Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വോട്ട് പെട്ടിയിലാകും മുന്‍പെ ബിജെപി വിജയിച്ചു, തന്ത്രം മോദിയുടേത്?

modi-Siddaramaiah

കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് പെട്ടിയിൽ വീഴും മുന്‍പെ വിജയിച്ചത് ബിജെപി. ഓൺലൈനിൽ വൻ ക്യാംപയിന് നേതൃത്വം നൽകിയ ബിജെപി തന്നെയാണ് എല്ലാ മേഖലകളിലും വിജയിച്ചത്. ലോകത്തെ ആദ്യ വാട്സാപ്പ് ഇലക്ഷൻ എന്ന് വിദേശ മാധ്യമങ്ങൾ വരെ നിരീക്ഷിച്ച കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ സോഷ്യൽമീഡിയയിൽ വിജയിച്ചതും മോദിയുടെ അണികള്‍ തന്നെയാണ്.

കർണാടക നിയമസഭാ തിരഞ്ഞെടുപ്പു പോസ്റ്റുകളിൽ മൈക്രോ ബ്ലോഗിങ് വെബ്സൈറ്റായ ട്വിറ്ററിൽ നിറഞ്ഞുനിന്നത് ബിജെപിയാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. കർണാടക നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഏകദേശം 30 ലക്ഷം ട്വീറ്റുകളാണ് പോസ്റ്റ് ചെയ്തത്. മൂന്നു ആഴ്ചത്തെ കണക്കാണിത്.

ട്വിറ്റർ പോസ്റ്റുകളിൽ 51 ശതമാനം ബിജെപിയും 42 ശതമാനം കോൺഗ്രസ്സും ഏഴു ശതമാനം ജെഡിഎസും കൈയ്യടക്കി. ഏപ്രിൽ 25 മുതൽ മേയ് 15 വരെയുള്ള കണക്കുകളാണിത്. ഈ തിരഞ്ഞെടുപ്പിൽ ട്വിറ്ററിൽ നിറഞ്ഞുനിന്ന വ്യക്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ട സ്ഥാനാർഥി സിദ്ധരാമയ്യയാണ്.

Narendra Modi

#KarnatakaVerdict എന്ന ഹാഷ്ടാഗാണ് വോട്ടെണ്ണൽ നടക്കുന്ന ദിവസം ഏറ്റവും കൂടുതൽ ഉപയോഗിച്ചത്. കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ കൂടുതൽ ഉപയോഗിച്ച ഹാഷ്ടാഗ് #KarnatakaElections2018 ആണ്. സോഷ്യൽമീഡിയയിൽ സജീവമായ മോദി തന്നെയാണ് കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ ട്വിറ്ററും വാട്സാപ്പും ഫെയ്സ്ബുക്കും സജീവമായി ഉപയോഗിക്കാൻ ആഹ്വാനം ചെയ്തത്. ഇത് വിജയിക്കുകയും ചെയ്തു.

50,000 വാട്സാപ്പ് ഗ്രൂപ്പുകൾ

രാജ്യം ഉറ്റുനോക്കിയ നിർണായകമായ കർണാടക നിയമസഭ തിരഞ്ഞെടുപ്പിൽ ബിജെപി തകർപ്പൻ ജയം നേടി. വിജയത്തെ വിദേശ മാധ്യമങ്ങളെല്ലാം വിശേഷിപ്പിച്ചത് സോഷ്യല്‍മീഡിയയുടെ വിജയമെന്നാണ്. ഇന്ത്യയിലെ ആദ്യ 'വാട്സാപ്പ് തിരഞ്ഞെടുപ്പിൽ' ബിജെപി വിജയിച്ചുവെന്നാണ് ട്വിറ്ററും ഫെയ്സ്ബുക്കും വിലയിരുത്തുന്നത്. ഗ്രാമങ്ങളിലെ മുക്കിലും മൂലയിലും ഇന്റർനെറ്റും സ്മാർട് ഫോണുകളും എത്തിയതോടെ വീടുകൾ കയറി ഇറങ്ങിയുള്ള വോട്ടു പിടുത്തം വേണ്ടി വന്നില്ല. എല്ലാം വാട്സാപ്പ് വഴി ജനങ്ങളിലേക്ക് ഒഴുകി.

