശ മേഖലയെ കുറിച്ച് പഠിക്കാനിറങ്ങിയത്. 'ഞാന്‍ ഇവിടത്തെ സ്‌പേസ് ഏജന്‍സിയുടെ ഭാഗമാകുവാന്‍ ആഗ്രഹിക്കുന്നു' ഇതാണ് ഇപ്പോള്‍ എയ്‌റോ സ്‌പേസ് എൻജിനീയറിംഗ് വിദ്യാര്‍ഥിനി ഫാത്തിമയ്ക്ക് പറയാനുള്ളത്. ബോയിംഗ് സ്‌പോണ്‍സര്‍ ചെയ്യുന്ന ക്യൂബ്‌സാറ്റ് പ്രോജക്റ്റിലാണ് ഫാത്തിമയുടെ പഠനം. ഇതാകട്ടെ, യുഎഇയുടെ സ്‌പേസ് ഏജന്‍സിയുമായി സഹകരിച്ചാണ് പ്രവര്‍ത്തിക്കുന്നതും.

'കുട്ടിയായിരുന്നപ്പോള്‍ തന്നെ ആകാശത്തെ ഇഷ്ടപ്പെട്ടിരുന്നു. നക്ഷത്രശാസ്ത്രം പഠിക്കുവാന്‍ ആഗ്രഹിക്കുകയും ചെയ്തു. അമേരിക്കയില്‍ പോയി സ്‌പേസ് പഠനം നടത്തണമെന്ന് ഏഴു വയസ്സുള്ളപ്പോള്‍ മാതാപിതാക്കളോട് പറഞ്ഞിരുന്നു. പക്ഷേ, അവര്‍ അന്ന് എന്നോട് പറഞ്ഞത് ഡോക്ടറോ എൻജിനീയറോ ആകാനായിരുന്നു. അതായിരിക്കും എനിക്കെളുപ്പം എന്നാണു അവര്‍ എന്നോട് പറഞ്ഞത്'. കുട്ടിക്കാലത്തെപ്പറ്റി ഇങ്ങനെ പറയുന്ന ഫാത്തിമ, പക്ഷേ, തന്നെപ്പറ്റിയുള്ള മാതാപിതാക്കളുടെ ധാരണകളെ തിരുത്തുക തന്നെ ചെയ്തു, എന്ന് മാത്രമല്ല, അന്നത്തെ സ്വന്തം സ്വപ്‌നങ്ങള്‍ സാക്ഷാല്‍ക്കരിക്കുന്നതില്‍ അവള്‍ മാതാപിതാകളെ ഒപ്പം നിര്‍ത്തുന്നു. ധാരാളം ശാസ്ത്രപുസ്തകങ്ങള്‍ വായിച്ച തന്റെ ഉള്ളില്‍ നാസയില്‍ ചേരണമെന്നും ഒരുനാള്‍ ഒരു ബഹിരാകാശയാത്രികയാകണമെന്നുമുള്ള സ്വപ്‌നങ്ങള്‍ ആണെന്ന് ഫാത്തിമ തുറന്നുപറയുന്നു. 'എന്റെ വഴി ശരിയെന്ന് ഞാന്‍ തിരിച്ചറിയുന്നു'.

uae-leaders

ഈ സ്വപ്നങ്ങളുള്ള ഫത്തിമയ്ക്കും സഹപാഠികള്‍ക്കും നിറഞ്ഞ പിന്തുണയാണ് അവരുടെ സ്ഥാപനത്തില്‍ നിന്നും ലഭിക്കുന്നത്. യുഎഇയുടെ സ്‌പേസ് ടെക്‌നോളജിയുമായും ബഹിരാകാശ ലക്ഷ്യങ്ങളുമായും സ്‌പേസ് ലാബ് സഹകരിക്കുന്നുണ്ട്. യുഎഇയുടെ സ്‌പേസ് മിഷനുകള്‍ക്കായി കൂടുതല്‍ വൈദഗ്ധ്യം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തിലാണ് സ്‌പേസ് ലാബ് തുടങ്ങിയത്. ഉപഗ്രഹങ്ങള്‍ പോലുള്ള സംവിധാനങ്ങൾ ബഹിരാകാശത്ത് എത്തിക്കേണ്ട വസ്തുക്കളുടെയും യാനങ്ങളുടെയും ചലനം പോലുള്ള കാര്യങ്ങളില്‍ പഠനം നടത്താനുള്ള അതിസാങ്കേതികത സംവിധാനങ്ങൾ ഖലീഫ സർവകലാശാലയിലുണ്ട്.

ബഹിരാകാശ സാങ്കേതികതയില്‍ ഉപയുക്തമാക്കേണ്ട ആല്‍ഗരിതങ്ങള്‍, ഹാര്‍ഡ്‌വെയറുകള്‍ തുടങ്ങിയവയുടെ പരീക്ഷണങ്ങള്‍ക്കും സ്‌പേസ് ലാബിന് സഹായിക്കാൻ കഴിയും. യുഎഇയുടെ ഭാവി ബഹിരാകാശ പദ്ധതികളുടെ രൂപകല്‍പ്പനയും നിര്‍വ്വഹണവും സാധ്യമാക്കാന്‍ കഴിയുന്ന രീതിയിലാണ് ഇവിടത്തെ കുട്ടികളെ പഠിപ്പിക്കുന്നത്.

uae-students-1

ഫാത്തിമയെ പോലെ ബഹിരാകാശ സ്വപ്നങ്ങളുമായി നടക്കുന്ന നിരവധി വിദ്യാർഥിനികൾ യുഎഇയിലുണ്ട്. ഖലീഫ സർവകലാശാലയിലെ 100 പേരിൽ അറുപത്തിയഞ്ചുപേരും പെണ്‍കുട്ടികളാണെന്നത് അദ്ഭുതമാണ്. അതെ, ഒരു ബഹിരാകാശപ്പെണ്‍പടയാണ് യുഎഇയിൽ വളർന്നുവരുന്നത്.

related stories
Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.