Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒരു ഫെയ്സ്ബുക്ക് ഫ്രണ്ട് റിക്വസ്റ്റിന്റെ വില 3.64 കോടി രൂപ, ഇങ്ങനെയും സൗഹൃദം!

facebook-notifications-tool

കഴിഞ്ഞ വര്‍ഷമാണ് മെല്‍ബണിലെ ജെന്നിഫര്‍ ഷെൻ ‍(പേര് യഥാര്‍ഥമല്ല) അമേരിക്കയിലെ ഒരു ഡോക്ടറുമായി ഫെയ്സ്ബുക്കില്‍ സൗഹൃദത്തിലായത്. സാധാരണ കാര്യമായേ 61 വയസുളള ജെന്നിഫര്‍ ഈ ഫ്രണ്ട് റിക്വസ്റ്റ് കരുതിയുളളു. അക്യുപങ്ചര്‍ ബിസിനസ് നടത്തുന്ന ജെന്നിഫറിന് പിന്നീടങ്ങോട്ട് ദിവസവും ഡോക്ടറുടെ സന്ദേശങ്ങള്‍ വരാന്‍ തടങ്ങി. അതിലും ജെന്നിഫറിന് ഒരു അസ്വാഭാവികതയും തോന്നിയില്ല. എന്നാല്‍ ആ സന്ദേശങ്ങള്‍ ഒരു കെണിയായിരുന്നെന്ന് അറിയാന്‍ അവര്‍ ഒരുപാട് വൈകിപ്പോയി. അപ്പോഴേയ്ക്കും 570,000 ഡോളർ ‍(ഏകദേശം 3.64 കോടിരൂപ) നഷ്ടമായിരുന്നു. 

ആഫ്രിക്കയില്‍ നിന്നുളള ഇന്റര്‍നെറ്റ് തട്ടിപ്പ് വീരന്‍മാരാണ് ജെന്നിഫറിനെ കുടുക്കിയതെന്നാണ് സൂചന. അമേരിക്കന്‍ ഓര്‍ത്തോപീഡിക് സര്‍ജന്‍ ഡോ. ഫ്രാങ്ക് ഹാരിസണ്‍, മലേഷ്യന്‍ കസ്റ്റംസ് ഓഫീസറായ മിഷേല്‍ ടാന്‍, ഒസിബിസി മലേഷ്യന്‍ ബാങ്കിലെ രാജാ ബിന്‍ അബ്ദുളള എന്നീ പേരുകളിലാണ് തട്ടിപ്പുകാരെത്തിയത്. ഡോക്ടര്‍ ഫ്രാങ്ക് ഹാരിസണാണ് ജന്നിഫറുമായി ഫെയ്സ്ബുക്കില്‍ സൗഹൃദത്തിലായത്. മറ്റൊരു ഡോക്ടറിന്റെ ചിത്രം വച്ചായിരുന്നു ഇയാളുടെ കളി.

നവംബറിലാണ് തട്ടിപ്പിന്റെ കഥ ആരംഭിക്കുന്നത്. ഡോക്ടറുമായി സൗഹൃദത്തിലായതിനു ശേഷം ഓസ്‌ട്രേലിയയിലേയ്ക്ക് വന്ന് ബിസിനസ് തുടങ്ങുന്നതിനെ കുറച്ച് ആലോചിക്കുന്നുണ്ടെന്ന് അയാള്‍ പറഞ്ഞു. ജെന്നിഫറിനെ നേരില്‍ കാണണമെന്ന്. പിന്നീട് അതേമാസം ഒരു ദിവസം ജെന്നിഫറിന് ഒരു ഫോണ്‍ കോള്‍ വന്നു, താന്‍ ഒരു എയര്‍പോര്‍ട്ടിലാണ് ചില പ്രശ്‌നങ്ങളിലാണെന്നെല്ലാം പറഞ്ഞ്. 1.5 ദശലക്ഷം യുഎസ് ഡോളര്‍ കൊണ്ടാണ് താന്‍ വന്നതെന്നും ഇത് വലിയൊരു തുകയായതിനാല്‍ കസ്റ്റംസ് പിടിച്ചുവെന്നും പറഞ്ഞു. വലിയ ഒരു തുക പിഴ അടക്കാന്‍ ഇവര്‍ ആവശ്യപ്പെട്ടിരിക്കുകയാണെന്നും ഡോക്ടര്‍ ഫ്രാങ്ക് ഹാരിസണ്‍ പറഞ്ഞു.

പിന്നീട് മിഷേല്‍ ടാന്‍ എന്ന് പരിചയപ്പെടുത്തി ഒരു യുവതി ജെന്നിഫറിനെ വിളിച്ചു. മൂവായിരം ഡോളര്‍ അടച്ചാല്‍ ഡോക്ടറെ വെറുതെവിടാമെന്ന് പറഞ്ഞു. അവരുടെ സംസാരം കേട്ടപ്പോള്‍ എല്ലാം സത്യമാണെന്ന് വിശ്വസിച്ചു. മാത്രമല്ല ചെറിയൊരു തുകയല്ലെ ആവശ്യപ്പെട്ടുളളു എന്ന് കരുതി ജെന്നിഫര്‍ പണം നല്‍കി. തുടര്‍ന്ന് പല കാരണങ്ങള്‍ പറഞ്ഞ് 5000, 10000, 20000, 30000 എന്നിങ്ങനെ ഡോളര്‍ തട്ടി. അങ്ങനെ 33 തവണ ജെന്നിഫറില്‍ നിന്ന് അവര്‍ പണം വാങ്ങി. സെക്യൂരിറ്റി ഫീസ്, സ്റ്റാമ്പ് ഡ്യൂട്ടി, നിയമപരമായ കാര്യങ്ങള്‍ക്ക് എന്നൊക്കെ പറഞ്ഞായിരുന്നു ഇത്. 

ഈ പണം കൂടി അടച്ചാല്‍ പിടിച്ചുവെച്ച 1.5 മില്ല്യണ്‍ ഡോളര്‍ വിട്ടുകൊടുക്കും. അതോടെ ജെന്നിഫറിന് ചിലവായത് തിരികെകൊടുക്കും എന്നായിരുന്നു ഡോക്ടര്‍ പറഞ്ഞത്. ഒരുപാട് പണം തന്റെ കയ്യില്‍ നിന്ന് പോവുമ്പോഴും പേടികാരണം ഭര്‍ത്താവിനോട് പോലും പറഞ്ഞില്ല. ഒടുവില്‍ പറയാതിരിക്കാനാവാത്ത നിലയെത്തിയപ്പോഴേക്കും വലിയൊകു തുക തട്ടിപ്പുകാരുടെ കയ്യിലായിരുന്നു. ഏതായാലും ഇനിയൊരാള്‍ക്കും ഇതുപോലൊരു അബദ്ധം പറ്റാതിരിക്കട്ടെയെന്നാണ് ജെന്നിഫറിന്റെ പ്രാര്‍ഥന. സംഭവത്തെകുറിച്ച് പൊലീസ് അന്വേഷിക്കുന്നുണ്ട്. ഫ്രാങ്ക് ഹാരിസണ്‍ എന്ന് പേരുളള ഒരാളെ മലേഷ്യൻ പൊലീസ് ഇതുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിട്ടുണ്ട്.

related stories