കർണാടകയിൽ മാത്രം ഒരു ലക്ഷത്തോളം വാട്സാപ്പ് ഗ്രൂപ്പുകളാണ് തിരഞ്ഞെടുപ്പിനായി കോൺഗ്രസ്സും ബിജെപിയും ഉപയോഗപ്പെടുത്തിയത്. തിരഞ്ഞെടുപ്പ് കമ്മീഷന് പോലും നിയന്ത്രിക്കാൻ സാധിക്കാത്ത രീതിയിലാണ് വാട്സാപ്പ് വഴി പോസ്റ്റുകളും വിഡിയോകളും പ്രചരിച്ചത്. ബിജെപിക്ക് വേണ്ടി മാത്രം 50,000 വാട്സാപ്പ് ഗ്രൂപ്പുകൾ ഉണ്ടായിരുന്നു എന്നാണ് റിപ്പോർട്ട്. ഈ ഗ്രൂപ്പുകൾ വഴി വോട്ടർമാരിലേക്ക് ദിവസവും നൂറായിരം സന്ദേശങ്ങളാണ് കൈമാറിയത്. ഇരു പാർട്ടികളും വ്യാജ വാർത്തകളും കണക്കുകളും നിരത്തി ഗ്രാമീണ വോട്ടർമാരെ വഴിതിരിച്ചുവിടാനും ശ്രമം നടത്തി. എന്തായാലും ‘വാട്സാപ്പ് തിരഞ്ഞെടുപ്പ്’ ൽ വിജയിച്ചത് ബിജെപി തന്നെ.

വാട്സാപ്പ് വഴി വ്യാജ വാർത്തകൾ പ്രചരിച്ചതിനെ തുടർന്ന് വോട്ടർമാർക്കിടയിൽ കലഹം വരെ നടന്നു. ഇക്കാര്യങ്ങളെല്ലാം ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അമേരിക്കൻ തിരഞ്ഞെടുപ്പിൽ ഫെയ്സ്ബുക്ക് വഴി വ്യാജ പോസ്റ്റുകൾ പ്രചരിപ്പിച്ചാണ് ട്രംപ് അധികാരത്തിൽ വന്നത്. സമാനമായ സംഭവമാണ് ഇന്ത്യയിലെ തിരഞ്ഞെടുപ്പുകളിൽ നടക്കുന്നതും നടക്കാൻ പോകുന്നതെന്നുമാണ് വിദേശ മാധ്യമങ്ങൾ നിരീക്ഷിക്കുന്നത്.

രാജ്യത്ത് വരാനിരിക്കുന്ന വൻ തിരഞ്ഞെടുപ്പിന്റെ മുന്നോടിയായുള്ള വാട്സാപ്പ്, ഫെയ്സ്ബുക് പരീക്ഷണമാണ് ഇരു പാർട്ടികളും കർണാടകയിൽ നടത്തിയിരിക്കുന്നത്. തിരഞ്ഞെടുപ്പുകളിൽ ഫെയ്സ്ബുക്, വാട്സാപ്പ് നിയന്ത്രിക്കുമെന്ന് അധികാരികളും സക്കർബർഗും പറഞ്ഞിരുന്നുവെങ്കിലും കർണാടകയിൽ ഒരു നിയന്ത്രണവും ഇല്ലാതെയാണ് കാര്യങ്ങൾ മുന്നോട്ടു പോയത്. വ്യാജ വാർത്തകളുടെയും എക്സിറ്റ് പോൾ റിപ്പോർട്ടുകളുടെയും പ്രളയമായിരുന്നു വാട്സാപ്പ് ഗ്രൂപ്പുകളിൽ.

വരർഗീയ ലഹളകളുണ്ടാക്കാൻ വാട്സാപ്പ് ഗ്രൂപ്പുകൾ ഉപയോഗപ്പെടുത്തി എന്ന കാര്യം വിദേശമാധ്യമങ്ങൾ തെളിവു സഹിതം വെളിപ്പെടുത്തുന്നുണ്ട്. ഇതിലൂടെ വോട്ടർമാരുടെ രാഷ്ട്രീയ ചിന്തകൾക്ക് മാറ്റം വന്നിരിക്കാമെന്നും മാധ്യമങ്ങൾ നിരീക്ഷിക്കുന്നുണ്ട്.

INDIA-WHATSAPP/

വാട്സാപ്പ് ഗ്രൂപ്പുകൾക്ക് കൂടുതൽ നിയന്ത്രണം കൊണ്ടുവരുമെന്നാണ് അടുത്തിടെ വന്ന റിപ്പോർട്ട്. അഡ്മിന് കൂടുതൽ അധികാരം നൽകുന്ന ഫീച്ചർ അടുത്ത തിരഞ്ഞെടുപ്പ് വരും മുൻപെ വാട്സാപ്പിൽ വരുമെന്നാണ് കരുതുന്നത്. ഇല്ലെങ്കിൽ വാട്സാപ്പും ഫെയ്സ്ബുക്കും വ്യാജ വാർത്തകളുടെ കേന്ദ്രമാകും. ഇന്ത്യയിലെ എല്ലാ ഭാഷകളിലെയും പോസ്റ്റുകൾ വാട്സാപ്പ്, ഫെയ്സ്ബുക്ക് അധികൃതർക്ക് സമയത്തിന് നിരീക്ഷിക്കാനും നിയന്ത്രിക്കാനും കഴിയുന്നില്ല. ഇതെല്ലാം അടുത്ത രാജ്യസഭാ തിരഞ്ഞെടുപ്പിൽ വൻ വെല്ലുവിളി തന്നെയായിരിക്കും.

related stories